Connect with us

Kerala

കേന്ദ്രം പല കുതന്ത്രങ്ങളും നടത്തുന്നുണ്ട് , പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല; വിദ്യാഭ്യാസ മന്ത്രി പറഞ്ഞതെന്തെന്ന് അറിയില്ല: മന്ത്രി കെ രാജന്‍

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം   |  സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഇക്കാര്യം സംബന്ധിച്ച് മന്ത്രിസഭയില്‍ ആലോചന നടത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതെന്തെന്ന് അറിയില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വളരെയധികം കൂടിയാലോചന നടത്തേണ്ട കാര്യമാണിത്. കേന്ദ്രസര്‍ക്കാര്‍ പല കാര്യത്തിലും കേരളത്തിന് ലഭിക്കേണ്ട സഹായം ഇല്ലാതാക്കാന്‍ പല കുതന്ത്രങ്ങളും നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ ആരോപിച്ചു.

ഫെഡറല്‍ സംവിധാനത്തെ അപകടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്രം പെരുമാറുന്നത്. ഇതിനൊന്നും കേരളം മുട്ടു മടക്കി സമ്മതിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാരിന്റെ മുന്‍ അഭിപ്രായം മാറിയിട്ടില്ല. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒപ്പിടാന്‍ നിര്‍ദേശം നല്‍കിയതായും തനിക്ക് അറിവില്ലെന്ന് മന്ത്രി രാജന്‍ വ്യക്തമാക്കി.പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്ത് പാര്‍ട്ടിയില്‍ മറ്റൊരഭിപ്രായമില്ല. തന്റെ അറിവില്‍ പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തതായി അറിവില്ല. ചര്‍ച്ച നടന്നാല്‍ അഭിപ്രായം പറയും. ആവശ്യമെങ്കില്‍ മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

2022ലാണ് രാജ്യത്തെ സ്‌കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, ലാബ്, ലൈബ്രറി എന്നിവ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം വ്യ്ക്തമാക്കിയത്. അതേ സമയം പദ്ധതിയില്‍ ഒപ്പിട്ടാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതു ചൂണ്ടിക്കാട്ടി കേരളമടക്കം ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെ എതിര്‍ത്തിരുന്നു.

 

---- facebook comment plugin here -----

Latest