Connect with us

From the print

കാസര്‍കോട് മേധാവിത്വം തുടരാന്‍ ഇടത് മുന്നണി; ചരിത്രം തിരുത്താന്‍ യു ഡി എഫ്

സീറ്റുകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനും നഗര- ഗ്രാമ ഭേദമന്യേ മിക്കയിടത്തും നടക്കുന്നത് കനത്ത പോരാട്ടമാണ്.

Published

|

Last Updated

കാസര്‍കോട് | തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടുകള്‍ പരമാവധി ഉറപ്പിക്കാന്‍ മുന്നണികള്‍. സീറ്റുകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനും നഗര- ഗ്രാമ ഭേദമന്യേ മിക്കയിടത്തും നടക്കുന്നത് കനത്ത പോരാട്ടമാണ്. പൊതുവെ ഇടതിന് മേല്‍ൈക്കയുള്ള കാസര്‍കോട് ജില്ലയില്‍ ഇത്തവണയും ആധിപത്യം നിലനിര്‍ത്താനുള്ള ഭഗീരഥ പോരാട്ടത്തിലാണ് പാർട്ടി പ്രവർത്തകരും സ്ഥാനാര്‍ഥികളും.

എണ്ണയിട്ട യന്ത്രം പോലെ ചിട്ടയായ പ്രവര്‍ത്തനങ്ങളുമായാണ് മുക്കിലും മൂലയിലും ഇടത് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കളംനിറയുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും ഭൂരിഭാഗം ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളും എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ ഇളകാത്ത പച്ചക്കോട്ടയായി നിലനില്‍ക്കുന്നത് മുസ്‌ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭ മാത്രമാണ്.

ചെങ്കള ഡിവിഷനില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അട്ടിമറി വിജയത്തോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് ഭരണം ഇടത്തോട്ട് ചാഞ്ഞത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്്ഷാനവാസ് പാദൂരിന്റെ പിന്തുണയിലാണ് എല്‍ ഡി എഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചത്. ഇത്തവണ ഒരെണ്ണം വര്‍ധിച്ച് സീറ്റുകൾ 18 ആയിട്ടുണ്ട്. ഇക്കുറിയും സ്വതന്ത്രരുടെ പിന്തുണ തേടാനാണ് എല്‍ ഡി എഫ് തീരുമാനം. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് ഇരു മുന്നണികളും കണക്കുകൂട്ടുന്നു.

ദേലംപാടിയും പുതുതായി രൂപവത്കരിച്ച ബേക്കലും യു ഡി എഫിനും എല്‍ ഡി എഫിനും കടുപ്പമാണെന്നാണ് വിലയിരുത്തല്‍. ഈ ഡിവിഷനുകളിലെ ഫലമാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം ആര്‍ക്ക് അനുകൂലമാകുമെന്ന് തീരുമാനിക്കുക. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുന്നതോടൊപ്പം കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളുമാണ് ഇടത് മുന്നണി ലക്ഷ്യംവെക്കുന്നത്.

കാസര്‍കോട് നഗരസഭാ ഭരണം എല്‍ ഡി എഫ് സ്വപ്‌നം കാണുന്നേയില്ല. എന്നാൽ, കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി കാഞ്ഞങ്ങാട് നഗരസഭ ഭരിച്ച എല്‍ ഡി എഫ് ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന ആത്മ വിശ്വാസത്തിലാണ്. അതേസമയം, നഗരസഭാ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ഇവിടെ വി വി രമേശനാണ് എല്‍ ഡി എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. ഏഴാം വാര്‍ഡായ അതിയാമ്പൂരില്‍ നിന്നാണ് രമേശന്‍ മത്സരിക്കുന്നത്. രമേശനെ വീണ്ടും ഗോദയിലിറക്കിയത് തന്നെ നഗര ഭരണം നിലനിര്‍ത്താനാണ്. സി പി എമ്മിന്റെ ഉറച്ച കോട്ടയാണ് അതിയാമ്പൂര്‍ വാര്‍ഡ്. അതിനാല്‍ വി വി രമേശന്റെ വിജയം സുനിശ്ചിതമാണെന്ന് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നു.
ഈ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സി എം പിയിലെ പി പി നിവേദ് ആണ്. മുന്‍ ബി ജെ പി നേതാവ് ടി വി അജയകുമാര്‍ സ്വതന്ത്രനായി രംഗത്തുണ്ട്. 2015ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് കാഞ്ഞങ്ങാട് നഗരസഭ പിടിച്ചെടുത്താണ് വി വി രമേശന്‍ ചെയര്‍മാനാകുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ വീട് നിര്‍മിച്ചുകൊടുത്ത നഗരസഭ എന്ന ഖ്യാതി കാഞ്ഞങ്ങാട് നഗരസഭക്ക് നേടിക്കൊടുത്തത് വി വി രമേശന്റെ ഭരണകാലത്താണ്. ഇതിന്റെ ഫലമായി 2020ലെ തിരഞ്ഞെടുപ്പിലും ഇവിടെ എല്‍ ഡി എഫ് അധികാരത്തിലെത്തി. കെ വി സുജാതയാണ് ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടത്.

