Articles
വിവാഹം ഒരു ട്രാപ്പല്ല
യഥാര്‍ഥത്തില്‍ പുരുഷന് സ്ത്രീയോ സ്ത്രീക്ക് പുരുഷനോ ഇല്ലാതെ പൂര്‍ണാര്‍ഥത്തിലുള്ള മനുഷ്യജീവിതം സാധ്യമല്ല. അതിനെതിരായ പ്രചാരണങ്ങള്‍ അസത്യവും അര്‍ധസത്യങ്ങളും ചേര്‍ത്തുണ്ടാക്കിയതാണ്.
വിവാഹം പുരുഷന്മാര്‍ക്കായി ഉണ്ടാക്കിയ സംവിധാനമാണെന്നും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതൊരു ട്രാപ്പാണെന്നും ഒരു സിനിമാ നടിയുടെ പ്രതികരണം കാണാനിടയായി. കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ മടിക്കുന്നു അല്ലെങ്കില്‍ വൈകിപ്പിക്കുന്നു എന്ന രൂപത്തിലുള്ള ചര്‍ച്ചകളോട് ചേര്‍ത്തുവായിക്കേണ്ട പ്രതികരണമാണിത്. വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും കൈവരിച്ചാല്‍ പിന്നെ ഒരു പങ്കാളി ആവശ്യമില്ലെന്നാണ് പുതിയ തലമുറയിലെ വലിയൊരു ശതമാനം പെണ്‍കുട്ടികളുടെയും മാനസികാവസ്ഥ.
വിവാഹവും കുടുംബവും സ്ത്രീയെ അടിമകളാക്കാന്‍ സൃഷ്ടിച്ച സംവിധാനങ്ങളാണെന്ന ലിബറല്‍ പ്രചാരണങ്ങളാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. സ്ത്രീധന മരണങ്ങള്‍, ഭര്‍ത്താവും കുടുംബവും നടത്തിയതായി പുറത്തുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍, വീട്ടുജോലികള്‍ ചെയ്യാനുള്ള മടി എന്നിവയും വിവാഹത്തോടുള്ള വിമുഖത സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.
സ്ത്രീയും പുരുഷനും ദൗത്യങ്ങള്‍ പങ്കിട്ടെടുത്ത് കെട്ടിപ്പടുത്ത കുടുംബമെന്ന സാമൂഹിക സംവിധാനത്തെ തകര്‍ക്കാന്‍ വേണ്ടി പാശ്ചാത്യലോകത്ത് നിന്ന് ആരംഭിച്ച് ഭൂമിയിലെ എല്ലാ ഭാഗത്തേക്കും പടര്‍ന്ന ചില സന്ദേശങ്ങളിലൊന്നാണ് വിവാഹം സ്ത്രീയെ കെണിയില്‍ പെടുത്തുകയാണെന്ന പ്രചാരണം. സിനിമകളും പുസ്തകങ്ങളും ഈ പ്രചാരണത്തിന് ശക്തി പകര്‍ന്നു. സോഷ്യല്‍ മീഡിയ കാലമായപ്പോള്‍ അതിന്റെ ശക്തിയും സ്വാധീനവും കൂടുതലായി പ്രകടമായി. യഥാര്‍ഥത്തില്‍ പുരുഷന് സ്ത്രീയോ സ്ത്രീക്ക് പുരുഷനോ ഇല്ലാതെ പൂര്‍ണാര്‍ഥത്തിലുള്ള മനുഷ്യജീവിതം സാധ്യമല്ല. അതിനെതിരായ പ്രചാരണങ്ങള്‍ അസത്യവും അര്‍ധസത്യങ്ങളും ചേര്‍ത്തുണ്ടാക്കിയതാണ്.
അടിസ്ഥാനപരമായി വിവാഹം ആരെയും കുരുക്കുന്നില്ല. തന്റെ സമൃദ്ധിയും അനുഗുണമായ സാഹചര്യങ്ങളും മറ്റൊരാള്‍ക്ക് പങ്കുവെക്കുകയും തന്റെ കുറവ് മറ്റൊരാളുടെ ശേഷി കൊണ്ട് നികത്തുകയുമാണ് വിവാഹം ചെയ്യുന്നത്. സ്വാഭാവികമായും മറ്റൊരാളുടെ നന്മയെ സ്വന്തമാക്കുമ്പോള്‍ അവര്‍ക്കായി അധ്വാനിക്കാനുമുണ്ടാകും. അത് ട്രാപ്പല്ല, മനുഷ്യന്റെ സുകൃതമാണ്. ഭാര്യയാകുമ്പോള്‍ മാത്രമല്ല സമൂഹത്തിലെ ഏത് പദവി അലങ്കരിക്കുമ്പോഴും ഈ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. അതെങ്ങനെയാണ് അടിമത്തമാകുന്നത്.
