Kerala
'നല്ല വിധിയായിട്ടാണ് തോന്നിയത്'; പ്രതികരിച്ച് മന്ത്രി പി രാജീവ്
പ്രതികളെ കഠിന തടവിന് ശിക്ഷിച്ച വിധി അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ്.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ കോടതിയുടേത് നല്ല വിധിയായിട്ടാണ് തോന്നിയതെന്ന് നിയമമന്ത്രി പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ കഠിന തടവിന് ശിക്ഷിച്ച വിധി അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ്. വിധിയുടെ പൂര്‍ണ ഭാഗം കിട്ടിയിട്ടില്ല. അത് കിട്ടിയതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതായും അദ്ദേഹം പ്രതികരിച്ചു.
ജഡ്ജിക്കും പ്രോസിക്യൂഷനും എതിരെ സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന പ്രതികരണങ്ങള്‍ തെറ്റാണ്. വിധിയോട് വിയോജിപ്പുണ്ടാകാം. വിധിന്യായത്തെ വിമര്‍ശിക്കാം. എന്നാല്‍, വിധി പറയുന്ന ന്യായാധിപര്‍ക്ക് നേരെയുള്ള വിമര്‍ശനത്തോട് യോജിക്കുന്നില്ല. അതിജീവതയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പ്രോസിക്യൂട്ടറെ ഉള്‍പ്പെടെ വെച്ചത്. പ്രതികള്‍ക്ക് 20 വര്‍ഷം ശിക്ഷ കിട്ടിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായെന്ന് ആരെങ്കിലും പറയുമോയെന്നും മന്ത്രി ചോദിച്ചു.
കേസിലെ പ്രതികള്‍ ഓരോരുത്തര്‍ക്കും 20 വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയൊടുക്കാനുമാണ് കോടതി ഉത്തരവ്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.കൂട്ട ബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കുമാണ് ശിക്ഷ. പ്രതികളുടെ പ്രായം കോടതി പരിഗണിച്ചു. 40 വയസ്സിന് താഴെയുള്ളവരാണ് പ്രതികള്‍ എല്ലാവരും. പ്രതികള്‍ വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.




