International
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പ് ഫെബ്രുവരി 12ന്
300 പാര്‍ലിമെന്റ് സീറ്റുകളിലും ഒരേസമയം വോട്ടെടുപ്പ്.
ധക്ക| ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ബംഗ്ലാദേശ്. 2026 ഫെബ്രുവരി 12ന് വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികള്‍ ഡിസംബര്‍ 29നകം പാര്‍ലിമെന്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ എം എം നാസിറുദ്ദീന്‍ പറഞ്ഞു. 300 പാര്‍ലിമെന്റ് സീറ്റുകളിലും ഒരേസമയം വോട്ടെടുപ്പ് നടക്കും. ബംഗ്ലാദേശില്‍ ആദ്യമായി നടക്കുന്ന ഇരട്ട തിരഞ്ഞെടുപ്പാണിത്.
ഷെഡ്യൂള്‍ പ്രകാരം, 2025 ഡിസംബര്‍ 29നകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം, ഡിസംബര്‍ 30 മുതല്‍ അടുത്ത വര്‍ഷം ജനുവരി 4 വരെ സൂക്ഷ്മപരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ജനുവരി 21ന് പ്രസിദ്ധീകരിക്കുകയും ചെയ്യും.
ജനുവരി 22 മുതല്‍ ഫെബ്രുവരി 10 വരെ, തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് വരെ, സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം നടത്താം. ഏകദേശം 127.6 ദശലക്ഷം വോട്ടര്‍മാര്‍ക്കായി 42,761 പോളിംഗ് കേന്ദ്രങ്ങള്‍ക്കും 2,44,739 ബൂത്തുകള്‍ക്കും ഉള്ള പദ്ധതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) അന്തിമമാക്കിയിട്ടുണ്ട്.
കലാപത്തിന് ശേഷം തയാറാക്കിയ സംസ്ഥാന പരിഷ്‌കരണ പദ്ധതിയായ ‘ജൂലൈ ചാര്‍ട്ടര്‍’ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ദേശീയ റഫറണ്ടവും അതേ ദിവസം തന്നെ നടക്കുമെന്ന് നാസിറുദ്ദീന്‍ പറഞ്ഞു.



