From the print
ഡോക്ടറുടെ നിഖാബ് വലിച്ചുനീക്കിയ നടപടി; നിതീഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം
നിതീഷ് കുമാറിന്റെ അസ്ഥിരമായ മാനസികാവസ്ഥയുടെ ഏറ്റവും പുതിയ തെളിവും നീചമായ പ്രവൃത്തിയുമാണിതെന്ന് ആർ ജെ ഡി
പട്‌ന | നിയമനക്കത്ത് നൽകുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടയിൽ പ്രതിഷേധം ശക്തം. പുതുതായി നിയമനം ലഭിച്ച ആയുഷ് ഡോക്ടറുടെ നിഖാബാണ് നിതീഷ് വലിച്ചുനീക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റായ “സംവാദ്’ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ഡോക്ടർമാർക്ക് നിയമനക്കത്ത് നൽകുകയായിരുന്നു മുഖ്യമന്ത്രി. നിഖാബ് ധരിച്ച യുവതി നിയമനക്കത്ത് സ്വീകരിക്കാനെത്തിയപ്പോൾ മുഖ്യമന്ത്രി മുഖം ചുളിച്ച് “ഇത് എന്താണ്?’ എന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നിഖാബ് താഴേക്ക് വലിക്കുകയായിരുന്നു. പരിഭ്രാന്തയായ യുവതിയെ ഒരു ഉദ്യോഗസ്ഥൻ ഉടൻ മാറ്റിനിർത്തുന്നതും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതിപക്ഷ കക്ഷികളായ ആർ ജെ ഡിയും കോൺഗ്രസ്സും സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. നിതീഷ് കുമാറിന്റെ അസ്ഥിരമായ മാനസികാവസ്ഥയുടെ ഏറ്റവും പുതിയ തെളിവും നീചമായ പ്രവൃത്തിയുമാണിതെന്ന് ആർ ജെ ഡി ആരോപിച്ചു. അദ്ദേഹത്തിന്റേത് അത്യന്തം ഹീനവും ലജ്ജാകരവുമായ പ്രവൃത്തിയാണെന്ന് കോണ്‍ഗ്രസ്സ് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.



