Connect with us

Articles

മുന്‍കരുതല്‍ വേണം, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

ഭാവിയില്‍ സുരക്ഷിതവും മനുഷ്യജീവനെ മാനിക്കുന്ന തരത്തിലുള്ളതുമായ ക്രൗഡ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നത് വഴി മാത്രമേ സമൂഹത്തിന് സുരക്ഷിതമായ സംഗമങ്ങളുടെ അനുഭവം സമ്മാനിക്കാനാകൂ. അര്‍ജന്റീന ടീം ഉള്‍പ്പെടെ കേരളത്തിലേക്ക് വരുന്നു എന്ന അറിയിപ്പ് അടുത്തിടെ പുറത്തുവന്നിരുന്നു. വലിയ ഒരു ജനക്കൂട്ടത്തെ തന്നെ പ്രതീക്ഷിക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകള്‍ തന്നെ സ്വീകരിക്കേണ്ടതുണ്ട്. ഭരണകൂടം ആ വിഷയം ഗൗരവമായി കൈകാര്യം ചെയ്യണം. മറ്റൊരു ദുരന്തം ആവര്‍ത്തിക്കരുത്.

Published

|

Last Updated

മനുഷ്യ ചരിത്രത്തില്‍ ജനക്കൂട്ടങ്ങള്‍ എന്നും വലിയൊരു സാമൂഹിക- രാഷ്ട്രീയ ശക്തിയായി നിലകൊണ്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം മനസ്സിലാക്കാതെ നടത്തുന്ന സംഗമങ്ങളും പ്രദര്‍ശനങ്ങളും പലപ്പോഴും ഭീകരമായ ദുരന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. രാഷ്ട്രീയ റാലികള്‍, കായിക ആഘോഷങ്ങള്‍, സാംസ്‌കാരിക ഉത്സവങ്ങള്‍ തുടങ്ങിയവയില്‍ വലിയ തോതില്‍ ആളുകള്‍ ഒരുമിച്ചു ചേരുന്നത് പതിവാണ്. എന്നാല്‍ ഇത്തരം കൂട്ടായ്മകളില്‍ പലപ്പോഴും ക്രമസമാധാനം നഷ്ടപ്പെടുകയും വ്യക്തിയുടെ മാനസികാവസ്ഥ മാറുകയും ചെയ്യും.

ആള്‍ക്കൂട്ട മനോഭാവം
കൂട്ടത്തിലെ വ്യക്തിയുടെ മനോഭാവം, അവന്‍ ഒറ്റക്കിരിക്കുമ്പോഴുള്ള മനോഭാവത്തോട് സാമ്യമില്ല. പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ ഗുസ്തവ് ലീ ബോണ്‍ പറഞ്ഞതുപോലെ, ജനക്കൂട്ടത്തില്‍ വ്യക്തികള്‍ അവരുടെ വ്യക്തിഗത തിരിച്ചറിവും നിയന്ത്രണബോധവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. ഇത് ‘ഡിഇന്റിവിജ്വലൈസേഷന്‍’ എന്നറിയപ്പെടുന്നു. ഒരാളുടെ തീരുമാനങ്ങള്‍, കൂട്ടത്തിന്റെ വികാരങ്ങളാലും അവിടെ ഉയരുന്ന കൂട്ടായ ആവേശത്താലും നിയന്ത്രിക്കപ്പെടും. അതിനാല്‍ തന്നെ, സാധാരണ സാഹചര്യങ്ങളില്‍ ഭയപ്പെടുകയോ പിന്തിരിയുകയോ ചെയ്യുന്ന ഒരാള്‍, കൂട്ടത്തിനിടയില്‍ സാഹസികമായോ അപകടകരമായോ പ്രവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്.

