Editors Pick
യുവതലമുറയിൽ സ്ട്രോക്ക് വർധിക്കുന്നു; കാരണങ്ങളും പ്രതിവിധികളും ഇതാണ്
സ്ട്രോക്ക് വരുമ്പോൾ കേവലം ശാരീരിക ബലക്ഷയം മാത്രമല്ല, ഒരു വ്യക്തിയുടെ ഐഡന്റിറ്റി തന്നെയാണ് നഷ്ടമാകുന്നത്. കാരണം, സ്വഭാവം, പെരുമാറ്റം, പുതിയ കഴിവുകൾ നേടാനുള്ള ശേഷി എന്നിവയെല്ലാം തീരുമാനിക്കുന്നത് തലച്ചോറാണ്. ബ്രെയിനിന്റെ ഒരല്പം ഭാഗം നശിക്കുമ്പോൾ പോലും, നമ്മൾ ആരാണെന്ന് പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് എത്താം.

ആധുനിക ജീവിതശൈലിയുടെ ഭാഗമായി യുവാക്കളിൽ സ്ട്രോക്ക് (പക്ഷാഘാതം) വർധിച്ചുവരുന്നതായി സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന ഗുരുതരമായ ഒരു മെഡിക്കൽ അവസ്ഥയാണ് സ്ട്രോക്ക്. ഇത് തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു. തൽഫലമായി, തലച്ചോറിലെ കോശങ്ങൾ മിനിറ്റുകൾക്കകം നശിക്കാൻ തുടങ്ങുന്നു. തലച്ചോറിൻ്റെ ഏത് ഭാഗത്തെയാണോ സ്ട്രോക്ക് ബാധിക്കുന്നത്, ആ ഭാഗം നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തും. ഒരു പൂന്തോട്ടത്തിലെ ചെടിക്ക് വെള്ളം ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ പോലെയാണ് ബ്രെയിൻ സെല്ലുകൾക്ക് രക്തയോട്ടം നിലയ്ക്കുമ്പോൾ സംഭവിക്കുന്നത്. എന്നാൽ നശിച്ചുപോയ ബ്രെയിൻ കോശങ്ങൾ ഒരിക്കലും തിരികെ ലഭിക്കുകയില്ല.
സ്ട്രോക്ക് വരുമ്പോൾ കേവലം ശാരീരിക ബലക്ഷയം മാത്രമല്ല, ഒരു വ്യക്തിയുടെ ഐഡന്റിറ്റി തന്നെയാണ് നഷ്ടമാകുന്നത്. കാരണം, സ്വഭാവം, പെരുമാറ്റം, പുതിയ കഴിവുകൾ നേടാനുള്ള ശേഷി എന്നിവയെല്ലാം തീരുമാനിക്കുന്നത് തലച്ചോറാണ്. ബ്രെയിനിന്റെ ഒരല്പം ഭാഗം നശിക്കുമ്പോൾ പോലും, നമ്മൾ ആരാണെന്ന് പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് എത്താം. യുവതലമുറയിൽ, പ്രത്യേകിച്ച് അവരുടെ സജീവമായ ജീവിതഘട്ടത്തിൽ സ്ട്രോക്ക് വരുന്നത് ജീവിതത്തിൻ്റെ അടുത്ത ദശാബ്ദങ്ങളെ തന്നെ പ്രതികൂലമായി ബാധിക്കും.
സ്ട്രോക്ക് തടയാനുള്ള അഞ്ച് വഴികൾ
സ്ട്രോക്ക് തടയുന്നതിനായി അഞ്ച് പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം.
- നന്നായി ഉറങ്ങുക (Sleep Well): ദിവസവും കുറഞ്ഞത് 8 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. രാത്രി ഉറക്കത്തിൽ മാത്രം പ്രവർത്തിക്കുന്ന ഗ്ളിംഫാറ്റിക് സിസ്റ്റം (Glymphatic System) വഴി മാത്രമേ ബ്രെയിനിലെ വിഷാംശങ്ങളും മാലിന്യങ്ങളും ഫിൽട്ടർ ചെയ്തുപോകൂ. ഉറക്കം കുറയുമ്പോൾ ഇത് സംഭവിക്കാതെ വരുന്നു.
