Articles
ദുരിതപര്‍വം താണ്ടിയിട്ടും കെട്ടുപോകാത്തവള്‍
ഗസ്സയിലെ മിക്ക സ്ത്രീകളും യുദ്ധകാലത്ത് കുറഞ്ഞത് നാല് തവണയെങ്കിലും കുടിയിറക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെയെടുത്തും വീട്ടിലെ മുതിര്‍ന്നവരെ കൂട്ടിയും ഇവര്‍ നടത്തിയ പരക്കം പാച്ചില്‍ അതിസാഹസികമായിരുന്നു. തെക്കോട്ടും വടക്കോട്ടും ഓടി, അപ്പോഴൊക്കെ നടന്ന ആക്രമണങ്ങളെ അതിജീവിച്ച ഈ മനുഷ്യര്‍ക്ക് ഒന്നിരിക്കണം. രാഷ്ട്രീയ കുതന്ത്രങ്ങള്‍ അവസാനിപ്പിച്ച് ഈ മനുഷ്യര്‍ക്ക് സ്വസ്ഥത കൊടുക്കണം. ലോകം ആലസ്യത്തിലേക്ക് വീഴാതെ അതിനുള്ള സമ്മര്‍ദം തുടരേണ്ടിയിരിക്കുന്നു.

ആഹ്ലാദ ചിത്രങ്ങള്‍ക്ക് ചുവടെ ഗസ്സയില്‍ സമാധാനപ്പുലരിയെന്ന തലക്കെട്ട് നല്‍കിയും ബന്ദികള്‍ അവരുടെ നഗരങ്ങളിലും ഇസ്‌റാഈല്‍ തടവറയിലെ ഫലസ്തീനികള്‍ സ്വദേശത്തും തിരിച്ചെത്തിയതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഫീച്ചറുകളാക്കിയും മാധ്യമങ്ങള്‍ മിക്കവയും പിരിഞ്ഞു പോയിരിക്കുന്നു. ഗസ്സ വംശഹത്യ വാര്‍ത്തകളില്‍ നിന്ന് മെല്ലെ ഒഴിഞ്ഞു പോകുകയാണ്. വെടിനിര്‍ത്തിയിട്ടും തുടരുന്ന കൂട്ടക്കൊലകളോ വെടിനിര്‍ത്തല്‍ കരാറിലെ കൊടുംചതികളോ ഇസ്‌റാഈലിന്റെ പണവും ആയുധവും കൈപ്പറ്റുന്ന മിലീഷ്യകളുടെ കുത്തിത്തിരിപ്പുകളോ ഒന്നും ചര്‍ച്ചയാകാതെ പോകുന്നു. ഇപ്പോഴും അവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണം കിട്ടുന്നില്ല. റഫാ അതിര്‍ത്തി തുറന്നിട്ടില്ല. സഹായ ട്രക്കുകള്‍ ആവശ്യത്തിന് എത്തിത്തുടങ്ങിയിട്ടില്ല. വംശഹത്യയുടെ കെടുതികളില്‍ നിന്ന് ആ ജനത പുറത്ത് കടന്നിട്ടില്ല. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കകത്ത് ഉറ്റവര്‍, ജീവിച്ചോ മരിച്ചോ, കഴിയുന്നുണ്ടോയെന്ന് തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ആ ജനത. ഫലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണ കാലമാണ് പിന്നിട്ടിരിക്കുന്നത്. അതിന്റെ ട്രോമയില്‍ നിന്ന് എന്നാണ് ആ ജനത മോചിതരാകുക?
ഇസ്‌റാഈലിന്റെ പിറവിയെക്കുറിച്ച് വന്‍ ശക്തികള്‍ ഗൂഢാലോചന തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങുകയും ഇസ്‌റാഈല്‍ ഉണ്ടാകുമ്പോള്‍ അതിക്രൂരമാകുകയും ജൂത രാഷ്ട്രം നിലവില്‍ വന്നപ്പോള്‍ നിരന്തരം ആവര്‍ത്തിക്കുകയും ചെയ്ത അധിനിവേശ ആക്രമണങ്ങള്‍ സര്‍വ അര്‍ഥത്തിലും വംശഹത്യയായി മാറിയ രണ്ട് വര്‍ഷങ്ങളാണ് കടന്നു പോയത്. അധിനിവേശം അവര്‍ ഓരോരുത്തരും അനുഭവിച്ചത് ഓരോരോ തരത്തിലാണ്. ഗസ്സയിലെ മുതിര്‍ന്നവര്‍ അനുഭവിച്ചതേയല്ല കുഞ്ഞുങ്ങള്‍ അറിഞ്ഞത്. അവര്‍ക്ക് പ്രിയപ്പെട്ട സ്‌കൂള്‍ തകര്‍ന്നതാകും വീട് തരിപ്പണമായതിനേക്കാള്‍ വേദനാപൂര്‍ണം. പോകാനിടമില്ലാത്ത വിധം തന്റെ നാട് ചുരുങ്ങിക്കഴിഞ്ഞുവെന്നത് അവന്‍/അവള്‍ അറിയുന്നേ ഉണ്ടാകില്ല. അവരുടെ ആധി മുഴുവന്‍ ഒരിക്കലും തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുപോയ കളിപ്പാട്ടത്തെ കുറിച്ചാകും. വംശഹത്യയുടെയും പലായനത്തിന്റെയും മരണഭയത്തിന്റെയും പട്ടിണിയുടെയും നാളുകള്‍ പുരുഷനും സ്ത്രീയും അനുഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ തീക്ഷ്ണതയോടെയായിരിക്കും.
ചേതനയറ്റ കുഞ്ഞിനെ വാരിയെടുത്ത് അവസാന ചുംബനം നല്‍കി കൂട്ടക്കുഴിമാടത്തിലേക്ക് വെക്കുമ്പോള്‍ ചില ഉമ്മമാര്‍ ഉച്ചത്തില്‍ കരയും. ആകാശത്തേക്ക് കരമുയര്‍ത്തി പ്രാര്‍ഥനാ വചനങ്ങള്‍ ഉരുവിടും. ചിലര്‍ കൊലയാളികള്‍ക്കെതിരെ ശാപവാക്കുകള്‍ ചൊരിയും. ചിലര്‍ മുദ്രാവാക്യം മുഴക്കും. പിന്നെയും ചിലര്‍ ജീവിച്ചിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി പറയും, ഇവന്‍ പകരം ചോദിക്കും. എന്നാല്‍ ഇതിനേക്കാളെല്ലാം ഹൃദയഭേദകമായത് നിര്‍വികാരതയല്ലാതെ മറ്റൊന്നും മുഖത്ത് കാണിക്കാത്ത ഗസ്സയിലെ ഉമ്മമാരാണ്. ഒട്ടും നനയാത്ത കണ്ണുകള്‍. ഒട്ടും ഇടറാത്ത വാക്കുകള്‍. മഹാ പ്രളയം ഉള്ളില്‍ നിറച്ചു നില്‍ക്കുന്ന മേഘങ്ങളാണവര്‍. എല്ലാം ഭസ്മമാക്കാന്‍ പോന്ന ഉഗ്ര വേനലാണവര്‍.
