Ongoing News
ഇറാഖിനെതിരെ സമനില; ലോകകപ്പിന് യോഗ്യത നേടി സഊദി
തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് സഊദി ലോകകപ്പ് യോഗ്യത നേടുന്നത്. മറ്റൊരു മത്സരത്തില്‍ 2-1 ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സിനെ പരാജയപ്പെടുത്തി ഖത്വറും യോഗ്യത ഉറപ്പിച്ചു.

റിയാദ് | ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടില്‍ ഇറാഖിനെതിരെ ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും സഊദി അറേബ്യ ലോകകപ്പ് 2026 ന് യോഗ്യത നേടി. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരമാണ് സമനിലയില്‍ കലാശിച്ചത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് സഊദി ലോകകപ്പ് യോഗ്യത നേടുന്നത്. മറ്റൊരു മത്സരത്തില്‍ 2-1 ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സിനെ പരാജയപ്പെടുത്തി ഖത്വറും യോഗ്യത ഉറപ്പിച്ചു.
സ്വന്തം മണ്ണില്‍ നടന്ന സഊദിയുടെ നിര്‍ണായക മത്സരം കാണാന്‍ 60,000ത്തില്‍ അധികം ഫുട്‌ബോള്‍ പ്രേമികളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു. ഫ്രഞ്ച് പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡിന് കീഴിലായിരുന്നു സഊദി ടീമിന്റെ പരിശീലനം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇറാഖ് അടുത്ത മാസം നടക്കുന്ന പ്ലേഓഫില്‍ ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പായ യു എ ഇയെ നേരിടും.
കാനഡ, യു എസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ലോകകപ്പ്-2026ന് ആതിഥേയത്വം വഹിക്കുന്നത്. 2022 ലെ ടൂര്‍ണമെന്റിന് ഖത്വറായിരുന്നു ആതിഥേയത്വം വഹിച്ചത്. 2034 ലെ ലോകകപ്പിന് വേദിയാകുന്ന സഊദി അറേബ്യ വടക്കേ അമേരിക്കയില്‍ ഏഴാം തവണയാണ് ലോകകപ്പിനെത്തുക. 2022-ലെ ഖത്വര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സഊദി ശക്തരായ അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു.