National
മിച്ചല്‍ മാര്‍ഷ് മിന്നി; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം
മഴയെ തുടര്‍ന്ന് 26 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്

പെര്‍ത്ത് | ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. മഴയെ തുടര്‍ന്ന് 26 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്. 137 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്ന് ഡക് വര്‍ത്ത്- ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 131 റണ്‍സ് ഓസ്‌ട്രേലിയ 29 പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയയുടെ വിജയം.
ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 46 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. 31 പന്തില്‍ 38 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 31 റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമായി ചേര്‍ന്നാണ് രാഹുല്‍ ഇന്ത്യക്കായി റണ്‍സ് നേടിയത്. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ടു സിക്‌സുകളുടെ അകമ്പടിയോടെ പുറത്താകാതെ നേടിയ 19 റണ്‍സ് ആണ് ഇന്ത്യന്‍ സ്‌കോര്‍ 120 നു മുകളിലെത്തിച്ചത്.
തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ആരംഭിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തില്‍ 8 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോഹ് ലി എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്സല്‍വുഡ് പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് കോഹ് ലിയുടെ വിക്കറ്റ്. സൂപ്പര്‍ താരങ്ങള്‍കളം വിട്ടതോടെ കരകയറാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.