Connect with us

Articles

മക്കാ വിജയ ദിവസം മാപ്പ് ലഭിക്കാത്തവര്‍

വിചാരണയുടെ നാളില്‍ ഏറ്റവും വലിയ കുറ്റവാളി മോശപ്പെട്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടവരാണെന്ന് ഹില്‍ഖത്തുല്‍ ഔലിയ എന്ന ഗ്രന്ഥത്തില്‍ കാണാം. പരദൂഷണം പറയുന്നവനെ മനുഷ്യന്റെ പച്ചമാംസം തിന്നവനോടാണ് നബി(സ) ഉപമിച്ചത്. അതിനാല്‍ നാവിനെ സൂക്ഷിക്കുക. തിരുനബി(സ) പറഞ്ഞത് പോലെ 'ആരെങ്കിലും അന്ത്യനാളില്‍ വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക'.

Published

|

Last Updated

മക്കാ വിജയം, മക്കയിലെ ശത്രുക്കളോടുള്ള കണക്കുകള്‍ തീര്‍ത്ത ദിവസം. എല്ലാ അഹങ്കാരികളും നിരായുധരും ഭയവിഹ്വലരുമായി നബി(സ)യുടെ മുന്നിലുണ്ടായിരുന്നു അന്ന്. ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളുടെ പ്രചാരകരായി എന്ന കാരണത്താല്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിട്ടവര്‍, ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കിയവര്‍, അഭയം ലഭിച്ച നാട്ടിലും സമാധാനം നല്‍കാതെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചവര്‍. അവരിലേക്ക്, ജന്മനാട്ടിലേക്ക് നബി(സ)യും സംഘവും അജയ്യരായി മടങ്ങി വന്ന ദിവസമാണ് മക്കം ഫത്ഹ് അല്ലെങ്കില്‍ മക്കാ വിജയം എന്ന പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. എല്ലാ കണക്കും തീര്‍ക്കാന്‍ പറ്റിയ ദിവസം തന്നെയായിരുന്നു.

എന്നിട്ട് എന്ത് സംഭവിച്ചു? രക്തപ്പുഴ ഒഴുക്കിയായിരുന്നില്ല തിരുനബി(സ) ഈ വിജയം വിളംബരം ചെയ്തത്. മറിച്ച് പ്രതികാരമില്ല എന്ന പ്രഖ്യാപനത്തോടെ സഹിഷ്ണുതയുടെ മനോഹാര്യത അവിടുന്ന് ലോകത്തെ പഠിപ്പിച്ചു. അനേകായിരങ്ങള്‍ വധശിക്ഷക്ക് വിധേയരാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ആ ദിവസം വെറും 12 പേര്‍ക്കാണ് നബി(സ) വധശിക്ഷ വിധിച്ചത്. അതില്‍ എട്ട് പേര്‍ക്ക് വീണ്ടും മാപ്പ് നല്‍കി. നാല് പേരുടെ ശിക്ഷ നടപ്പാക്കി. ആയിരങ്ങള്‍ക്ക് മാപ്പ് കിട്ടിയ ദിവസവും ശിക്ഷിക്കപ്പെടാന്‍ വിധിയുണ്ടായ ഹതഭാഗ്യരാരാണ്? ഒരാള്‍ അബ്ദുല്ലാഹിബ്‌നു ഖത്വല്‍. രണ്ടാമന്‍ ഹുവൈരിസ് ബ്‌നു നുഖൈദ്. മിഖ്യസ് ബ്‌നു സുബാബയാണ് മൂന്നാമത്തെ ആള്‍. നാലാമത്തെ ആള്‍ ഒരു പാട്ടുകാരിയാണ്, ഖുറൈബ. മാപ്പര്‍ഹിക്കാത്തത് എന്ന് തോന്നുന്ന പല കാര്യങ്ങള്‍ക്കും തിരുനബി(സ)യുടെ കാരുണ്യം തുണയായപ്പോള്‍ ചെയ്ത തെറ്റില്‍ പശ്ചാതാപമില്ലാത്തതും നിലപാട് മാറ്റാന്‍ തയ്യാറാകാത്തതുമാണ് ഈ നാല് പേര്‍ ഏറ്റവും നിര്‍ഭാഗ്യവാന്മാരാകാന്‍ ഇടവരുത്തിയത്.