പാരസ്പര്യത്തെ പ്രകീര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രമെന്ന നിലക്ക് പരിണയത്തെയും പരിപാവനമായാണ് ഇസ്ലാം കാണുന്നത്. വിവാഹവും ദാമ്പത്യവും ആരാധനയാണ്. നിസ്‌കാരം പോലെയുള്ള കര്‍മങ്ങള്‍ക്ക് തടസ്സമാകും എന്ന പേരില്‍ വിവാഹം വേണ്ടെന്ന് തീരുമാനിച്ച വ്യക്തിയോട് നബി(സ)യുടെ പ്രതികരണം, ‘നിശ്ചയം ഞാന്‍ സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുന്നു. ആരെങ്കിലും എന്റെ ചര്യയെ വെറുത്താല്‍ അവന്‍ എന്നില്‍ പെട്ടവനല്ല’ എന്നായിരുന്നു. ഇതില്‍ നിന്ന് തന്നെ വിവാഹത്തിന്റെ പ്രാധാന്യം പ്രകടമാകുന്നുണ്ട്.
ലൈംഗികത മനുഷ്യ സഹജമാണ്. അതിന്റെ പൂര്‍ത്തീകരണത്തിന് അവസരമുണ്ടാകണം. എന്നാല്‍ അതിരുകള്‍ ഭേദിക്കുകയുമരുത്. അതിനുള്ള പരിഹാരമായും ഇസ്ലാം വിവാഹത്തെ കാണുന്നു. നബി(സ) പറയുന്നു, യുവസമൂഹമേ, നിങ്ങളില്‍ നിന്ന് വിവാഹത്തിന് കഴിവെത്തിയവര്‍ വിവാഹിതരാകട്ടെ. അത് കണ്ണിന് നിയന്ത്രണവും ലൈംഗികാവയവത്തിന് സംരക്ഷണവുമാണ് (മുസ്ലിം). വിവാഹനിഷേധികള്‍ക്ക് ലൈംഗികതയെ നിരാകരിക്കുകയോ കുത്തഴിഞ്ഞ ലൈംഗികതയെ പിന്തുണക്കുകയോ ചെയ്യേണ്ടിവരും. രണ്ടായാലും അത് മാനുഷികമല്ല. മൃഗീയമോ അതിനുമപ്പുറം മറ്റെന്തോ ആണ്.
മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് വിവാഹത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. അതിന് സന്നദ്ധതയില്ലാത്തവര്‍ തങ്ങളെങ്ങനെ ജനിച്ചു എന്ന് ആലോചിക്കേണ്ടതാണ്. സൂറത്തുല്‍ ബഖറയിലെ 29ാം സൂക്തത്തില്‍ ‘അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്’ എന്ന് പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ ഈ ഭൂമി നിലനില്‍ക്കുന്ന അത്രയും കാലം മനുഷ്യനും ഇവിടെ നിലനില്‍ക്കണം. അതിന് ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും വേണം. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ നിയതമായ മാര്‍ഗം വിവാഹമാണ്. ആ അര്‍ഥത്തില്‍ അതൊരു സാമൂഹിക ബാധ്യതയുമാണ്.
‘തന്റെ ഇണയിലേക്ക് സമാധാനപൂര്‍വം ഒത്തുചേരാന്‍’ എന്നാണ് വിവാഹത്തിന്റെ ലക്ഷ്യങ്ങളിലൊന്നിനെ ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കാനാകുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം ദമ്പതികളും അങ്ങനെത്തന്നെയാണ്. സ്വാഭാവികമായ ചില പിണക്കങ്ങള്‍ സംഭവിക്കുന്നുണ്ടാകാം അതിനപ്പുറമുള്ളത് പര്‍വതീകരണമാണ്. ഉണ്ടെങ്കില്‍ തന്നെയും അത് മതത്തിന്റെയോ വിവാഹമെന്ന സംവിധാനത്തിന്റെയോ പ്രശ്‌നമല്ല. അതിനെ ദുരുപയോഗം ചെയ്യുന്നവരുടെ പ്രശ്‌നമാണ്. അതിന് ചികിത്സിക്കേണ്ടത് വ്യക്തികളെയാണ്, വ്യവസ്ഥകളെയല്ല. ചുരുക്കത്തില്‍ വിവാഹത്തെ പ്രശ്നവത്കരിക്കുന്നവര്‍ക്കാണ് പ്രശ്നം. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് സംരക്ഷണമാണ്. ഭര്‍ത്താവിനാലും സന്താന പരമ്പരയാലും സ്നേഹിക്കപ്പെടാനുള്ള കാരണമാണ്. കുടുംബിനിയും മാതാവുമായി പദവികളിലേക്കുള്ള പ്രയാണമാണ്. ഗര്‍ഭധാരണത്തിലൂടെയും പ്രസവത്തിലൂടെയും സ്വര്‍ഗവാതില്‍ തുറന്നെടുക്കാനുള്ള അവസരമാണ്.



