From the print
ഗസ്സയിലും വെസ്റ്റ്ബാങ്കിലും വീടുകൾ പൊളിച്ചുനീക്കുന്നു; കൗമാരക്കാരെ കൊന്ന് സൈന്യം
ഡ്രോൺ ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു
ജറൂസലം | അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ രണ്ട് പേരെ വെടിവെച്ച് കൊന്ന് ഇസ്‌റാഈൽ സൈന്യം. സൈനികർക്ക് നേരെ കാർ ഇടിച്ചുകയറ്റാനും കത്തിക്കുത്ത് നടത്താനും ശ്രമിച്ചുവെന്നാരോപിച്ചാണ് രണ്ട് പേരെ കൊന്നത്. സൈനികർക്ക് നേരെ കാറോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് 17കാരനായ മുഹമ്മദ് സുഗൈറിനെ ഹെബ്രോണിലെ അബു ദഅ്ജാനിലും സൈനികനെ കുത്തിക്കൊല്ലാൻ ശ്രമിച്ചുവെന്നാരോപിച്ച് വടക്കുപടിഞ്ഞാറൻ റാമല്ലയിലെ ഉമ്മുസഫക്കടുത്ത് 18കാരനായ മുഹമ്മദ് അസ്മാറിനെയുമാണ് വെടിവെച്ച് കൊന്നത്.
മധ്യ ഖാൻയൂനുസിൽ ഇസ്‌റാഈൽ ഡ്രോൺ ആക്രമണത്തിൽ ഫോട്ടോ ജേർണലിസ്റ്റ് മഹ്്മൂദ് വാദി കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 260 ആയി.
ഗസ്സാ നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിരവധി റെസിഡൻഷ്യൽ ബിൽഡിംഗുകൾ ബുൾഡോസർ ഉപയോഗിച്ച് സൈന്യം തകർത്തു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കെട്ടിടങ്ങൾ തകർത്തു. ബത്‌ലഹേമിന് പടിഞ്ഞാറ് അൽ വലജയിൽ രണ്ട് അപ്പാർട്‌മെന്റുകളാണ് പൊളിച്ചത്. അതിനിടെ നബ്‌ലുസിലെ വടക്കുപടിഞ്ഞാറൻ ഗ്രാമമായ ബുർഖയിൽ ജൂത കൈയേറ്റക്കാർ ഗ്രാമവാസികളെ ആക്രമിച്ചു. ട്രാക്ടർ കത്തിക്കുകയും ചെയ്തു.




