From the print
സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു: സുപ്രീം കോടതി
മഹറിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു
ന്യൂഡല്‍ഹി | ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിംകളിലേക്ക് വ്യാപിക്കുകയും അത് വിവാഹത്തിൽ മുസ്‌ലിം സ്ത്രീക്ക് നല്‍കുന്ന മഹറിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. സ്ത്രീധനം നല്‍കാത്തതിന് 20കാരിയെ കത്തിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വധി റദ്ദാക്കി ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍ എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് നിരീക്ഷണം നടത്തിയത്.
ഇതോടൊപ്പം സ്ത്രീധന മരണം തടയുന്നതിനുള്ള പൊതുവായ നിർദേശങ്ങളും സുപ്രീം കോടതി പുറപ്പെടുച്ചു. മുസ്‌ലിം സമൂഹത്തില്‍ മഹര്‍ നികാഹ് സമയത്ത് വരന്‍ ഭാര്യക്ക് നല്‍കേണ്ട നിര്‍ബന്ധിത സമ്മാനമാണ്. ഇത് വധുവിന് മാത്രം അവകാശപ്പെട്ടതാണ്. ഭര്‍ത്താവിന്റെ കുടുംബത്തിന് അത് എടുത്തുകളയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ഹിന്ദു സമൂഹത്തില്‍, ആചാരപരമോ രാഷ്ട്രീയമോ ആയ ഉയർന്ന പദവിയുള്ള കുടുംബങ്ങളിലേക്ക് പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്ന രീതിയുണ്ടായിരുന്നു. ഇതോടൊപ്പമാണ് സ്ത്രീധനം വന്നത്. സംസ്‌കാരിക സ്വാധീനമാണ് ഹിന്ദു ജാതി സമൂഹങ്ങളില്‍ നിന്ന് മുസ്‌ലിം ആചാരങ്ങളിലേക്ക് സ്ത്രീധനം വ്യാപിക്കാന്‍ കാരണമായത്.
സ്ത്രീധനവും മഹറും ഇപ്പോള്‍ ഒരുമിച്ച് നിലനില്‍ക്കുന്നു. ഇന്ത്യയിലെ പല മുസ്‌ലിം വിവാഹങ്ങളിലും മഹര്‍ ഇപ്പോള്‍ നാമമാത്രമായ രീതിയില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.



