Kerala
കോഴിക്കോട് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു; 200 മീറ്ററിലധികം ദൂരേക്ക് വെള്ളം മാറി
രാത്രിയോടെ കടല്‍ ഉള്‍വലിഞ്ഞത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കി

കോഴിക്കോട് | കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത്, കടല്‍ അസാധാരണമാംവിധം ഉള്‍വലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെയും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നു.
രാത്രിയോടെ വീണ്ടും കടല്‍ ഉള്‍വലിഞ്ഞത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ടോടുകൂടിയാണ് ഈ പ്രതിഭാസം കണ്ടുതുടങ്ങിയതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഉള്‍വലിഞ്ഞ ഭാഗം പൂര്‍ണമായും ചളിയാണ്. രണ്ട് മാസം മുന്‍പും കോഴിക്കോട് തീരത്ത് ചെറിയ തോതില്‍ സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മുന്നറിയിപ്പുകളോ വിശദീകരണങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.