National
സൈബര്‍ തട്ടിപ്പ്;കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 12 പേരെ പോലീസ് പിടികൂടി
കേരളം, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍
ഭുവനേശ്വര്‍| സൈബര്‍ തട്ടിപ്പ് നടത്തിയ അന്തര്‍സംസ്ഥാന സംഘത്തെ ഭുവനേശ്വര്‍ പോലീസ് പിടികൂടി. കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 12 പേരാണ് അറസ്റ്റിലായത്. കേരളം, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍. പ്രതികളുടെ പക്കലില്‍ നിന്നും 30 മൊബൈല്‍ ഫോണ്‍, 30 സ്മാര്‍ട്ട് ഫോണ്‍, രണ്ട് ലാപ്‌ടോപ്, സ്‌ക്രാച്ച് കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികളുടെ നേതൃത്വത്തില്‍ തട്ടിപ്പ് നടത്തുന്ന വലിയൊരു സംഘമുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഗിഫ്റ്റ് വൗച്ചര്‍, ലോട്ടറി ടിക്കറ്റ്, ലോണുകള്‍ എന്നിവ കാണിച്ച് ഇവര്‍ ജനങ്ങളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റാക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഇതിനിടെ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത സ്വീകരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ജാതരായ നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍, ഓണ്‍ലൈന്‍ ഓഫറുകള്‍, സാമ്പത്തിക പദ്ധതികള്‍ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.