കാലിക സംഭവങ്ങളുടെ പശ്ചാത്തലം
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടന്ന പല ദുരന്തങ്ങളും ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിന്റെ അപകടകരമായ സ്വഭാവത്തെ തെളിയിച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ തമിഴ്നാട്ടില്‍ നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ റാലിയില്‍ ഉണ്ടായ തിരക്ക് 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കി. സംഭവസ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതിരുന്നതും നിയന്ത്രിത പ്രവേശന മാര്‍ഗങ്ങള്‍ ഒരുക്കാത്തതും വലിയ ദുരന്തത്തിന് വഴിയൊരുക്കി. അതുപോലെ, 2024ലെ ഹാഥ്റസ് മതസമ്മേളനത്തിലെ തിക്കിലും തിരക്കിലും നൂറിലധികം പേര്‍ മരിച്ചു. എന്‍ട്രി, എക്സിറ്റ് മാര്‍ഗങ്ങളിലെ അപാകതകളും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവങ്ങളും കാരണം സംഭവിച്ചതാണ് ഈ ദുരന്തം. അതുപോലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ വിക്റ്ററി പരേഡും ദുരന്ത ഭൂമിയായി. കേരളത്തിലും ഗോവയിലുമെല്ലാം നടന്ന ചില മതപരമായ സംഗമങ്ങളില്‍ ആളുകള്‍ ഒരുമിച്ചു ചേര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സംഭവങ്ങള്‍ ദുരന്തങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. ഈ ഉദാഹരണങ്ങള്‍ ഒരു വലിയ സത്യം ഓര്‍മിപ്പിക്കുന്നു, ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ മനശ്ശാസ്ത്രപരവും സാങ്കേതികവുമായ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍, ചെറിയൊരു പിഴവ് പോലും വലിയ ജീവഹാനിക്ക് കാരണമാകും.

എവിടെയാണ് പാളിച്ച പറ്റുന്നത്?
ഈ സംഭവങ്ങളില്‍ കാണുന്ന പൊതുവായ ഘടകങ്ങള്‍ ചിലതാണ്. ആളുകളുടെ യഥാര്‍ഥ എണ്ണം കൃത്യമായി കണക്കാക്കാതെ പരിപാടികള്‍ സംഘടിപ്പിക്കുക, ഒരേയൊരു എന്‍ട്രി, എക്സിറ്റ് വഴികളില്‍ ആളുകളെ എത്തിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, തിരക്കുള്ള സാഹചര്യങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം ഒരുക്കാതിരിക്കുക, സുരക്ഷാ സേനക്ക് മതിയായ പരിശീലനക്കുറവ്, ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തെ ക്കുറിച്ചുള്ള അറിവിന്റെ അഭാവം, സംഘാടകര്‍ക്കിടയിലെ ഏകോപനക്കുറവ് തുടങ്ങിയതെല്ലാം ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

മക്കയിലെ മാതൃകയും അന്താരാഷ്ട്ര പരിചയങ്ങളും
ലോകത്തിലെ ഏറ്റവും വലിയ മതസംഗമങ്ങളിലൊന്നായ ഹജ്ജ്, വര്‍ഷംതോറും ദശലക്ഷക്കണക്കിന് മുസ്ലിംകള്‍ പങ്കെടുക്കുന്ന ഒരു ചടങ്ങാണ്. മക്കയിലെ ഭരണകൂടം ജനക്കൂട്ട നിയന്ത്രണത്തില്‍ ലോകത്തിന് മാതൃകയായ നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. പാളികളായി ക്രമീകരിച്ച എന്‍ട്രി-എക്സിറ്റ് സംവിധാനങ്ങള്‍, സി സി ടി വി സംവിധാനങ്ങള്‍, റിയല്‍-ടൈം കമ്മ്യൂണിക്കേഷന്‍, മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തിയ സമയക്രമങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിശീലനം എന്നിവയാണ് അതില്‍ ചിലത്. വര്‍ഷങ്ങളായി ശാസ്ത്രീയ ക്രൗഡ് സിമുലേഷന്‍ മോഡലുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും ഉപയോഗിച്ച് ഹജ്ജ് നിയന്ത്രണത്തില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മത-രാഷ്ട്രീയ സംഗമങ്ങള്‍ക്ക് മക്കയിലെ ക്രൗഡ് മാനേജ്മെന്റ് മാതൃക വളരെ പ്രാധാന്യമുള്ള പഠന വിഷയമാണ്.