വധശിക്ഷ ക്ഷണിച്ചു വരുത്തിയ അവരുടെ പാതകം എന്താണ്? ഇബ്‌നു ഖത്വലിനെ കുറിച്ച് പറയാം. അദ്ദേഹം ഇടക്കാലത്ത് ഇസ്ലാം സ്വീകരിച്ചിരുന്നു. ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ തന്റെ അടിമ ഭക്ഷണമൊന്നും തയ്യാറാക്കാതെ കിടന്നുറങ്ങുന്നു. ദേഷ്യം പിടിച്ച അയാള്‍ ആ അടിമയെ കൊന്നുകളഞ്ഞു. കൊലപാതകത്തിന് ഇസ്ലാം നിശ്ചയിച്ച ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് മക്കയിലേക്ക് നാടുവിട്ടു. പിന്നീട് ഇസ്ലാമിനെ തള്ളിപ്പറഞ്ഞു. നബി(സ)ക്കെതിരെ അപവാദം പറഞ്ഞു. രണ്ട് ഗായികമാരെ കൂടെ നിറുത്തി നബി(സ)ക്കെതിരെ പാടി നടന്നു. അയാളുടെ രണ്ട് ഗായികമാരില്‍ ഒരാളാണ് ശിക്ഷിക്കപ്പെട്ട നാലാമത്തെ ആള്‍ ഖുറൈബ. മറ്റൊരാള്‍ ഹുവൈരിസ് ബ്‌നു നുഖൈദാണ്. ഇയാളും അപവാദ പ്രചാരണങ്ങള്‍ക്ക് പേര് കേട്ടയാളാണ്. കൂടാതെ ഹിജ്‌റയുടെ സമയത്ത് നബി(സ)യുടെ കുടുംബത്തെ ആക്രമിക്കുകയും വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു എന്ന കുറ്റവും അയാളുടെ പേരിലുണ്ടായിരുന്നു.

ശിക്ഷിക്കപ്പെട്ട വേറെയൊരാള്‍ മിഖ്യസ് ബ്‌നു സുബാബയാണ്. അയാളുടെ സഹോദരന്‍ ഹിശാം(റ) മുസ്ലിമായിരുന്നു. ബനൂ മുസ്ത്വലഖ് യുദ്ധത്തില്‍ ഒരു സ്വഹാബിയുടെ തന്നെ ആയുധ പ്രയോഗത്തില്‍ അബദ്ധവശാല്‍ അദ്ദേഹം വധിക്കപ്പെട്ടു. ഈ അവസരം മിഖ്യസ് മുതലെടുത്തു. അയാള്‍ ഇസ്ലാം സ്വീകരിച്ചു എന്ന വ്യാജേന മദീനയിലെത്തി. സഹോദരന്റെ മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നബി(സ) അത് അനുവദിച്ചു നല്‍കി. സ്വത്ത് കിട്ടിയപ്പോള്‍ മരണത്തിന് കാരണക്കാരനായ സ്വഹാബിയെയും കൊന്ന് അയാള്‍ കടന്നുകളഞ്ഞു.

നാല് പേരുടെയും തെറ്റുകള്‍ പരിശോധിക്കുമ്പോള്‍ കൊലപാതകം, സമ്പത്ത് കൈവശപ്പെടുത്താനുള്ള കാപട്യം, അപവാദ പ്രചാരണം തുടങ്ങി പല പാതകങ്ങളും കാണാം. ഇതില്‍ മിഖ്യസ് ഒഴികെയുള്ള മൂന്ന് പേരിലും അപവാദം പ്രചരിപ്പിച്ചെന്ന കുറ്റം കാണാനാകും. നാവു കൊണ്ട് ചെയ്യുന്ന തെറ്റുകള്‍ നാം കരുതുന്നത് പോലെ അത്ര നിസ്സാരമല്ല എന്ന കാര്യം സൂചിപ്പിക്കാനാണ് ഈ ചരിത്രം പറഞ്ഞത്. നമുക്കാണെങ്കില്‍ അപവാദം പറയാനും പ്രചരിപ്പിക്കാനും ഒരു മടിയുമില്ല. സോഷ്യല്‍ മീഡിയ കൂടി വന്നതോടെ ആര്‍ക്കും ആരെ കുറിച്ചും എന്തും പറയാം എന്ന സ്ഥിതി വന്നു.

മുഹമ്മദ് ബ്‌നു വാസിഅ്(റ) മാലിക് ബ്‌നു ദീനാര്‍(റ)വിനോട് പറയുന്നുണ്ട്, ‘സമ്പത്ത് സൂക്ഷിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് നാവിനെ സൂക്ഷിക്കല്‍’ എന്ന്. റബീഅ് ഇബ്‌നു ഖൈസം(റ) ഇരുപത് കൊല്ലം മിണ്ടിയതേയില്ല. അരുതാത്തത് പറഞ്ഞു പോകാതിരിക്കാനായിരുന്നു ഈ സാഹസം. വിചാരണയുടെ നാളില്‍ ഏറ്റവും വലിയ കുറ്റവാളി മോശപ്പെട്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടവരാണെന്ന് ഹില്‍ഖത്തുല്‍ ഔലിയ എന്ന ഗ്രന്ഥത്തില്‍ കാണാം. പരദൂഷണം പറയുന്നവനെ മനുഷ്യന്റെ പച്ചമാംസം തിന്നവനോടാണ് നബി(സ) ഉപമിച്ചത്. അതിനാല്‍ നാവിനെ സൂക്ഷിക്കുക. തിരുനബി(സ) പറഞ്ഞത് പോലെ ‘ആരെങ്കിലും അന്ത്യനാളില്‍ വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക’.

 

Latest