Connect with us

Articles

ചോരപുരളുന്ന നൊബേല്‍

ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന നെതന്യാഹുവിനെ സ്വാതന്ത്ര്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കുന്ന മരിയ കൊറീന മചാഡോക്ക് സമാധാന നൊബേല്‍ നല്‍കുമ്പോള്‍ ചില അട്ടിമറികൾ സംഭവിക്കുന്നു. ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണവും വേദനയും ആ മനുഷ്യരുടെ നില്‍ക്കക്കള്ളിയില്ലായ്മയും നിസ്സാരമാക്കിക്കളയുന്നു. പുരസ്‌കാര സമിതിയുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു.

Published

|

Last Updated

നൊബേല്‍ സമ്മാനം ഇത്തവണ വലിയ ചര്‍ച്ചയായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളുടെ പേരിലായിരുന്നു. എന്തൊക്കെ ദോഷം പറഞ്ഞാലും ട്രംപിന് മനസ്സിലുള്ളത് ഒളിപ്പിക്കാനറിയില്ലെന്ന് സമ്മതിച്ചേ തീരൂ. വെട്ടിത്തുറന്നങ്ങ് പറയും. ഏത് അസംബന്ധവും എഴുന്നള്ളിക്കും. സ്വയം പ്രശംസ നടത്തുന്നതിലും യാതൊരു പിശുക്കുമില്ല. ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. സമാധാന നൊബേല്‍ എനിക്കല്ലാതെ ആര്‍ക്ക് നല്‍കാനാണ് എന്ന തരത്തിലായിരുന്നു ട്രംപിന്റെയും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങള്‍. പാകിസ്താനടക്കം പലരോടും നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹം. അവസാനിപ്പിച്ച യുദ്ധങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ- പാക് സംഘര്‍ഷവുമുണ്ട്. ഗസ്സയില്‍ നിന്ന് തത്കാലം തടിയൂരാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വഴിയൊരുക്കിക്കൊടുത്ത വെടിനിര്‍ത്തല്‍ പദ്ധതിയും നൊബേലിനുള്ള യോഗ്യതയായാണ് എണ്ണുന്നത്. തന്റെ ഒന്നാമൂഴത്തില്‍ തന്നെ ഈ പുരസ്‌കാരത്തിന് കരുനീക്കിയയാളാണ് ട്രംപ്. ഒബാമക്ക് നൊബേല്‍ കൊടുത്തത് എന്തിനെന്ന ചോദ്യവും ട്രംപ് ഉയര്‍ത്തിയതാണ്. അമേരിക്കയെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമക്ക് പുരസ്‌കാരം നല്‍കിയെന്നായിരുന്നു ട്രംപിന്റെ അധിക്ഷേപം.
ഏതായാലും പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ ട്രംപിനില്ല. അദ്ദേഹത്തിന് പക്ഷേ, നിരാശയില്ല. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോക്ക് കിട്ടിയ നൊബേല്‍ തനിക്ക് കിട്ടിയതിന് തുല്യമാണെന്നും താന്‍ അവരെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞ് ട്രംപ് സമാധാനിച്ചു. തന്റെ പുരസ്‌കാരം ട്രംപിന് സമര്‍പ്പിക്കുന്നുവെന്ന് മരിയയും പറഞ്ഞു. അവിടെ അവസാനിപ്പിക്കാവുന്നതാണ് ആ എപിസോഡ്. അല്ലെങ്കില്‍ ആര്‍ക്കൊക്കെ കിട്ടിയതാണ് ഈ പുരസ്‌കാരം? അവരൊക്കെ പരമയോഗ്യരായിരുന്നോ? പ്രശ്‌നമതല്ല. നൊബേലിന്റെ രാഷ്ട്രീയം തിരിച്ചറിയാതെ, പുരസ്‌കാരത്തിളക്കത്തില്‍ നില്‍ക്കുന്ന മരിയ കൊറീന മചാഡോയെപ്പോലുള്ളവരെ ജനാധിപത്യത്തിന്റെ വിശുദ്ധ മാലാഖയെന്നൊക്കെ വിശേഷിപ്പിച്ച് കുറേ പേര്‍ വാഴ്ത്തുപാട്ടുമായി ഇറങ്ങുന്നിടത്താണ് പ്രശ്‌നം. അപ്പോള്‍ നൊബേലിന്റെ ലക്ഷ്യവും തിരഞ്ഞെടുപ്പിലെ യുക്തിയും വീണ്ടും ചര്‍ച്ച ചെയ്‌തേ തീരൂ.