നാളെ ഇരച്ചു വരുന്ന ഒരു ബോംബില്‍, മിസൈലില്‍, ഡ്രോണില്‍ തന്റെ കുഞ്ഞ് മരിച്ചു പോകുമെന്ന് ഉറപ്പുള്ള ഒരു ഉമ്മ എന്താകും ചെയ്യുക? ഗസ്സയിലെ ഉമ്മമാര്‍ മക്കളുടെ ശരീരത്തില്‍ പേരുകള്‍ എഴുതി വെച്ചു. മരണക്കണക്കിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന അക്കങ്ങളില്‍ ഒന്ന് മാത്രമായി തന്റെ കുഞ്ഞുങ്ങള്‍ ചുരുങ്ങിപ്പോകരുത്. താല്‍ അല്‍ഹാവയിലെ തന്റെ വീട്ടില്‍ സാറ അല്‍ ഖാലിദി കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍ പുറത്ത് സൈറണുകള്‍ മുഴങ്ങുന്നുണ്ട്. തൊട്ടടുത്ത് ബോംബുകള്‍ പൊട്ടുന്നതിന്റെ ഉഗ്രശബ്ദം കേള്‍ക്കാം. സാറ കുട്ടികളുടെ കുഞ്ഞു കൈയില്‍ പേരെഴുതി വെച്ചു. അല്‍ജസീറ ലേഖകന്‍ അവരോട് ചോദിക്കുന്നുണ്ട്, ഇതെന്തിനാണ്? “മരിച്ചു കിടക്കുമ്പോള്‍ അവരുടെ പേര് ചൊല്ലി വിളിക്കണം. അവരുടെ ഖബ്‌റുകള്‍ക്കും പേര് വേണം. മരിച്ചവനെന്തിനാണ് പേരെന്ന് ദയവായി എന്നോട് ചോദിക്കരുത്’- ഇതായിരുന്നു സാറയുടെ മറുപടി. ഉള്ളു പൊള്ളിക്കുന്ന മറുപടി. ഇതെന്തിനാണുമ്മായെന്ന കുട്ടികളുടെ ചോദ്യത്തിന് എന്ത് മറുപടി പറയും? സാറ കരുതിയത് പേരെഴുതി വെക്കല്‍ തന്റെ ഒടുങ്ങാത്ത അശുഭാപ്തി വിശ്വാസത്തില്‍ നിന്നുണ്ടായ വിചിത്ര ഭാവനയെന്നാണ്. എന്നാല്‍ താല്‍ അല്‍ ഹാവയില്‍ നിന്ന് രക്ഷപ്പെട്ട് ഖാന്‍ യൂനുസില്‍ ചെന്നപ്പോള്‍ അവിടെയും കണ്ടു ഇതേ എഴുത്തുപണി ചെയ്യുന്നവരെ.
29കാരിയായ ഇതിമാദ് അസ്സഫ് രണ്ട് കുഞ്ഞുങ്ങളുടെ ഉമ്മയാണ്. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോള്‍ അവര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ആക്രമണം നടന്നതോടെ ദേര്‍ അല്‍ ബലാഹിലേക്ക് ജീവനും കൊണ്ടോടിയതാണ് അവരും കുടുംബവും. “എനിക്ക് പ്രസവിക്കാന്‍ പേടിയാകുന്നു. കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണമില്ല. വെള്ളമില്ല. ആശുപത്രികള്‍ മുഴുവന്‍ തകര്‍ത്തു കഴിഞ്ഞു. ടെന്റില്‍ ഞാന്‍ കഴിയുന്നു. ഒരു ഗര്‍ഭിണിക്ക് വേണ്ട ഒന്നും ഇവിടെയില്ല. വെയിലത്ത് വെള്ളം തേടി അലയുകയാണ് ഞാന്‍. ഏത് നിമിഷവും വീണു പോകും. ഏത് നിമിഷവും മരണം പതിക്കും’- ഇതിമാദ് പറഞ്ഞു.
