Connect with us

Kerala

പേരാമ്പ്ര സംഘര്‍ഷം; യു ഡി എഫിനു താക്കീതുമായി എല്‍ ഡി എഫ് വിശദീകരണ യോഗം

സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളുവെന്നും ഇ പി ജയരാജന്‍

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്ര സംഘര്‍ഷത്തിനു ശ്രമിച്ച യു ഡി എഫിന് താക്കീതുമായി ഇടതുമുന്നണിയുടെ വിശദീകരണ യോഗം. വന്‍തോതില്‍ ജനങ്ങളെ അണിനിരത്തി നടന്ന യോഗം സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളു എന്നും ഇ പി യു ഡി എഫിനു മുന്നറിയിപ്പു നല്‍കി. ഷാഫി പറമ്പില്‍ എം പിയെ പരാമാര്‍ശിച്ചായിരുന്നു ഇ പിയുടെ പ്രസംഗം.

ഷാ ഫി എംപിയായത് നാടിന്റെ കഷ്ടകാലമാണ്. അഹംഭാവവും ധിക്കാരവുമൊക്കെ കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതി. ബോംബ് എറിഞ്ഞിട്ടും സമാധാന പരമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ഇ പി പറഞ്ഞു.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പൊതു യോഗത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതില്‍ ഉത്തരവാദി യു ഡി എഫ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മൂക്കിന്റെ എല്ലുപൊട്ടിയ ആള്‍ എങ്ങനെ പ്രസംഗിച്ചുവെന്നും എല്ലാ തെളിവുകളും പോലീസ് പരിശോധിക്കണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഷാഫി അക്രമികളോടൊപ്പം ചേര്‍ന്ന് പോലീസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കി.

അക്രമി സംഘം പോലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യു ഡി എഫ് ശ്രമമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര റസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ നിരവധി സ്ത്രീകളും പങ്കെടുത്തു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍, ജില്ലാ സെക്രട്ടറി എം മെഹബൂബ്, സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ബാലന്‍, ആര്‍ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം എന്‍ കെ വത്സന്‍, എന്‍ സി പി സംസ്ഥാന സെക്രട്ടറി ഒ രാജന്‍, എസ് കെ സജീഷ്, കെ കുഞ്ഞമ്മദ്, ബേബി കാപ്പുകാട്ടില്‍, എന്‍ കെ അബ്ദുള്‍ അസീസ്, കെ ലോഹ്യ, ശോഭ അബൂബക്കര്‍, ടി കെ ബാലഗോപാലന്‍, കെ പ്രദീപ് കുമാര്‍, പി കെ എം ബാലകൃഷ്ണന്‍ സംസാരിച്ചു.