വെനസ്വേലയെന്ന ലാറ്റിനമേരിക്കന്‍ രാജ്യം എക്കാലത്തും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മറുവശത്തായിരുന്നു. ഹ്യൂഗോ ഷാവേസിന്റെ കാലത്തും ഫിഡല്‍ കാസ്‌ട്രോയുടെയും റൗള്‍ കാസ്‌ട്രോയുടെയും കാലത്തും ക്യൂബയെയും വെനസ്വേലയെയും തകര്‍ത്തെറിയാന്‍ യു എസ് നടത്താത്ത കുത്തിത്തിരിപ്പുകളൊന്നുമില്ല. വെനസ്വേലയിലെ ഇപ്പോഴത്തെ ഭരണാധികാരിയായ നിക്കോളാസ് മദുറോയും ഇതെല്ലാം അനുഭവിക്കുന്നു. മദുറോ ജനാധിപത്യവാദിയൊന്നുമല്ല. വിമതരെ വേട്ടയാടുന്നതില്‍ ഒരു മയവുമില്ലാത്തയാളാണ് താനും. പക്ഷേ, അദ്ദേഹം ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണത്തലവനാണ്. ഒരു രാജ്യത്തെ ഭരണം അട്ടിമറിക്കാന്‍ മറ്റൊരു രാജ്യത്തിന് എന്തവകാശം എന്നതാണ് ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോഴാണ് മരിയ കൊറീനയുടെ “യോഗ്യത’ മനസ്സിലാകുക. മരിയ പറയുന്ന ജനാധിപത്യം പൂര്‍ണമാകണമെങ്കില്‍ മദുറോ താഴെയിറങ്ങണം. എന്നുവെച്ചാല്‍ അവരുടെ പോരാട്ടത്തിന്റെ ഗുണഭോക്താവ് അമേരിക്കയാണ്. ട്രംപിന്റെയും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും നിലപാടുകളെ അകമഴിഞ്ഞ് പിന്തുണച്ചവരാണവര്‍. യു എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ട്രംപിനെ അഭിനന്ദിച്ച നേതാക്കളില്‍ മചാഡോയുമുണ്ടായിരുന്നു. “ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ ആശ്രയിച്ചിട്ടുണ്ടെ’ന്നായിരുന്നു അവരുടെ സന്ദേശം. എന്താണ് ആ പറഞ്ഞ ആശ്രയം?