- ആരോഗ്യകരമായി കഴിക്കുക (Eat Healthy): ബ്രെയിൻ ഹെൽത്തിനായി മെഡിറ്ററേനിയൻ ഡയറ്റാണ് ഏറ്റവും ഉത്തമം. ഒരു പ്ലേറ്റിനെ നാലായി ഭാഗിച്ച് അതിൽ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്തണം.
- സജീവമായിരിക്കുക (Staying Active): ഏതെങ്കിലും തരത്തിലുള്ള വ്യായാമം ആവശ്യമാണ്. പ്രായമായവർക്ക് നടക്കുന്നത് മികച്ച വ്യായാമമാണ്.
- സ്മാർട്ടായിരിക്കുക (Stay Smart): ബ്രെയിൻ എപ്പോഴും ആക്ടീവായിരിക്കാൻ പുതിയ കാര്യങ്ങൾ പഠിക്കണം. ഒരു വർഷം ഒരു പുതിയ കഴിവെങ്കിലും (പാട്ട്, ആർട്ട് ഫോം തുടങ്ങിയവ ഉദാഹരണം) പഠിക്കാൻ ശ്രമിക്കുന്നത് ബ്രെയിൻ കണക്ഷനുകളെ സജീവമായി നിലനിർത്താൻ സഹായിക്കും.
- കണക്റ്റഡ് ആയിരിക്കുക (Stay Connected): കുടുംബവുമായും സമൂഹവുമായും സാമൂഹികമായി ഇടപെഴകുന്നത് ബ്രെയിൻ ഹെൽത്തിനെ മികച്ച രീതിയിൽ നിലനിർത്തും. ഫോണുകളിലും സോഷ്യൽ മീഡിയയിലും മാത്രം ഒതുങ്ങാതെ വ്യക്തിപരമായ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകണം.
യുവാക്കളിലെ സ്ട്രോക്കിനുള്ള പ്രധാന കാരണങ്ങൾ
സാധാരണ പ്രായമായവരിൽ കാണുന്ന പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവയല്ല 40 വയസ്സിന് താഴെയുള്ളവരിൽ സ്ട്രോക്കിന് പ്രധാന കാരണം. പ്രധാനമായും ജീവിതശൈലിയും മറ്റ് ചില കാരണങ്ങളുമാണ് ഇതിന് പിന്നിൽ.
- അനാരോഗ്യകരമായ ജീവിതശൈലി: ചിട്ടയില്ലാത്ത ഭക്ഷണക്രമം (കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, ജങ്ക് ഫുഡ്), ഉറക്കമില്ലായ്മ, വ്യായാമക്കുറവ് എന്നിവ.
- ഡിജിറ്റൽ അഡിക്ഷൻ: മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ അമിത ഉപയോഗം.
- ലഹരി ഉപയോഗം: യുവാക്കളിൽ സ്ട്രോക്കിനുള്ള ഒരു പ്രധാന കാരണം ഡ്രഗ് അബ്യൂസ് ആണ്. കൊക്കൈൻ, ആംഫിറ്റമിൻ, എക്സ്റ്റസി തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗം സ്ട്രോക്ക് സാധ്യത വളരെയധികം വർധിപ്പിക്കുന്നു.
കൂടാതെ, രക്തക്കുഴലുകളിൽ ജന്മനാ ഉണ്ടാകുന്ന നേരിയ പ്രശ്നങ്ങൾ (ഡിസെക്ഷൻ), രക്തം പെട്ടെന്ന് കട്ടപിടിക്കാൻ സാധ്യതയുള്ള ജീൻ വ്യതിയാനങ്ങൾ (ത്രോമ്പോഫീലിയ), ഹൃദയത്തിലെ ചെറിയ ഹോളുകൾ (പിഎഫ്ഒ പോലുള്ള കാർഡിയോ എംബോളിക് കാരണങ്ങൾ) എന്നിവയും സ്ട്രോക്കിന് കാരണമാകാം. ഏകദേശം 15% മുതൽ 20% വരെ സ്ട്രോക്കുകൾക്ക് വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കാറില്ല.
