Kerala
മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍; എം എ ഷഹനാസിനെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കി
സ്ത്രീകള്‍ക്കു വേണ്ടി സംസാരിച്ചതിന്റെ പേരില്‍ എന്തു നടപടിയുണ്ടായാലും അതില്‍ അഭിമാനിക്കുന്നുവെന്ന് ഷഹനാസ് പ്രതികരിച്ചു
കോഴിക്കോട് | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും എതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ കെ പി സി സി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയും എഴുത്തുകാരിയുമായ എം എ ഷഹനാസിനെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കി.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പിൽനിന്നാണ് തന്നെ പുറത്താക്കിയതെന്ന് ഷഹനാസ് പറഞ്ഞു. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നിർദേശപ്രകാരമാണ് ഇതെന്നും ഷഹനാസ് പറഞ്ഞു.
സ്ത്രീകള്‍ക്കു വേണ്ടി സംസാരിച്ചതിന്റെ പേരില്‍ എന്തു നടപടിയുണ്ടായാലും അതില്‍ അഭിമാനിക്കുന്നുവെന്ന് ഷഹനാസ് പ്രതികരിച്ചു. മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും ഷഹനാസ് പ്രതികരിച്ചിരുന്നു.
രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി. താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്ത് വിടുമെന്നും പാര്‍ട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.
രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമായിരുന്നു ഷഹനാസിന്റെ വെളിപ്പെടുത്തല്‍. കര്‍ഷക സമരത്തിനു ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്ന ഷഹനാസിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു.