ഇസ്റാഈലിന്റെ ഗസ്സാ വംശഹത്യക്കെതിരെ മൗനം പാലിച്ച മരിയ നെതന്യാഹു ഭരണകൂടത്തിന് പിന്തുണ നല്‍കിയിരുന്നുവെന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്ന ഗുരുതരമായ വിമര്‍ശം. 2021ലെ ട്വീറ്റില്‍ അവര്‍ ഇസ്‌റാഈലിനെ വിശേഷിപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ കൂട്ടാളിയെന്നാണ്. വെനസ്വേലയിലെ ക്രിമിനല്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ ഇസ്‌റാഈലിന്റെ ബുദ്ധിയും ശക്തിയും വിനിയോഗിക്കണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മഹാ ഭീകരനായി അവതരിപ്പിക്കപ്പെടുന്ന മദുറോ ഗസ്സാ വംശഹത്യയോടുള്ള വിസമ്മതം രേഖപ്പെടുത്താന്‍ ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചയാളാണ്. വെനസ്വേലയില്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഇസ്റാഈലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു മരിയ കൊറീന. ജറൂസലമിലേക്ക് എംബസി മാറ്റുമെന്നും അവര്‍ തുറന്നടിച്ചിട്ടുണ്ട്. ഏത് ജറൂസലം? നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട പ്രദേശം. മസ്ജിദുല്‍ അഖ്‌സ നില്‍ക്കുന്ന ഇടം. അവിടേക്ക് ഇസ്‌റാഈല്‍ തലസ്ഥാനം മാറ്റുന്നതിനെ പിന്തുണക്കുന്ന യു എസ് ആക്ടില്‍ ഒപ്പുവെച്ചയാളാണ് ട്രംപ്. വെറുതെയല്ല മരിയ കൊറീനക്ക് പുരസ്‌കാരം കൊടുക്കുന്നത് തനിക്ക് തരുന്നതിന് തുല്യമെന്ന് ട്രംപ് പറഞ്ഞത്. സത്യത്തില്‍ വെനസ്വേലയിലെ പ്രതിപക്ഷ ഗ്രൂപ്പുകളില്‍ നിന്ന് തന്നെ മരിയക്കെതിരെ ചോദ്യങ്ങളുയരുന്ന ഘട്ടമാണിത്. വെനസ്വേലന്‍ പൗരന്മാരെ അനധികൃത കുടിയേറ്റ ചാപ്പയടിച്ച് വിജന ദ്വീപില്‍ തള്ളിയ ട്രംപിനോട് അടുപ്പമുള്ള മരിയയെ ഒറ്റപ്പെടുത്തണമെന്നാണ് മദുറോവിരുദ്ധര്‍ പോലും പറയുന്നത്.
ലോകത്തെ ഏറ്റവും “കനപ്പെട്ട’ പുരസ്‌കാരമാണ് നൊബേല്‍. അത് ഒരു മുതല്‍ മുടക്കാണ്. എല്ലാ മുതല്‍ മുടക്കുകളും ലാഭനഷ്ടങ്ങള്‍ നോക്കിയാണല്ലോ. പാശ്ചാത്യ മൂല്യബോധത്തിനും മേല്‍ക്കോയ്മക്കും അവര്‍ ഏറ്റെടുക്കുന്ന പ്രതിച്ഛായാ നിര്‍മാണ ദൗത്യങ്ങള്‍ക്കും ഏതെങ്കിലും വിധത്തില്‍ വെള്ളവും വളവും നല്‍കുന്നതാണ് ഇന്നോളം ഉണ്ടായിട്ടുള്ള നൊബേലുകളിൽ മിക്കവയും. വിയറ്റ്‌നാം ആക്രമണത്തിന്റെ ക്രൂരതകള്‍ക്ക് മുഴുവന്‍ ഉത്തരവാദിയായ ഹെന്റി കിസിംജര്‍ക്ക് നല്‍കിയിരുന്നു സമാധാന നൊബേല്‍. അന്ന് പുരസ്‌കാരം പങ്കിടാന്‍ തിരഞ്ഞെടുക്കപ്പെട്ട വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ലി ഡോക് തോ നൊബേല്‍ നിരസിച്ചു. സമാധാനമില്ലാതെ എന്ത് സമാധാന നൊബേല്‍ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇതേ നൊബേല്‍ നല്‍കിയാണ് യാസര്‍ അറഫാത്തിനെ അനുരഞ്ജനത്തിന്റെ തണുപ്പില്‍ മുക്കിയത്. ഓസ്‌ലോ കരാറെന്ന ചതിയില്‍ തുല്യം ചാര്‍ത്തിയതിന് നല്‍കിയ ഉപകാര സ്മരണയായിരുന്നു നൊബേല്‍. അദ്ദേഹത്തോടൊപ്പം നൊബേല്‍ വാങ്ങിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി യിഷ്താക് റബീനെ സയണിസ്റ്റ് തീവ്രവാദികള്‍ വധിക്കുകയായിരുന്നു. ഇറാനിലും മറ്റും ആക്ടിവിസത്തിലേര്‍പ്പെട്ട വനിതകള്‍ക്ക് നല്‍കുന്ന നൊബേലിനും കൃത്യമായ അര്‍ഥമുണ്ട്. മഹാത്മാ ഗാന്ധിക്ക് നല്‍കി ഈ പുരസ്‌കാരത്തിന്റെ മഹത്വമുയര്‍ത്താനുള്ള അവസരം വിനിയോഗിക്കാത്തവരാണ് നൊബേല്‍ സമിതിയെന്നോര്‍ക്കണം.

