Articles
ഈ മരണശിക്ഷ ഗസ്സയുടെ ദുരിതപര്‍വം പകര്‍ത്തിയതിന്!
പലപ്പോഴും അദ്ദേഹത്തിന്റെ ശബ്ദമിടറി. അപ്പോഴും ഗസ്സയെന്ന വികാരത്തോടൊപ്പം, മനുഷ്യര്‍ക്കൊപ്പം നിലകൊണ്ടു അദ്ദേഹം. വളരെയധികം കഷ്ടപ്പെട്ട് യുദ്ധഭൂമിയിലെ യഥാര്‍ഥ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടേയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ദിവസം സ്വാലിഹ് ചിരിച്ച്, കരഞ്ഞുകൊണ്ട് നടത്തിയ വീഡിയോ സ്റ്റോറി അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ ലോകത്തുടനീളമുള്ള മനുഷ്യര്‍ ഏറെ വേദനയോടെ പങ്കുവെക്കുന്നുണ്ട്

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പിറ്റേന്നാണ് സ്വാലിഹ് അല്‍ജഅ്ഫറാവി എന്ന ധീരനായ മാധ്യമ പ്രവര്‍ത്തകനെ ഇസ്റാഈല്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്. അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഏറെ വൈകാരികമായ വാര്‍ത്തയായിരുന്നു അത്. ഇരുപത്തിയെട്ട് വയസ്സ് പ്രായമുണ്ടായിരുന്ന സ്വാലിഹിന്റെ രക്തസാക്ഷിത്വം കവര്‍ ചെയ്ത അല്‍ജസീറ ഒക്ടോബര്‍ 12ന് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫലസ്തീനില്‍ ജീവന്‍ പൊലിഞ്ഞത് 278 മാധ്യമ പ്രവര്‍ത്തകരാണ്. അവരുടെ മുഴുവന്‍ പേരുകളും അല്‍ജസീറ പുറത്തുവിടുകയുണ്ടായി.
ഗസ്സ മുനമ്പില്‍ രണ്ട് വര്‍ഷമായി തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിച്ച് ഹമാസും ഇസ്റാഈലും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ്, ഗസ്സ സിറ്റിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്‍ സ്വാലിഹ് കൊല്ലപ്പെട്ടത്. ഗസ്സയിലെ ദുരിതപര്‍വം ഏറ്റവും നന്നായി ലോകത്തിന് മുന്നിലെത്തിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഗസ്സന്‍ ജനത നേരിടുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളും കുട്ടികളുടെ ദുരിതജീവിതവും സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികള്‍ കണ്ടത് സ്വാലിഹിന്റെ ക്യാമറയിലൂടെയായിരുന്നു. ജീവന്‍ പോലും നോക്കാതെ ഈ യുവാവ് നടത്തിയ റിപോര്‍ട്ടിലൂടെയായിരുന്നു. വിശന്നുപൊരിയുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ യഥാര്‍ഥ ചിത്രങ്ങള്‍ സ്വാലിഹ് ഒപ്പിയെടുത്ത് പുറംലോകത്തെത്തിച്ചു. ഇസ്റാഈല്‍ നടത്തിവരുന്ന വംശഹത്യയില്‍ അപകടത്തില്‍പ്പെട്ട നൂറുകണക്കിന് ആളുകളെയാണ് ഈ മനുഷ്യസ്നേഹി രക്ഷപ്പെടുത്തിയത്. കുഞ്ഞുങ്ങള്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ നിലവിളിച്ചപ്പോഴൊക്കെ സ്വാലിഹ് തന്റെ ക്യാമറ താഴെവെച്ച്, അവരെ രക്ഷിക്കാന്‍ ഓടിയെത്തി. അപ്പോഴും തന്റെ ജീവനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പോലും ഓര്‍ത്തില്ല. റിപോര്‍ട്ടിംഗിനിടയില്‍ സ്വാലിഹ് കരഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്റെ ശബ്ദമിടറി. അപ്പോഴും ഗസ്സയെന്ന വികാരത്തോടൊപ്പം, മനുഷ്യര്‍ക്കൊപ്പം നിലകൊണ്ടു അദ്ദേഹം. വളരെയധികം കഷ്ടപ്പെട്ട് യുദ്ധഭൂമിയിലെ യഥാര്‍ഥ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടേയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ദിവസം സ്വാലിഹ് ചിരിച്ച്, കരഞ്ഞുകൊണ്ട് നടത്തിയ വീഡിയോ സ്റ്റോറി അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ ലോകത്തുടനീളമുള്ള മനുഷ്യര്‍ ഏറെ വേദനയോടെ പങ്കുവെക്കുന്നുണ്ട്.