സാങ്കേതിക വിദ്യയുടെ ഇടപെടല്‍
ഇന്നത്തെ കാലത്ത് ജനക്കൂട്ട നിയന്ത്രണത്തില്‍ സാങ്കേതികവിദ്യക്ക് വലിയ പങ്കുണ്ട്. ഡ്രോണ്‍ നിരീക്ഷണം, എ ഐ അധിഷ്ഠിത പ്രവചന മോഡലുകള്‍, ക്രൗഡ് ഡെന്‍സിറ്റി സെന്‍സറുകള്‍, റിയല്‍-ടൈം ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയവ ജനക്കൂട്ടങ്ങളുടെ ചലനം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഹായിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകള്‍ പരിശോധിച്ച് ഏതെങ്കിലും പരിപാടിയില്‍ ആളുകള്‍ അസാധാരണമായി എത്തിച്ചേരാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണക്കാക്കാനുമാകുന്നു. ഇതിലൂടെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കി, മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ കഴിയും.

മുന്നറിയിപ്പുകളും മുന്‍കരുതലുകളും
ജനക്കൂട്ട നിയന്ത്രണത്തിനായി ചില അടിസ്ഥാന മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. പരിപാടിയുടെ സ്ഥലശേഷി കൃത്യമായി വിലയിരുത്തുകയും അതനുസരിച്ച് പ്രവേശനവും എക്സിറ്റും ക്രമീകരിക്കുകയും വേണം. മതിയായ മെഡിക്കല്‍ സൗകര്യങ്ങളും അടിയന്തര പ്രതികരണ സംവിധാനങ്ങളും ഒരുക്കണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്രൗഡ് സൈക്കോളജിയെക്കുറിച്ച് പരിശീലനം നല്‍കണം. ജനങ്ങളെ ചെറിയ ഗ്രൂപ്പുകളായി നിയന്ത്രിച്ച് പ്രവേശിപ്പിക്കുന്ന രീതിയും സുരക്ഷിതമായ വഴികള്‍ ഒരുക്കുന്നതും അനിവാര്യമാണ്. കൂടാതെ, പ്രെഡിക്റ്റീവ് മോഡലിംഗ്, റിയല്‍-ടൈം നിരീക്ഷണം, സാങ്കേതിക സൗകര്യങ്ങള്‍ തുടങ്ങിയവ ഭരണകൂടങ്ങള്‍ സജ്ജമാക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ ആള്‍ക്കൂട്ട മനശ്ശാസ്ത്ര സ്വഭാവം മനസ്സിലാക്കാതെ നടത്തുന്ന പരിപാടികള്‍ മനുഷ്യജീവനാശത്തിന് കാരണമാകുന്ന ദുരന്തങ്ങളിലേക്ക് നയിക്കുമെന്നത് ചരിത്രവും കാലിക സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. കരൂരിലെ റാലിയും ഹാഥ്റസിലെ മതസംഗമവും മറ്റു നിരവധി ദുരന്തങ്ങളും നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഭാവിയില്‍ സുരക്ഷിതവും മനുഷ്യജീവനെ മാനിക്കുന്ന തരത്തിലുള്ളതുമായ ക്രൗഡ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നത് വഴി മാത്രമേ സമൂഹത്തിന് സുരക്ഷിതമായ സംഗമങ്ങളുടെ അനുഭവം സമ്മാനിക്കാനാകൂ. അര്‍ജന്റീന ടീം ഉള്‍പ്പടെ കേരളത്തിലേക്ക് വരുന്നു എന്ന അറിയിപ്പ് അടുത്തിടെ പുറത്തുവന്നിരുന്നു. വലിയ ഒരു ജനക്കൂട്ടത്തെ തന്നെ പ്രതീക്ഷിക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകള്‍ തന്നെ സ്വീകരിക്കേണ്ടതുണ്ട്. ഭരണകൂടം ആ വിഷയം ഗൗരവമായി കൈകാര്യം ചെയ്യണം. മറ്റൊരു ദുരന്തം ആവര്‍ത്തിക്കരുത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് ദുരന്ത നിവാരണ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തനക്ഷമമാകണം.

 

Latest