Articles
ഇഷ്ടമുള്ളവര്‍ ഹിന്ദി പഠിക്കട്ടെ
ഹിന്ദി ഭാഷ അനാവശ്യമായി അടിച്ചേല്‍പ്പിക്കുന്നതും തമിഴരുടെ തീവ്രമായ ഭാഷാബോധവും അത്ര പോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇഷ്ടമുള്ളവര്‍ക്ക് പഠിക്കാം എന്നതിനപ്പുറം ഇന്ത്യക്കാരനാണെങ്കില്‍ ഹിന്ദി പഠിക്കണമെന്ന് വാശി പിടിക്കുന്നത് വലിയ പ്രഹസനമാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പൊതുവായി രാജ്യത്ത് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കാമെന്നിരിക്കെ ഈ അടിച്ചേല്‍പ്പിക്കല്‍ വൈവിധ്യങ്ങളുടെ നാട്ടില്‍ ഒട്ടും ഭൂഷണമല്ല.
ഹിന്ദി ഭാഷയും തമിഴ്നാടും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ കോളിളക്കമാണ് ഹിന്ദി നിരോധിച്ചുകൊണ്ടുള്ള ബില്ലുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട് വന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ ഇരു വശങ്ങളും പ്രധാനമാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ മാതൃഭാഷയായി സംസാരിക്കുന്ന ഭാഷയെന്നതിനപ്പുറം ഹിന്ദിക്ക് അവകാശപ്പെടാന്‍ മറ്റൊന്നുമില്ല. ഔദ്യോഗിക ഭാഷയായി ഭരണ- ജുഡീഷ്യല്‍ സംവിധാനങ്ങളുടെ എളുപ്പത്തിന് ഹിന്ദിയെ അംഗീകരിച്ചുവെന്നത് മറക്കുന്നില്ല. എന്നാല്‍ ഹിന്ദിയെ രാഷ്ട്ര ഭാഷയാക്കിയും ദേശീയ ഭാഷയാക്കിയും അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയാണ്. ഇതിന് രാജ്യത്ത് ഇത്രത്തോളം സ്വീകാര്യത ലഭിച്ചുവെന്നത് നിര്‍ഭാഗ്യകരമായ ഒരു സത്യമാണ്. മലയാളികളടക്കമുള്ള കോടിക്കണക്കിന് പ്രബുദ്ധ ഇന്ത്യക്കാര്‍ ഇന്നും ഈ കളവ് വിശ്വസിച്ച് വരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ നിയമസംഹിതയായ ഭരണഘടനയില്‍ ഒരു പ്രത്യേക ദേശീയ ഭാഷയെക്കുറിച്ചോ രാഷ്ട്ര ഭാഷയെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. ഭരണഘടനയുടെ ഭാഷയാകട്ടെ അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷും. പ്രത്യേക പദവിയുള്ള 22 ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദിയുള്ളതോടൊപ്പം തന്നെ തമിഴും മലയാളവും ഇടം പിടിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 22 ഭാഷകളില്‍ ഒന്നാണ് ഹിന്ദി. മറ്റു 21 എണ്ണം പോലെ മാത്രം.
