Connect with us

International

പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആഭരണങ്ങള്‍ അടക്കമുള്ള അമൂല്യവസ്തുക്കള്‍ നഷ്ടമായി

കവര്‍ച്ച ഏഴ് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു.

Published

|

Last Updated

പാരീസ്   | ലോകത്തെ തന്നെ പ്രശസ്തമായ ഫ്രാന്‍സിലെ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച രാവിലെ ആയിരുന്നു കവര്‍ച്ച. സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്.ചെറിയ ചെയിന്‍സോകളുമായി ഒരു സ്‌കൂട്ടറില്‍ എത്തിയ കൊള്ളക്കാര്‍ ഗുഡ്സ് ലിഫ്റ്റ് ഉപയോഗിച്ച് തങ്ങള്‍ ലക്ഷ്യമിട്ട മുറിയിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ച ഏഴ് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു. ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒമ്പതിനം അമൂല്യ വസ്തുക്കള്‍ കവര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ലൂവ്രെ മ്യൂസിയം അടച്ചു.

മ്യൂസിയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരവെയാണ് മോഷണം എന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മ്യൂസിയത്തോട് ചേര്‍ന്ന നിര്‍മ്മിച്ച ലിഫ്റ്റ് വഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയത് എന്ന് പാരീസിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

സീന്‍ നദിയുടെ അരികിലുള്ള അപ്പോളോ ഗാലറിയിലേക്കായിരുന്നു മോഷ്ടാക്കള്‍ പ്രവേശിച്ചത്. അമൂല്യമായ ഒമ്പത് ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം വിലയിരുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫ്രാഞ്ച് സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതി പറഞ്ഞു.

പാരീസ് നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലുവ്രെ മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതും, കുടുതല്‍ സന്ദര്‍ശകര്‍ എത്തുന്നതുമായ മ്യുസിയമാണ്. ലൂയി പതിനാലാമന്‍ രാജാവിന്റെ കാലത്താണ് പണികഴിപ്പിച്ച കെട്ടിടം ഫ്രഞ്ച് രാജാക്കന്‍മാരുടെ മുന്‍ കൊട്ടാരമായിരുന്നു. പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യന്‍, പെയിന്റിങ്, പ്രയുക്തകല, ശില്‍പകല, രേഖാചിത്രങ്ങള്‍ തുടങ്ങി ഏഴുവിഭാഗങ്ങളില്‍ നിരവധി അമൂല്യമായ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ‘മോണാലിസ’ ഈ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest