National
സിവില്‍ സര്‍വീസ് ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു
എ ഐ സി സി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി | കേന്ദ്ര ബി ജെ പി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ ഐ സി സി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്ന് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു്.
2019-ല്‍ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് സിവില്‍ സര്‍വീസില്‍ നിന്ന് അദ്ദേഹം രാജിവച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കണ്ണന്‍ ഗോപിനാഥന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയില്‍ നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരോ നയങ്ങള്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റപത്രം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായ കളയാന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം.
വിവിധ ഭാഷകള്‍ വഴങ്ങുന്നതിനാല്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതു മേഖലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഐ എ എസ് ഉപേക്ഷിച്ച് എം എല്‍ എ ആകുക എന്ന ആഗ്രഹമല്ല രാഷ്ട്രീയത്തില്‍ ചേരുന്നതിനു പിന്നില്‍ എന്നും അദ്ദേഹം പ്രതികരിച്ചു.