Connect with us

National

കരൂര്‍ ദുരന്തത്തില്‍ ചോദ്യം ചെയ്യല്‍; വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായി

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി|കരൂര്‍ ദുരന്തത്തില്‍ ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്നില്‍ ഹാജരായി നടനും ടിവികെ നേതാവുമായ വിജയ്. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. രാവിലെ ഏഴരയോടെ സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിജയ് 12 മണിയോടെ സിബിഐ ആസ്ഥാനത്തെത്തി. ടിവികെ നേതാവ് ആധവ് അര്‍ജുനയും വിജയ്ക്കൊപ്പം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. നേരത്തെ ടിവികെയുടെ പ്രധാന നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ജനക്കൂട്ട നിയന്ത്രണത്തിലെ പരാജയവും സുരക്ഷാ ക്രമീകരണ ലംഘനങ്ങളും സംബന്ധിച്ചായിരിക്കും സിബിഐ ഉത്തരം തേടുക. പരിപാടിക്ക് മുമ്പും ശേഷവും എടുത്ത തീരുമാനങ്ങളെക്കുറിച്ചും അന്വേഷണ ഏജന്‍സി ചോദിച്ചറിയും. ഈ മാസം ആറിനാണ് വിജയ്ക്ക് സിബിഐ സമന്‍സ് അയച്ചത്.

2025 സെപ്തംബര്‍ 27നായിരുന്നു കരൂര്‍ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടര്‍ന്ന് അപകടത്തില്‍ 41 പേര്‍ മരിച്ചിരുന്നു. 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈ പനയൂരിലെ ടിവികെ ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. ദുരന്തത്തിനു പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.

 

Latest