മാറാഹ് അല്‍ഖ്വായേദിന് ഫോട്ടോഗ്രാഫറാകണമെന്നായിരുന്നു മോഹം. കോളജ് പഠനത്തിന് സമാന്തരമായാണ് ഫോട്ടോഗ്രഫി പരിശീലിച്ചിരുന്നത്. സമ്പൂര്‍ണ അരക്ഷിതാവസ്ഥയില്‍ അവളെങ്ങനെ പഠിക്കും. മാറാഹ് പറയുന്ന ഒരു കാര്യമുണ്ട്. “ഞാന്‍ ഇപ്പോള്‍ ഒരു പെണ്‍കുട്ടിയല്ല. ചുറ്റും മരണവും പലായനവും ദുരന്തവും നടമാടുമ്പോള്‍ ഞാന്‍ യുവാവിന്റെ കരുത്ത് നേടിയിരിക്കുന്നു’. കിഴക്കന്‍ ഗസ്സയിലെ സൈത്തൂന്‍ പട്ടണത്തില്‍ നിന്ന് ദേര്‍ അല്‍ബലാഹില്‍ അഭയാര്‍ഥിയായി എത്തിയതാണ് അവള്‍. വെള്ളമെടുക്കാനും ടെന്റ് നേരെയാക്കാനും പരുക്കേറ്റവരെ പരിചരിക്കാനും മാറാഹ് ഉണ്ട്. കരഞ്ഞിരിക്കാന്‍ നേരമില്ല. “അധിനിവേശം ഞങ്ങളുടെ ശീലങ്ങളെല്ലാം മാറ്റിമറിച്ചിരിക്കുന്നു. വെള്ളമില്ലാത്തതിനാല്‍ കുളിക്കാറില്ല. ഞാനിപ്പോള്‍ പെട്ടെന്ന് പ്രകോപിതയാകും. എല്ലാവരോടും ചൂടാകും. ഞാന്‍ പാട്ടൊക്കെ കേള്‍ക്കുന്ന, പുസ്തകങ്ങള്‍ വായിക്കുന്ന കോളജുകാരിയായിരുന്നു. ഇന്ന് എന്റെ ഒച്ചയേ മാറിപ്പോയി. എനിക്കെന്താണ് സംഭവിക്കുന്നത്? ആര്‍ത്തവ ദിനങ്ങളെ പേടിയോടെയാണ് ഞാന്‍ കാണുന്നത്. പാഡുകളില്ല. സ്വകാര്യതയില്ല. ഇതുകൊണ്ടൊന്നും ഞങ്ങള്‍ തളരില്ല. സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കില്ല’- മാറാഹിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം.
യുനൈറ്റഡ് നാഷന്‍സ് പോപുലേഷന്‍ ഫണ്ട് ഗസ്സയിലെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് വിശദമായ റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു (2024). ഗസ്സയിലെ 46,300 ഗര്‍ഭിണികള്‍ പട്ടിണിയിലാണ്. ഏകദേശം 1,55,000 ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പരിചരണം നേടുന്നതില്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നു. ആശുപത്രികള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഷെല്‍ട്ടറുകളിലെ തിരക്ക്, ശുചിത്വ ദുരന്തം, സോപ്പിന്റെയും ശുചിത്വ ഉത്പന്നങ്ങളുടെയും ക്ഷാമം എന്നിവ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം ദുരന്തപൂര്‍ണമാക്കിയിരിക്കുന്നു. നാല് സ്ത്രീകളില്‍ ഒരാള്‍ക്ക് ചര്‍മ അണുബാധ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പുരുഷന്മാരേക്കാള്‍ ഇരട്ടി, ഹെപ്പറ്റൈറ്റിസ് എ, ദഹനനാള രോഗങ്ങള്‍ സ്ത്രീകളിലാണ് കാണപ്പെടുന്നത്. ആരോഗ്യസംവിധാനം ഒന്നടങ്കം തകര്‍ന്നു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ നടന്ന വംശഹത്യാ ആക്രമണങ്ങള്‍ വലിയ തോതില്‍ ലക്ഷ്യമിട്ടത് ആശുപത്രികളെയാണ്. അതുകൊണ്ട് കൂടിയാണ് ഈ ആക്രമണ പരമ്പര വംശഹത്യയുടെ നിര്‍വചനത്തില്‍ വരുന്നുവെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കണ്ടെത്തിയത്. ആക്രമണങ്ങള്‍ അതിജീവിച്ച് ആശുപത്രികളില്‍ എത്തുന്നവര്‍ അവിടെ നിന്ന് തിരിച്ചു വരരുത്. പരുക്കേറ്റവരെല്ലാം മരിച്ചു തീരണം! ആരോഗ്യ സംവിധാനങ്ങള്‍ പാടേ തകര്‍ന്നാല്‍ പുനഃസൃഷ്ടിക്കുക എളുപ്പമാകില്ല. അപ്പോള്‍ ആ ജനതയുടെ തുടര്‍ച്ച തന്നെ നിലച്ചു പോകും. ഇതായിരുന്നു പദ്ധതി.
