Articles
കുഴക്കിയ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍
പുതിയ ആശയങ്ങള്‍ മനസ്സിലുദിച്ചതുകൊണ്ട് മാത്രം ഒരു നാടും വളരില്ലെന്ന് ചരിത്രത്തിന്റെ താളുകള്‍ സാക്ഷ്യപ്പെടുത്തി ജോയല്‍ മോക്കിര്‍ വാദിക്കുന്നു

2025ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നീ മൂന്ന് പ്രതിഭകളാണ് പങ്കിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ മാത്രം സാമ്പത്തികമായി നിരന്തരം മുന്നേറുന്നത്? എങ്ങനെയാണ് ആ വളര്‍ച്ചയുടെ ജൈത്രയാത്ര നിലനിര്‍ത്തുന്നത്? പതിറ്റാണ്ടുകളായി സാമ്പത്തിക ശാസ്ത്രജ്ഞരെ കുഴക്കിയ ഈ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഉത്തരം നല്‍കിയതിനാണ് ലോകം ഇവരെ ആദരിക്കുന്നത്. കേവലം കണ്ടുപിടിത്തങ്ങളല്ല, മറിച്ച് അതിന് കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങളും, പഴയതിനെ തകര്‍ത്ത് പുതിയതിനെ പ്രതിഷ്ഠിക്കുന്ന “സര്‍ഗാത്മക തകര്‍ച്ച’യുമാണ് (Creative Destruction) വളര്‍ച്ചയുടെ അടിസ്ഥാനമെന്നാണ് ഇവരുടെ പഠനങ്ങള്‍ ലോകത്തോട് പറയുന്നത്.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ ലോകചരിത്രത്തിലെ അഭൂതപൂര്‍വമായ കുതിച്ചുചാട്ടത്തിന്റെ കാലഘട്ടമാണ്. അമേരിക്കയും യൂറോപ്പുമടങ്ങുന്ന ഒരുപറ്റം രാജ്യങ്ങള്‍ അതുവരെയില്ലാത്ത സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. അവിടുത്തെ സാധാരണക്കാരുടെ ജീവിതനിലവാരം കുതിച്ചുയര്‍ന്നു. പ്രതിവര്‍ഷം കേവലം മൂന്ന് ശതമാനം വളര്‍ച്ച നേടിയാല്‍ പോലും ഒരു തലമുറക്കുള്ളില്‍ (25 വര്‍ഷം) ഒരു രാജ്യത്തിന് അതിന്റെ സമ്പത്ത് ഇരട്ടിയാക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞു. ഈ വളര്‍ച്ചയുടെ രഹസ്യം തേടിയുള്ള അന്വേഷണത്തില്‍ റോബര്‍ട്ട് സോളോ, പോള്‍ റോമര്‍ പോലുള്ള മുന്‍ നൊബേല്‍ ജേതാക്കള്‍ തുടങ്ങിവെച്ച വഴികള്‍ പൂര്‍ത്തിയാക്കുകയാണ് ഇവര്‍.
പുതിയ ആശയങ്ങള്‍ മനസ്സിലുദിച്ചതുകൊണ്ട് മാത്രം ഒരു നാടും വളരില്ലെന്ന് ചരിത്രത്തിന്റെ താളുകള്‍ സാക്ഷ്യപ്പെടുത്തി ജോയല്‍ മോക്കിര്‍ വാദിക്കുന്നു. അറിവിന് രണ്ട് മുഖങ്ങളുണ്ട്. ഒന്ന്, പുസ്തകത്താളുകളില്‍ ഉറങ്ങിക്കിടക്കുന്ന സൈദ്ധാന്തിക ജ്ഞാനം (“എന്ത്’). രണ്ട്, അതിനെ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്ന പ്രായോഗിക ജ്ഞാനം (“എങ്ങനെ’). വ്യാവസായിക വിപ്ലവത്തിന് മുന്പുള്ള യൂറോപ്പില്‍ സൈദ്ധാന്തിക അറിവുകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. എന്നാല്‍, ആ അറിവുകള്‍ക്ക് ജീവന്‍ നല്‍കി പണിശാലകളിലേക്ക് ഇറങ്ങിവന്ന വ്യാവസായിക വിപ്ലവത്തോടെയാണ് യഥാര്‍ഥ സാമ്പത്തിക കുതിപ്പ് തുടങ്ങിയത്. അറിവിനെ പ്രവൃത്തിയിലേക്ക് പരിഭാഷപ്പെടുത്തുന്ന ഒരു സംസ്‌കാരം വളര്‍ന്നുവന്നതാണ് ആ ചരിത്ര മുന്നേറ്റത്തിന് പിന്നിലെന്ന് മോക്കിര്‍ അടിവരയിട്ട് പറയുന്നു.
സാമ്പത്തിക വളര്‍ച്ചയെന്നത് ഒരിക്കലും നേര്‍രേഖയിലുള്ള ഒരു യാത്രയല്ല, മറിച്ച് പഴയതിനെ തകര്‍ത്തെറിഞ്ഞ് പുതിയത് കെട്ടിപ്പടുക്കുന്ന ഒരു പ്രക്രിയയാണെന്നാണ് ഫിലിപ്പ് ആഗിയോണും പീറ്റര്‍ ഹൊവിറ്റും മുന്നോട്ടുവെക്കുന്നത്. ജോസഫ് ഷുംപീറ്റര്‍ മുന്നോട്ടുവെച്ച “സര്‍ഗാത്മക തകര്‍ച്ച’ എന്ന ആശയത്തിന് ഇവര്‍ ഗണിതശാസ്ത്രപരമായ ചട്ടക്കൂടൊരുക്കി. ഇതനുസരിച്ച്, പുരോഗതിയുടെ ഓരോ പുതിയ അധ്യായവും പഴയ ഒന്നിന്റെ അന്ത്യത്തോടെയാണ് തുടങ്ങുന്നത്. കാറുകള്‍ നിരത്തുകള്‍ കീഴടക്കിയപ്പോള്‍ കുതിരവണ്ടികള്‍ ഇല്ലാതായി. കൈവെള്ളയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതാക്കിയത് ക്യാമറ മുതല്‍ അലാറം ക്ലോക്ക് വരെയുള്ള ഒരുപിടി വ്യവസായങ്ങളെയാണ്. നെറ്റ്ഫ്‌ലിക്‌സ് വന്നപ്പോള്‍ സി ഡി കടകള്‍ക്ക് താഴുവീണു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടാം, പ്രതിസന്ധികള്‍ ഉണ്ടാകാം. എന്നാല്‍ ഈ കൊടുങ്കാറ്റാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്.
ഇവിടെയാണ് ഭരണകൂടങ്ങളുടെ പങ്ക് നിര്‍ണായകമാകുന്നത്. മാറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിന് പകരം, ആ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ ജനങ്ങളെ സഹായിക്കുകയാണ് വേണ്ടത്. പഴയതിനെ സംരക്ഷിക്കുന്നതിന് പകരം, പുതിയതിലേക്ക് മാറാനുള്ള അവസരങ്ങള്‍ ഒരുക്കണം. ചുരുക്കത്തില്‍, അറിവും പ്രയോഗവും, അതില്‍നിന്നുണ്ടാകുന്ന നവീകരണവും, ആ നവീകരണം സൃഷ്ടിക്കുന്ന തകര്‍ച്ചയും പുതിയ തുടക്കങ്ങളും, ഇവക്കെല്ലാം പിന്തുണ നല്‍കുന്ന സാമൂഹിക-ഭരണ സംവിധാനങ്ങളും ചേരുമ്പോഴാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാവി ശോഭനമാകുന്നത്. ഈയൊരു സന്ദേശമാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ലോകത്തിന് മുന്നില്‍ തുറന്നിടുന്നത്.