Connect with us

Kerala

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല; കേസില്‍ അപ്പീല്‍ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ശ്വേത മേനോന്‍

'വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയത്.'

Published

|

Last Updated

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോന്‍. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോവുക തന്നെ ചെയ്യുമെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ ശ്വേത പറഞ്ഞു.

‘അതിജീവിതക്കൊപ്പമാണ് ഞങ്ങള്‍. വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയത്.’- ശ്വേത മേനോന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേര്‍ന്നത് അടിയന്തര യോഗമായിരുന്നില്ല. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ല. മൂന്നാഴ്ച മുമ്പ് തീരുമാനിച്ച യോഗമാണ് നടന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. എട്ട് വര്‍ഷത്തെ പോരാട്ടമാണ് ആ കുട്ടി നടത്തിയത്. എല്ലാവര്‍ക്കുമുള്ള വലിയൊരു മാതൃകയാണവള്‍. ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്നും ശ്വേത പറഞ്ഞു.

ആറ് പ്രതികള്‍ക്കും സമാന ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികള്‍ ഓരോരുത്തരും 20 വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയൊടുക്കാനുമാണ് കോടതി ഉത്തരവ്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.കൂട്ട ബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കുമാണ് ശിക്ഷ. പ്രതികളുടെ പ്രായം കോടതി പരിഗണിച്ചു. 40 വയസ്സിന് താഴെയുള്ളവരാണ് പ്രതികള്‍ എല്ലാവരും. പ്രതികള്‍ വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.

 

 

Latest