ആശുപത്രികളൊന്നും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നില്ല. ഗസ്സയിലെ 36 ആശുപത്രികളില്‍ 17 എണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. ഇന്ധനം, മരുന്ന്, അവശ്യവസ്തുക്കള്‍ എന്നിവയുടെ കടുത്ത ക്ഷാമമാണ് എല്ലാവരും നേരിടുന്നത്. “ആശുപത്രികള്‍ ഇനി പ്രതീക്ഷയുടെയോ അഭയത്തിന്റെയോ പരിചരണത്തിന്റെയോ കേന്ദ്രങ്ങളല്ല. ഞങ്ങള്‍ക്ക് ഇങ്ങനെ തുടരാന്‍ കഴിയില്ല’- ഭാഗികമായി പ്രവര്‍ത്തിക്കുന്ന അല്‍അമല്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷം യു എന്‍ എഫ് പി എ ഗസ്സ ഓഫീസ് മേധാവി ജൂഡിത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പറഞ്ഞതാണിത്. ഈ വെടിനിര്‍ത്തല്‍ ദിനങ്ങളിലും സ്ഥിതിയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല.
വൈദ്യസഹായമില്ലാത്ത കൂടാരങ്ങളിലാണ് അടിയന്തര പ്രസവങ്ങള്‍ നടക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന ഗര്‍ഭിണികള്‍ ഭാവിയിലെ വൈദ്യസഹായത്തെക്കുറിച്ചുള്ള ഭയവും അനിശ്ചിതത്വവും കാരണം നേരത്തേ സിസേറിയന് ഷെഡ്യൂള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ഡോക്ടര്‍മാരും മിഡ് വൈഫുമാരും റിപോര്‍ട്ട് ചെയ്യുന്നു. നവജാത ശിശുക്കള്‍ മരിക്കുന്നു. അകാലവും സങ്കീര്‍ണവുമായ ജനനങ്ങള്‍ വര്‍ധിച്ചു. ആരോഗ്യമുള്ള, കൃത്യമായ തൂക്കമുള്ള കുഞ്ഞുങ്ങളെ ഇനി കാണില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവ പാഡുകളുടെ കുറവും ശൗചാലയങ്ങളുടെയും സ്വകാര്യ ശുചിമുറികളുടെയും ലഭ്യതക്കുറവും നേരിടുന്നു. അത് അവരുടെ ജീവിതത്തെ അന്തസ്സ് കെട്ടതാക്കിയിരിക്കുന്നു. 19കാരി യു എന്‍ പ്രതിനിധിയോട് പറയുന്നു: “എനിക്ക് ഒരു ജോഡി അടിവസ്ത്രം മാത്രമേ ഉള്ളൂ. അത് മലിനജലം ഉപയോഗിച്ച് കഴുകണം. അത് വീണ്ടും ഉപയോഗിക്കണം. മറ്റെന്ത് ചെയ്യാനാണ്?’
ഗസ്സയിലെ സ്ത്രീകള്‍ വല്ലായ്മകള്‍ മാത്രം പങ്കുവെച്ച് നിഷ്‌ക്രിയരായി ഇരിക്കുന്നവരല്ല. ദീര്‍ഘമായ അധിനിവേശം അവരെ കരുത്തരാക്കിയിരിക്കുന്നു. ഭീകരാക്രമണത്തില്‍ ജീവച്ഛവമായ മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍, തികച്ചും പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഡോക്ടര്‍മാര്‍, അകാരണമായി ഇസ്‌റാഈല്‍ പിടിച്ചു കൊണ്ടുപോകുന്നവര്‍ക്ക് നിയമസഹായവുമായി പാഞ്ഞെത്തുന്ന അഭിഭാഷകര്‍, ഇസ്‌റാഈലിനെതിരെ ബഹിഷ്‌കരണ സമരത്തിനും പ്രചാരണത്തിനും നേതൃത്വം നല്‍കുന്ന വനിതാ ആക്ടിവിസ്റ്റുകള്‍… പല തുറകളില്‍ അവരുണ്ട്. അല്‍ജസീറ ലേഖിക ഷിറീന്‍ അബു ആഖ്‌ല ഇക്കൂട്ടരുടെ പ്രതിനിധിയാണ്. അമേരിക്കന്‍- ഫലസ്തീന്‍ പൗരത്വമുള്ള ആഖ്‌ലയെ ഇസ്‌റാഈല്‍ സൈന്യം തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു.
വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളുടെ പ്രധാന ഭാഗം ഗസ്സയുടെ പുനര്‍നിര്‍മാണമാണല്ലോ. അതിന്റെ ചുമതല യു എസ് കമ്പനികള്‍ക്കായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ ജനതയുടെ ദൈന്യതയില്‍ നിന്ന് എങ്ങനെ പണമുണ്ടാക്കാനാകുമെന്ന ചിന്തയിലാണ് ട്രംപിന്റെ മുന്‍കൈയിലുള്ള അടിസ്ഥാന സൗകര്യ വികസന കമ്പനികള്‍. കെട്ടിടങ്ങള്‍ പണിയാനാണ് ഇവയ്ക്ക് താത്പര്യം. എന്നാല്‍ പുനര്‍നിര്‍മാണം തുടങ്ങേണ്ടത് കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുള്ള മാനുഷിക സൗകര്യങ്ങള്‍ ഒരുക്കിയായിരിക്കണമെന്നാണ് ഇതുസംബന്ധിച്ച യു എന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭക്ഷ്യസഹായം ആവശ്യമാണെന്നും കാല്‍ ലക്ഷത്തോളം പേര്‍ക്ക് അടിയന്തര പോഷകാഹാര സഹായം ആവശ്യമാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഗസ്സയിലെ മിക്ക സ്ത്രീകളും യുദ്ധകാലത്ത് കുറഞ്ഞത് നാല് തവണയെങ്കിലും കുടിയിറക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെയെടുത്തും വീട്ടിലെ മുതിര്‍ന്നവരെ കൂട്ടിയും ഇവര്‍ നടത്തിയ പരക്കം പാച്ചില്‍ അതിസാഹസികമായിരുന്നു. തെക്കോട്ടും വടക്കോട്ടും ഓടി, അപ്പോഴൊക്കെ നടന്ന ആക്രമണങ്ങളെ അതിജീവിച്ച ഈ മനുഷ്യര്‍ക്ക് ഒന്നിരിക്കണം. രാഷ്ട്രീയ കുതന്ത്രങ്ങള്‍ അവസാനിപ്പിച്ച് ഈ മനുഷ്യര്‍ക്ക് സ്വസ്ഥത കൊടുക്കണം. ലോകം ആലസ്യത്തിലേക്ക് വീഴാതെ അതിനുള്ള സമ്മര്‍ദം തുടരേണ്ടിയിരിക്കുന്നു.
അവരുടെ അലച്ചില്‍ അവസാനിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള അവസരമായി വെടിനിര്‍ത്തല്‍ മാറണമെന്ന് യു എന്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വംശഹത്യക്കും ജനരാഹിത്യത്തിനുമുള്ള ഏക പ്രതിവിധി ഈ സ്ത്രീകളുടെ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും യു എന്‍ റിപോര്‍ട്ടില്‍ പറയുന്നു. ഗസ്സയില്‍ ശരാശരി ഏഴ് കുടുംബങ്ങളില്‍ ഒന്നിന്റെ നേതൃസ്ഥാനത്ത് സ്ത്രീകളായിരിക്കുന്നു. പുരുഷ അംഗങ്ങള്‍ മരിച്ചവരോ നിതാന്ത അംഗഭംഗം വന്നവരോ ആയ കുടുംബങ്ങളുടെ നേതൃഭാരമാണ് സ്ത്രീകള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്. അവര്‍ക്ക് നേരിട്ട് എത്തുന്ന സഹായം ആവശ്യമാണ്. അങ്ങനെ അവര്‍ക്ക് അവരുടെ കുട്ടികളെ പോറ്റാനും ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനും ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും സാധിക്കുമെന്നും യു എന്‍ ചൂണ്ടിക്കാട്ടുന്നു.