സ്ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയാൻ: ബി ഫാസ്റ്റ് (BE FAST)
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ വളരെ വേഗം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം തലച്ചോറിൽ ഓരോ മിനിറ്റിലും 2 മില്യൺ ന്യൂറോണുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ബി ഫാസ്റ്റ് എന്ന ഫോർമുല ഉപയോഗിച്ച് ലക്ഷണങ്ങൾ ഓർക്കാം:
- F (Facial weakness): മുഖം ഒരു വശത്തേക്ക് കോടിപ്പോകുക.
- A (Arm weakness): കൈക്കോ കാലിനോ ബലക്കുറവുണ്ടാവുക.
- S (Speech disturbance): സംസാരം കുഴയുക, ക്ലാരിറ്റി നഷ്ടപ്പെടുക.
- T (Time): ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും താമസിക്കാതെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. മറ്റ് ലക്ഷണങ്ങളായ ബാലൻസ് നഷ്ടപ്പെടുക, കാഴ്ച മങ്ങുക എന്നിവയും ശ്രദ്ധിക്കണം.
ബ്രെയിൻ ഹെൽത്തിനായി ചെയ്യേണ്ട കാര്യങ്ങൾ
പുതിയ കാര്യങ്ങൾ പഠിക്കുക: പ്രായമായവരിൽ മറവി (Cognitive decline) തടയാൻ തുടർച്ചയായി പുതിയ കാര്യങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ഇത് ബ്രെയിൻ സെല്ലുകൾ തമ്മിലുള്ള കണക്ഷനുകൾ (ന്യൂറോപ്ലാസ്റ്റിസിറ്റി) ശക്തിപ്പെടുത്തും.
വിപരീത കൈ ഉപയോഗിച്ച് പ്രവർത്തിക്കുക: വലത് കൈയ്യൻമാർ ഇടത് കൈ കൊണ്ട് എഴുതുന്നതും, കണ്ണടച്ച് ബാലൻസ് ചെയ്തു നിൽക്കുന്നതും പോലുള്ള കാര്യങ്ങൾ ബ്രെയിനിലെ കണക്ഷനുകൾ ശക്തിപ്പെടുത്താൻ സഹായിക്കും.
ആൻ്റിഓക്സിഡൻ്റ് അടങ്ങിയ ഭക്ഷണം: കളർ കൂടുതലുള്ള പച്ചക്കറികൾ (ബീറ്റ്റൂട്ട്, ക്യാരറ്റ്), പഴങ്ങൾ (ബെറികൾ, പപ്പായ) എന്നിവ ബ്രെയിനിന് വളരെ നല്ലതാണ്.
ബ്രെയിൻ ഫോഗ് (Brain Fog) ഒഴിവാക്കുക: മൾട്ടിടാസ്കിംഗ് ചെയ്യുമ്പോഴും അമിതമായ സ്ട്രെസ്സ് ഉള്ളപ്പോഴുമാണ് കാര്യങ്ങൾ ബ്ലാങ്കായി പോകുന്ന ബ്രെയിൻ ഫോഗ് അനുഭവപ്പെടുന്നത്. ഡീപ് ബ്രീത്തിങ് എക്സൈസുകൾ, മെഡിറ്റേഷൻ എന്നിവ വഴി സ്ട്രെസ്സ് കുറയ്ക്കുന്നത് ഇതിനെ മറികടക്കാൻ സഹായിക്കും.
ഡിജിറ്റൽ ഉപകരണങ്ങളുടെ ആശ്രിതത്വം കുറയ്ക്കുക: പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ എന്നിവ പോലുള്ള കുഞ്ഞു കാര്യങ്ങൾ പോലും ഓർമ്മയിൽ സൂക്ഷിക്കാനുള്ള ശ്രമം നടത്തുന്നത് ബ്രെയിനിൻ്റെ മെമ്മറി ഫങ്ഷനെ സജീവമായി നിലനിർത്താൻ സഹായിക്കും. കാൽക്കുലേറ്ററുകളുടെ ഉപയോഗം കുറച്ച് മനസ്സിൽ കണക്കുകൂട്ടുന്നത് ബ്രെയിനിന് ഒരു വ്യായാമമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശ്രീവിദ്യ എൽ കെ,
സീനിയർ കൺസൾട്ടന്റ്, ന്യൂറോളജി,
ആസ്റ്റർ മിംമ്സ്, കോഴിക്കോട്