ഇസ്റാഈല്‍ പിന്തുണയുള്ള ഒരു സംഘം ഗസ്സയില്‍ കടന്നുവന്ന് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും സ്വാലിഹ് എന്ന ധീരനായ പത്രപ്രവര്‍ത്തകനെ വളഞ്ഞിട്ട് ഏഴ് തവണ വെടിവെച്ചു കൊല്ലുകയുമായിരുന്നു. ഞായറാഴ്ച സാബ്രയില്‍ ഹമാസ് സുരക്ഷാ സേനയും ദോഗ്മുശ് വംശജരായ ആളുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഈ ഏറ്റുമുട്ടലിനിടെ സ്വാലിഹിനെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ഈ ഏറ്റുമുട്ടലില്‍ ഇസ്‌റാഈല്‍ അധിനിവേശവുമായി ബന്ധമുള്ള ഒരു സായുധ ടീം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗസ്സയിലെ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അല്‍ജസീറ അറബിക്കിനോട് പറഞ്ഞിട്ടുണ്ട്.
ഹമാസിനും ഇസ്റാഈലിനും ഇടയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയാകുന്നതു വരെ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തിന്റെ നാശവും മനുഷ്യ നഷ്ടവും കൃത്യമായി രേഖപ്പെടുത്താന്‍ മുന്നില്‍ നിന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു സ്വാലിഹ്. ജനുവരിയില്‍, ഈ യുദ്ധം എങ്ങനെയാണ് തന്നെ വിടാതെ പിന്തുടരുന്നതെന്ന്, തന്നെ വേട്ടയാടുന്നതെന്ന് അല്‍ജസീറയോട് അല്‍ജഅ്ഫറാവി സംസാരിച്ചിരുന്നു. “ഈ 467 ദിവസങ്ങളില്‍ ഞാന്‍ കടന്നുപോയ എല്ലാ രംഗങ്ങളും സാഹചര്യങ്ങളും എന്റെ ഓര്‍മയിലുണ്ട്. ഒന്ന് പോലും എന്നെ വിട്ടുപോകുന്നില്ല. ഞങ്ങള്‍ നേരിട്ട ഭീകരമായ സാഹചര്യങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ വേദനയാണ് എന്നെ ഗസ്സയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാതെയാണ് ഈ വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നതെ’ന്ന് ഇടക്കിടെ അദ്ദേഹം പറയുമായിരുന്നു. ഒരു ട്രക്കിന്റെ പിന്‍ഭാഗത്ത് “പ്രസ്സ്’ എന്നെഴുതിയ ജാക്കറ്റ് ധരിച്ച അദ്ദേഹത്തിന്റെ മൃതദേഹം കാണിക്കുന്ന ദൃശ്യങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പതിനായിരങ്ങള്‍ പങ്കുവെച്ച ഈ വീഡിയോയില്‍ അദ്ദേഹത്തിന് ചുറ്റും സുഹൃത്തുക്കള്‍ വാവിട്ടുകരയുന്നുണ്ട്. സ്വാലിഹിന്റെ അവസാന നിമിഷങ്ങളായിരുന്നു അത്. അല്ലാഹുവിന്റെ പേര് വിളിച്ചാണ് അവസാനം ഈ ധീരരക്തസാക്ഷി കണ്ണടക്കുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു.
“ഒരു നാള്‍ ഈ ഭൂമി സ്വതന്ത്രമാകും. അന്ന് ഞങ്ങള്‍ ഫലസ്തീന്‍ മണ്ണിനെക്കുറിച്ചുള്ള പാട്ടുകള്‍ പാടും. അതിക്രമികള്‍ പരാജയപ്പെടും. അന്ന് ഞങ്ങള്‍ പുഞ്ചിരിക്കും.’ മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട ഒരു വീഡിയോയില്‍ സ്വാലിഹ് അല്‍ജഅ്ഫറാവി പറഞ്ഞ വാക്കുകള്‍. വിട, ധീരനായ മാധ്യമ പ്രവര്‍ത്തകന്.