എന്നാല്‍ ഹിന്ദിക്ക് അനൗദ്യോഗികമായിട്ടാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വലിയ പേരുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഇംഗ്ലീഷുകാര്‍ക്കിടയിലും ഇന്ത്യയുടെ ഭാഷ ഹിന്ദിയാണ്. ഈ സ്വീകാര്യത ഹിന്ദി അര്‍ഹിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഒരു പരിധി വരെ അതെ എന്ന് പറയേണ്ടിവരും. 2011ലെ സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 43.63 ശതമാനം ഹിന്ദി മാതൃഭാഷയായി സംസാരിക്കുന്നവരാണ്. അതായത് ഏകദേശം 52.83 കോടി ജനങ്ങള്‍. 121 വ്യത്യസ്ത ഭാഷകളും 270 മാതൃഭാഷകളുമുള്ള ഇന്ത്യന്‍ വൈവിധ്യത്തില്‍ ഇതൊരു വലിയ നമ്പറാണ്. രണ്ടാം സ്ഥാനത്തുള്ള ബംഗാളി സംസാരിക്കുന്നത് വെറും 8.03 ശതമാനം ജനങ്ങള്‍ മാത്രമാണ്. 9.72 കോടിയാളുകള്‍. ഈ കണക്കുകളിലെ വ്യത്യാസം പറയും ഹിന്ദിക്ക് കിട്ടിയ സ്വീകാര്യതയുടെ ഉത്തരം. ഈ സംഖ്യ അന്താരാഷ്ട്ര തലത്തില്‍ മൂന്നാം സ്ഥാനത്താണെന്നതും ഇതിനോട് ചേര്‍ത്തു പറയട്ടെ. ബോളിവുഡ് എന്ന സിനിമാ ഇന്‍ഡസ്ട്രിയും ഹിന്ദിയെ ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കി അവതരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണ സംവിധാനത്തിലിരുന്നവരില്‍ അധികവും ഹിന്ദി മാതൃഭാഷയായ രാഷ്ട്രീയക്കാരാണെന്നതിനാല്‍ ഭരണ മേഖലയിലും ഹിന്ദിക്ക് വലിയ പ്രാധാന്യം ലഭിച്ചു.
എന്നാല്‍ ഈ സ്വീകാര്യതയിലൂടെ സൗത്ത് ഇന്ത്യയിലടക്കമുള്ള ഇതര ഭാഷ സംസാരിക്കുന്ന ജനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ചില ഒളി തന്ത്രങ്ങള്‍ കാണാതിരിക്കാനാകില്ല. ദേശീയ ഭാഷയല്ലാതിരുന്നിട്ട് പോലും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദി സ്‌കൂളുകളില്‍ പാഠ്യ വിഷയമാക്കുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇഷ്ടമുള്ളവര്‍ക്ക് പഠിക്കാമെന്നതിനപ്പുറം എല്ലാവരും നിര്‍ബന്ധമായി പഠിക്കണമെന്നാക്കുമ്പോള്‍ അതത്ര ലളിതമല്ല. ഹിന്ദി അറിയാത്തതിന്റെയോ സംസാരിക്കാത്തതിന്റെയോ പേരില്‍ രാജ്യ തലസ്ഥാനത്തടക്കം അക്രമങ്ങള്‍ നേരിടുന്നതും പതിവാണ്. കേന്ദ്ര സര്‍വകലാശാലകളിലും മറ്റു സംസ്ഥാന സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതൊരു നിത്യ അനുഭവമാണെന്നത് യാഥാര്‍ഥ്യമാണ്. ഇന്ത്യക്കാരനെങ്കില്‍ ഹിന്ദി അറിയണമെന്ന പൊതു തത്ത്വം അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് പ്രയാസം തന്നെയാണ്. ഔദ്യോഗിക ഭാഷയായി ആര്‍ട്ടിക്കിള്‍ 343 ഹിന്ദിയെ അംഗീകരിക്കുമ്പോഴും തുല്യ പ്രാധാന്യം ഇംഗ്ലീഷിനും നല്‍കുന്നുണ്ട്. കൃത്യനിര്‍വഹണത്തിന്റെ എളുപ്പത്തിന് ഈ രണ്ടിലൊരു ഭാഷ ധാരാളമെന്നിരിക്കെ ഹിന്ദിയുടെ ചട്ടമ്പിത്തരത്തോട് കണ്ണടച്ചിരിക്കാനാകില്ല.
