Kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ആറ് ജില്ലയില്‍ ഓറഞ്ചും എട്ട് ജില്ലയില്‍ മഞ്ഞയും ജാഗ്രത
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലാണ് മഞ്ഞ.

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലയില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലാണ് മഞ്ഞ.
ഒക്ടോബര്‍ 24 വരെ മഴ തുടരും. സംസ്ഥാനത്ത് 17 ഡാമുകള്‍ തുറന്നിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാകും. ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, എല്ലായിടങ്ങളിലും ഒന്നിച്ച് മഴ പെയ്യുന്ന സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
അതിനിടെ, ഇടുക്കി അട്ടപ്പള്ളയില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഉച്ചക്കു ശേഷം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. നാളെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദം ശക്തിയേറിയ ന്യൂനമര്‍ദമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും. ഒക്ടോബര്‍ 21-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗങ്ങളിലും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചേക്കും. ഇതിന്റെയെല്ലാം ഫലമായി വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിമിന്നലിനും 30 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും കാലാവസ്ഥാ വകുപ്പ് സാധ്യത കല്‍പ്പിക്കുന്നു.