വി വി രമേശന്റെയും കെ വി സുജാതയുടെയും ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഇത്തവണ എല്‍ ഡി എഫ് വോട്ട് തേടുന്നത്. യു ഡി എഫ് ആകട്ടെ നഗരഭരണം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. മുസ്‌ലിം ലീഗിലെ എം പി ജഅ്ഫറാണ് യു ഡി എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. 2020ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ 43 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ നാല് വാര്‍ഡുകള്‍ കൂടി 47ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ എല്‍ ഡി എഫും 13 ഇടത്ത് യു ഡി എഫും അഞ്ച് സീറ്റില്‍ എന്‍ ഡി എയുമാണ് വിജയിച്ചത്.
തുടര്‍ച്ചയായ നാലാം തവണയും നീലേശ്വരം നഗര ഭരണം നിലനിര്‍ത്താനാണ് ഇടത് മുന്നണി കരുക്കള്‍ നീക്കുന്നത്. ചരിത്രം തിരുത്തിക്കുറിക്കാൻ യു ഡി എഫും കളത്തിൽ സജീവമാണ്. നഗരസഭ രൂപവത്കരിച്ചത് മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച ചരിത്രമാണ് നീലേശ്വരത്തിന്റേത്. പൊതുപ്രവര്‍ത്തന രംഗത്ത് സുപരിചിതരായവരെയും യുവാക്കളെയും ഗോദയിലിറക്കിയാണ് നീലേശ്വരം നഗരസഭയില്‍ ഭരണത്തുടര്‍ച്ചക്കുള്ള എല്‍ ഡി എഫിന്റെ പടയോട്ടം. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭയില്‍ നടപ്പാക്കിയ വികസന- ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് എൽ ഡി എഫ് ക്യാമ്പ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നഗരസഭയിലെ കൂടുതല്‍ വാര്‍ഡുകളില്‍ ഇടത് തേരോട്ടമുണ്ടാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

2020ല്‍ ആകെയുള്ള 32 വാര്‍ഡുകളില്‍ 21ൽ എൽ ഡി എഫും ഒമ്പത് സീറ്റിൽ യു ഡി എഫും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ്സ് വിമതയും ഒരു സീറ്റില്‍ എസ് ഡി പി ഐയുമാണ് ജയിച്ചത്. നീലേശ്വരം പഞ്ചായത്ത് 2010ലാണ് നഗരസഭയായി ഉയര്‍ത്തിയത്. വാര്‍ഡ് വിഭജനത്തോടെ ഇത്തവണ 34 വാര്‍ഡുകളായിട്ടുണ്ട്. എല്‍ ഡി എഫില്‍ സ്വതന്ത്രരുള്‍പ്പെടെ 31 വാര്‍ഡുകളില്‍ സി പി എമ്മും ഒരിടത്ത് സി പി ഐയും രണ്ടിടത്ത് ഐ എന്‍ എല്ലുമാണ് മത്സരിക്കുന്നത്. കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം എം വി വാസന്തി സി പി എമ്മിന്റെ ശക്തികേന്ദ്രമായ കാര്യങ്കോട്ട് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഔദ്യോഗിക പക്ഷത്തിന് തലവേദനയായിട്ടുണ്ട്. സി പി എമ്മിലെ പി കെ ഷിജിതക്കെതിരെയാണ് വാസന്തിയുടെ പടയൊരുക്കം.
എന്നാല്‍, ഇക്കുറി നീലേശ്വരം നഗരസഭാ ഭരണം എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ്. തുടര്‍ച്ചയായ 15 വര്‍ഷം നഗരസഭ ഭരിച്ചിട്ടും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടത് ഭരണ സമിതിക്ക് സാധിച്ചില്ലെന്ന് യു ഡി എഫ് കുറ്റപ്പെടുത്തുന്നു. 34ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്കെതിരെ വിമതന്‍ രംഗത്തുള്ളത് വെല്ലുവിളിയായിട്ടുണ്ട്.

34 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് 29, മുസ്‌ലിം ലീഗ് അഞ്ച് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് ഏഴിടത്തും മുസ്‌ലിം ലീഗ് രണ്ടിടത്തുമാണ് വിജയിച്ചത്.

---- facebook comment plugin here -----

Latest