ഹിന്ദിയെ കുറിച്ചുള്ള ഇല്ലാത്ത സ്തുതി പറച്ചിലുകളാണ് തമിഴന്മാരെ പണ്ടുമുതലേ ചൊടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നാണ് തമിഴ്. അതുകൊണ്ടു തന്നെ വ്യക്തമായ പാരമ്പര്യവും ചരിത്രവും അവകാശപ്പെടാന്‍ തമിഴ് ഭാഷക്ക് കഴിയും. ഇത് ഒരു തീവ്രമായ ഭാഷാ ദേശീയബോധം തമിഴരിലുണ്ടാക്കുന്നുവെന്നത് സത്യമാണ്. ഇതില്‍ നിന്ന് വരുന്നതാണ് ഇവരുടെ ഇതര ഭാഷാ വിരോധം. ഇന്ത്യന്‍ ഭരണഘടന പ്രത്യേകമായി ഒരു ദേശീയ ഭാഷ പ്രഖ്യാപിക്കാതിരിക്കുമ്പോള്‍ ഹിന്ദിയെ ആ പദവിയില്‍ അലങ്കരിക്കാന്‍ തമിഴര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ഏകദേശം 1930ല്‍ തമിഴ് നാടിന്റെ ഹിന്ദിവിരുദ്ധ നിലപാടുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ 1960 മുതല്‍ കേന്ദ്ര സര്‍ക്കാറുകള്‍ മുന്നോട്ട് വെച്ച ത്രിഭാഷ (ഇംഗ്ലീഷ്, ഹിന്ദി, മാതൃഭാഷ) നിലാപാടോടെ തമിഴ്നാട് പ്രത്യക്ഷമായി എതിര്‍ത്തു തുടങ്ങി. ത്രിഭാഷാ നയത്തിന് പകരം ഇംഗ്ലീഷും തമിഴും ഉള്‍പ്പെടുന്ന ദ്വിഭാഷാ നയം മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂവെന്ന് തമിഴന്മാര്‍ വാശി പിടിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി ത്രിഭാഷാ നയം നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാഭ്യാസ ഫണ്ടുകള്‍ തടഞ്ഞുവെക്കുമെന്നുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ഈ വര്‍ഷവും തമിഴ്നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നത്തിന് പകരം തമിഴ് അക്ഷരം ഉപയോഗിച്ചതും വലിയ ചര്‍ച്ചയായി. മുഖ്യമന്ത്രി സ്റ്റാലിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാറിനെ പലപ്പോഴും ചൊടിപ്പിച്ചിരുന്നു.
ഹിന്ദി ഭാഷ അനാവശ്യമായി അടിച്ചേല്‍പ്പിക്കുന്നതും തമിഴരുടെ തീവ്രമായ ഭാഷാബോധവും അത്ര പോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇഷ്ടമുള്ളവര്‍ക്ക് പഠിക്കാം എന്നതിനപ്പുറം ഇന്ത്യക്കാരനാണെങ്കില്‍ ഹിന്ദി പഠിക്കണമെന്ന് വാശി പിടിക്കുന്നത് വലിയ പ്രഹസനമാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പൊതുവായി രാജ്യത്ത് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കാമെന്നിരിക്കെ ഈ അടിച്ചേല്‍പ്പിക്കല്‍ വൈവിധ്യങ്ങളുടെ നാട്ടില്‍ ഒട്ടും ഭൂഷണമല്ല. എന്നാല്‍, തമിഴരുടെ വിഷയത്തിലേക്ക് വരുമ്പോള്‍ ദേശീയ ഭാഷയാക്കുന്നതിനെ അംഗീകരിക്കാതിരിക്കുകയെന്നതിനപ്പുറം ഒരു ഭാഷയെ നിരോധിക്കലും പൂര്‍ണമായും അവഗണിക്കലും അനാവശ്യമാണ്.
ബഹുഭാഷാ ജ്ഞാനമെന്ന് പറയുന്നത് എന്നും മനുഷ്യന്റെ മികവായി വിലയിരുത്തപ്പെടുമ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിഭാഗ നാടുകളിലും സുഗമമായി ഉപയോഗിക്കാവുന്ന ഹിന്ദിയെ നിരോധിക്കുന്നത് തീര്‍ത്തും അനുചിതമാണ്. സ്‌കൂളുകളിലും കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇഷ്ടമുള്ളവര്‍ ഹിന്ദി പഠിക്കട്ടെ, ഇഷ്ടമുള്ളവര്‍ മാത്രം.



