International
48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു; അഫ്ഗാൻ-പാക് അതിർത്തി സംഘർഷത്തിന് താൽക്കാലിക വിരാമം
അഫ്ഗാനിസ്ഥാനാണ് വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്ന് പാകിസ്ഥാൻ

ന്യൂഡൽഹി | പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധിപേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
പ്രശ്‌ന പരിഹാരത്തിനായി ഇരുപക്ഷവും സംഭാഷണത്തിലൂടെ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ റോയിട്ടേഴ്സിനോട് വാർത്താ ഏജൻസിയോട് പറഞ്ഞു. അഫ്ഗാനിസ്ഥാനാണ് വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, വെടിനിർത്തൽ സംബന്ധിച്ചോ അല്ലെങ്കിൽ ആവശ്യപ്പെട്ടത് ആരെന്നതിനെക്കുറിച്ചോ അഫ്ഗാനിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങളെയും ഭീകരരെയും കൊലപ്പെടുത്തിയതായി പാകിസ്ഥാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ അതിർത്തി സംഘർഷമാണിത്.
അഫ്ഗാനിസ്ഥാനിലെ തെക്കൻ കാണ്ഡഹാറിലെ അതിർത്തി പ്രദേശത്ത് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ആരോപിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്ന് പറഞ്ഞ് പാകിസ്ഥാൻ ഇത് ശക്തമായി നിഷേധിച്ചു.
പ്രത്യാക്രമണത്തിൽ ഒരു പാക് സൈനിക അതിർത്തി പോസ്റ്റ് നശിപ്പിച്ചതായും ഒരു ശത്രു ടാങ്ക് പിടിച്ചെടുത്തതായും താലിബാൻ മുഖ്യവക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.
അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശന സമയത്തുണ്ടായ ഈ ഏറ്റുമുട്ടൽ, ഇന്ത്യയുാമയി ബന്ധം മെച്ചപ്പെടുത്താൻ അഫ്ഗാനിസ്ഥാൻ ശ്രമിക്കുന്നതിനെ പാക്കിസ്ഥാൻ ആശങ്കയോടെയാണ് കാണുന്നത് എന്നതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.