നൊബേല്‍ പുരസ്‌കാരത്തിന്റെ പിറവി തന്നെ പ്രതിച്ഛായാ നിര്‍മിതിയില്‍ നിന്നാണ്. ആല്‍ഫ്രഡ് നൊബേലിന്റെ കുറ്റബോധത്തില്‍ നിന്നാണ് നൊബേല്‍ പിറക്കുന്നത്. ഡൈനാമിറ്റ് കണ്ടെത്തിയ ആല്‍ഫ്രഡിന് ആ കണ്ടുപിടിത്തം മാനവ രാശിക്ക് വിനാശകരമാകുന്നത് തന്റെ ജീവിതത്തിനിടക്ക് കാണേണ്ടിവന്നു. ആയുധ വ്യാപാരത്തിലൂടെ അതിസമ്പന്നനായെങ്കിലും തന്റെ പ്രതിച്ഛായ അദ്ദേഹത്തെ വേട്ടയാടി. തന്റെ പേരിലുള്ള പേറ്റന്റുകളില്‍ ഭൂരിഭാഗവും മനുഷ്യരെ കൊന്നൊടുക്കാനുള്ള ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ളതാണല്ലോ എന്ന് അദ്ദേഹം പരിതപിച്ചു. മാനവരാശിക്ക് ഏറ്റവും ഭീഷണമായ കണ്ടുപിടിത്തങ്ങളുടെ പേരില്‍ മാത്രമേ ചരിത്രം തന്നെ ഓര്‍മിക്കുകയുള്ളൂ. അങ്ങനെ വരാന്‍ പാടില്ല. അതുകൊണ്ടാണ് സമ്പത്തിന്റെ സിംഹഭാഗവും ഒരു ആഗോള പുരസ്‌കാരത്തിനായി നീക്കി വെച്ച് പ്രായശ്ചിത്തമാകാമെന്ന് അദ്ദേഹം തീരുമാനിച്ചത്. ആല്‍ഫ്രഡിന്റെ വില്‍പ്പത്രമനുസരിച്ച് സ്വീഡിഷ് അക്കാദമിയും നൊര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയും നൊബേല്‍ ഫൗണ്ടേഷനും നിലവില്‍ വരികയും അദ്ദേഹം മരിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം നൊബേല്‍ സമ്മാനം നല്‍കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ആയുധ വ്യാപാരിയായ ആല്‍ഫ്രഡ് നൊബേല്‍ അസ്തമിക്കുകയും മഹത്തായ പുരസ്‌കാരം ഉദിക്കുകയും ചെയ്തു.
2014ല്‍ സമാധാന നൊബേല്‍ ഇന്ത്യയിലും അയല്‍പ്പക്കത്തുമെത്തി- കൈലാഷ് സത്യാര്‍ഥിക്കും മലാല യൂസുഫ്‌സായിക്കും. കൈലാഷ് സത്യാര്‍ഥിയെന്ന ബാലവിമോചകന് നൊബേല്‍ നല്‍കുമ്പോള്‍ എന്‍ ജി ഒകളുടെ പ്രവര്‍ത്തന മാതൃകകള്‍ ഒരിക്കല്‍ കൂടി ആഘോഷിക്കപ്പെട്ടു. രാഷ്ട്രീയ ബോധത്തില്‍ പ്രചോദിതരായി, മനുഷ്യര്‍ സംഘടിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ സര്‍ക്കാറുകള്‍ നടത്തുന്ന നീക്കങ്ങളെയും ഇരുട്ടിലേക്ക് തള്ളുകയെന്ന പരോക്ഷ ഫലം അതിലടങ്ങിയിരുന്നു. അരാഷ്ട്രീയമായ ഇടപെടലാണ് നൊബേല്‍ നിര്‍ണയക്കാര്‍ക്ക് താത്പര്യം. മലാല യൂസുഫ്‌സായിയെന്ന പതിനേഴുകാരിക്ക് സമാധാന നൊബേല്‍ ലഭിച്ചപ്പോള്‍ പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സ്വാത്ത് താഴ്‌വരയാണ് ലൈം ലൈറ്റിലേക്ക് വന്നത്. പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് മതഭീകരതയുടെ വിളയാട്ട ഭൂമി മാത്രമായിരുന്നു ഈ പ്രദേശം. അവരെ സംബന്ധിച്ചിടത്തോളം സ്വാത്തില്‍ മനുഷ്യരില്ല, തീവ്രവാദികള്‍ മാത്രമേയുള്ളൂ. ഡ്രോണ്‍ വിമാനങ്ങള്‍ക്ക് മരണം വിതക്കാനൊരിടം. തീവ്രവാദികളുടെ വെടിയേറ്റ മലാല വിദ്യാഭ്യാസത്തിന്റെയും സ്ത്രീയവകാശങ്ങളുടെയും പ്രതീകമായി മാറുകയായിരുന്നു. മലാല യുടെ ഡയറിക്കുറിപ്പുകള്‍ ബി ബി സിയില്‍ വരുന്ന ഘട്ടത്തില്‍ തന്നെയാണ് ഈ പ്രദേശത്തെ അമേരിക്കന്‍ അധിനിവേശത്തിന്റെ ക്രൂരതകളും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. വിവേചനരഹിതമായ ഡ്രോണ്‍ ആക്രമണങ്ങള്‍ തീവ്രവാദികളെയല്ല സാധാരണ മനുഷ്യരെയാണ് കൊന്നുതള്ളിയത്. ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണങ്ങള്‍ മിക്കവാറും നടന്നത്. കൂടുതല്‍ പേരെ കൊല്ലാന്‍ കല്യാണ വീടുകളിലും മരണ വീടുകളിലും ബോംബ് വര്‍ഷിച്ചു. ജീവിതം ദുസ്സഹമായതോടെ ആയിരക്കണക്കായ മനുഷ്യര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്തു. ഈ മനുഷ്യക്കുരുതിയെ ചര്‍ച്ചകളില്‍ നിന്ന് മായ്ച്ചു കളയാനും മലാലയടക്കമുള്ള അവിടുത്തെ ജനത അനുഭവിച്ച ദുരന്തങ്ങളെ നിസ്സാരവത്കരിക്കാനും ആ നൊബേല്‍ തിരഞ്ഞെടുപ്പ് കാരണമാകുകയായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മലാലയെഴുതിയ കുറിപ്പുകളിലും മുതിര്‍ന്നപ്പോള്‍ നടത്തിയ പ്രസംഗങ്ങളിലുമൊന്നും അമേരിക്കന്‍ ഭീകരത കടന്നു വരാതിരുന്നത് എന്തുകൊണ്ടാണ്?

ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന നെതന്യാഹുവിനെ സ്വാതന്ത്ര്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കുന്ന മരിയ കൊറീന മചാഡോക്ക് സമാധാന നൊബേല്‍ നല്‍കുമ്പോള്‍ അതേ അട്ടിമറി സംഭവിക്കുന്നു. ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണവും വേദനയും ആ മനുഷ്യരുടെ നില്‍ക്കക്കള്ളിയില്ലായ്മയും നിസ്സാരമാക്കിക്കളയുന്നു. പുരസ്‌കാര സമിതിയുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest