Kerala
ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം
രാഹുലിനെതിരായ രണ്ടാം പരാതിയില്‍ കേസെടുക്കുന്നതിലും തീരുമാനം ഇന്നുണ്ടാകും.
തിരുവനന്തപുരം | ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് ഇന്ന് നിര്‍ണായകം. ബലാത്സംഗ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രാഹുലിനെതിരായ രണ്ടാം പരാതിയില്‍ കേസെടുക്കുന്നതിലും തീരുമാനം ഇന്നുണ്ടാകും. ഏഴ് ദിവസമായി ഒളിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
വിവാഹ വാഗ്ദാനം നല്‍കിയ ശേഷം രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്നലെ മറ്റൊരു യുവതി രംഗത്തെത്തിയിരുന്നു. കേരളത്തിന് പുറത്തുള്ളയാളാണ് പരാതിക്കാരി. കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ് ഇ മെയില്‍ മുഖേന പരാതി നല്‍കിയത്. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരാതി അയച്ചത്. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
നേരത്തെ, മുഖ്യമന്ത്രിക്ക് ലഭിച്ച മറ്റൊരു പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ് നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ രാഹുലിനായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.




