articles
വെറുപ്പിന്റെ കാലത്ത് ഒരു കുഞ്ഞ് പഠിപ്പ് നിർത്തുകയാണ്
ഉള്ളിലെ വർഗീയ മനോഭാവമാണ്, വിവാദം ഉണ്ടായത് മുതൽ സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങളിൽ തെളിഞ്ഞു കാണുന്നത്. സ്‌കൂൾ തലത്തിലെ പരിഹാര ചർച്ചയിൽ ഏകപക്ഷീയമായി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് തീരുമാനമെടുത്ത്, ശിരോവസ്ത്രം അഴിപ്പിക്കാൻ നിർദേശിച്ച ഹൈബി ഈഡൻ എം പി ഇസ്്ലാമോഫോബിക് ആയ പൊതുബോധത്തിന്റെ മുഖമായി മാറിയതും ശ്രദ്ധേയമാണ്.

എറണാകുളം പള്ളുരുത്തി സെന്റ്റീത്താസ് പബ്ലിക് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പുറത്തുനിർത്തിയ സംഭവത്തിൽ ഏറ്റവും നിരാശപ്പെടുത്തിയ പ്രതികരണം സ്‌കൂൾ പ്രിൻസിപ്പൽ ആയ കന്യാസ്ത്രീയുടേതായിരുന്നു. ഈ വിവാദത്തിൽ ഏറ്റവും ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടിയിരുന്ന അവർ പക്ഷേ ഏറെ ധാർഷ്ട്യത്തോടെ മാധ്യമങ്ങളോട് സംസാരിച്ചത് മതേതരമൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരോടുമുള്ള പരിഹാസമായി മാറി. “ഇന്ത്യാ രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനാണ് സ്‌കൂളിന്റെ തീരുമാനം. ഭാരതീയ മൂല്യങ്ങൾ കുട്ടികൾ പഠിക്കണം. മതേതര മൂല്യങ്ങൾ എല്ലാവരും പിന്തുടരണം.’
ഏറെ പരിതാപകരമായ ഈ പ്രതികരണത്തോട് ക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “എന്റെ മകൾ ധരിച്ച ഷാളിന് മതേതരത്വം ഇല്ലേ? എന്റെ മകൾ ഹിജാബ് ധരിച്ചുവരുന്നത് മറ്റുള്ള കുട്ടികളിൽ പേടിയുണ്ടാക്കുന്നു എന്നാണ് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞത്. അതെന്റെ മകൾക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്. ഞാൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നാലും എന്റെ മകളെ അവിടെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു സാമുദായിക സംഘർഷവും ഉണ്ടാകരുത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിളിച്ചപ്പോൾ എന്റെ മകളുടെ തുടർ വിദ്യാഭ്യാസത്തിന് വേണ്ടി ഏത് സഹായത്തിനും ബന്ധപ്പെടണമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.’
എത്രമേൽ പക്വമായ വാക്കുകളാണ് ഈ പിതാവിന്റേത്. ഈ വിവാദം കത്തിച്ച് വർഗീയ ധ്രുവീകരണവും രാഷ്ട്രീയ നേട്ടവും കൊയ്യാൻ കാത്തിരുന്നവർക്ക് പോലും ഒരവസരം കൊടുക്കാത്ത പ്രതികരണം. രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന സാധാരണക്കാരനായ ഈ പിതാവിന്റെ പോലും സാമൂഹിക ബോധം പ്രിൻസിപ്പലിന് ഇല്ലാതെ പോയി. വിവാദത്തിന് പിന്നാലെ വിദ്യാർഥിനിക്കുണ്ടായ ട്രോമയോ മുടങ്ങിപ്പോയ തുടർപഠനമോ ഒന്നും സ്‌കൂൾ അധികൃതർക്ക് വിഷയമേയല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. വിദ്യാഭ്യാസ വകുപ്പിനെയും സർക്കാറിനെയും വെല്ലുവിളിച്ച്, ഞങ്ങൾ നേരത്തേ തുടർന്നുവന്നിരുന്ന ഇതര മതവിദ്വേഷം ഇനിയും തുടരുമെന്ന നിലപാട്, ക്രിസ്ത്യൻ മാനേജ്മെന്റ്സ്‌കൂളുകളെ മലയാളികൾ നോക്കിക്കണ്ടിരുന്ന രീതിയിൽ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമില്ല. തങ്ങളുടെ സ്‌കൂളിൽ പഠിക്കുന്ന മുസ്്ലിം വിദ്യാർഥിനിക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ എങ്ങനെയാണ് അത് കൈകാര്യം ചെയ്യാൻ പോകുന്നത് എന്നതിന്റെ ചിത്രമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
ശിരോവസ്ത്രം ധരിച്ച് തന്നെ സ്‌കൂളിൽ പോകാമെന്ന അനുവാദം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെന്റ് കൊടുത്ത അപേക്ഷയും ഹൈക്കോടതി തള്ളിക്കളഞ്ഞു. സ്‌കൂൾ അധികൃതരുടെ നിലപാട് കോടതിയും നിരാകരിച്ചതോടെ വെട്ടിലായ മാനേജ്മെന്റ് വീണ്ടും അസഹിഷ്ണുതയോടെയാണ് വിദ്യാഭ്യാസ മന്ത്രിയെയും സർക്കാറിനെയും വിമർശിക്കുന്നത്. ഇത്രമേൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനം തീർച്ചയായും സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ സംസ്‌കാരത്തെയും മതേതര മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന ഒന്നാണ്. ഉള്ളിലെ വർഗീയ മനോഭാവമാണ്, വിവാദം ഉണ്ടായത് മുതൽ സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങളിൽ തെളിഞ്ഞു കാണുന്നത്. സ്‌കൂൾ തലത്തിലെ പരിഹാര ചർച്ചയിൽ ഏകപക്ഷീയമായി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് തീരുമാനമെടുത്ത്, ശിരോവസ്ത്രം അഴിപ്പിക്കാൻ നിർദേശിച്ച ഹൈബി ഈഡൻ എം പി ഇസ്്ലാമോഫോബിക് ആയ പൊതുബോധത്തിന്റെ മുഖമായി മാറിയതും ശ്രദ്ധേയമാണ്.
ഈ വിവാദത്തിൽ കൈയടിക്കേണ്ടത് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ നിലപാടിനാണ്. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നും അവർ തിരുത്തണമെന്നും നിയമം അനുസരിക്കണമെന്നും പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി, സമീപകാല കേരളീയ രാഷ്ട്രീയത്തിലെ ശക്തവും ധീരവുമായ നിലപാട് പറഞ്ഞ ജനപ്രതിനിധിയായി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപോർട്ട് പ്രകാരം, വിദ്യാർഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമലംഘനവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കുട്ടിയുടെ പഠനം മുടങ്ങിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സ്‌കൂളിനായിരിക്കും.’
ഒരുപക്ഷേ, ഈ നിലപാടാണ് മതേതരത്വം എന്ന രാഷ്ട്രീയ മൂല്യത്തിന്റെ ഒപ്പം ചേർന്ന് നിന്നത്. ഈ നിൽപ്പ് വരും കാലത്തെ സർക്കാറുകൾക്ക്, വിദ്യാഭ്യാസ വകുപ്പിന് മാതൃകയാണ്. ഒരുപക്ഷേ, പല കാരണങ്ങൾ കൊണ്ട് ക്രിസ്ത്യൻ സ്‌കൂൾ മാനേജ്മെന്റ്മുന്നോട്ട് വെക്കുന്ന അസഹിഷ്ണുതയോടൊപ്പം നിന്നേക്കാൻ പോലും സാധ്യതയുള്ള, ഒരു നിർണായക സമയത്ത് താരതമ്യേനെ എളുപ്പമുള്ള വഴി സ്വീകരിക്കാതെ ഒരു വിദ്യാർഥിയും അപമാനിക്കപ്പെടരുത് എന്ന് ഉറക്കെ പറഞ്ഞ മന്ത്രിയെ ഈ നാട് ആദരപൂർവം ഓർക്കും.
സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പരിഹാസത്തിൽ വെളിപ്പെടുന്ന ഒരുതരം വെറുപ്പുണ്ട്. മുസ്്ലിം അടയാളങ്ങൾ മതേതരത്വത്തിന് പുറത്തും ക്രിസ്ത്യൻ, സിഖ് അടയാളങ്ങൾ മതേതരവുമാകുന്നതിന്റെ രാഷ്ട്രീയമാണ് അത്. നേരത്തേ രാജ്യത്തെ വടക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നതും സമീപ കാലത്ത് കർണാടകയിൽ നടന്നതുമൊക്കെ ഈ വർഗീയ പൊതുബോധത്തിന്റെ ബാക്കിപത്രമാണ്. തലയിൽ ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ ആണ് മുസ്്ലിം പെൺകുട്ടിയുടെ തട്ടമഴിപ്പിച്ച് മതേതരത്വം പഠിപ്പിക്കുന്നത് എന്നതാണ് നമ്മുടെ ഗതികേട്.
ഭാരതീയതയും കേരളീയതയും നിലനിർത്താൻ മുസ്്ലിം വിരുദ്ധത അത്യാവശ്യമായി ഒരു പ്രിൻസിപ്പലിന് തോന്നുന്നുവെങ്കിൽ, ഇത് ഇതര മതവിദ്വേഷമല്ലാതെ മറ്റെന്താണ്? ഞങ്ങൾക്ക് ഈ പെൺകുട്ടിയെ ശിരോവസ്ത്രമിട്ട് പഠിപ്പിക്കാൻ സൗകര്യമില്ല എന്ന് പറയാൻ ഒരു സ്‌കൂളിന് ഭാരതീയ പാരമ്പര്യവും കേരളീയ സംസ്‌കാരവും ചേർത്ത് പറയേണ്ടി വരുന്നിടത്താണ് വർഷങ്ങൾ നീണ്ട നവോത്ഥാന മുന്നേറ്റത്തിലൂടെ നാം നേടിയെടുത്ത മതേതര സംസ്‌കാരം എത്രമേൽ അപകടകരമായ സാഹചര്യത്തിലാണുള്ളത് എന്ന് തിരിച്ചറിയേണ്ടി വരുന്നത്. കേരളത്തിലെ മുസ്്ലിം സമുദായം മതേതരത്വത്തിൽ ഉറച്ചു വിശ്വസിക്കുന്നവരാണ്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയിൽ, ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യത്തിൽ അക്ഷരാർഥത്തിൽ വിശ്വസിക്കുന്നവർ. ആ അർഥത്തിൽ വർഗീയ ധ്രുവീകരണത്തെ ഫലപ്രദമായി ചെറുത്തു നിർത്തുന്നവർ. ഈ ശിരോവസ്ത്ര നിരോധത്തെയും അവർ മുറിച്ചുകടക്കും.