Aksharam Education
ചൈനീസ് വിപ്ലവം
1839 മുതൽ 1842 വരെ നീണ്ടുനിന്ന കറുപ്പ് യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിൽ ചൈനയിൽ വിദേശ ആധിപത്യത്തിനും രാജവാഴ്ചക്കുമെതിരെ നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം. അന്ന് ചൈന ഭരിച്ചിരുന്നത് മാഞ്ചു രാജവംശത്തിലെ അവസാന രാജാവായ പൂയി ആയിരുന്നു. ഈ സമയം ചൈനയിൽ കറുപ്പ് വ്യാപാരം വ്യാപകമായിരുന്നു. ഇംഗ്ലീഷ് വ്യാപാരികൾ ഇറക്കുമതി ചെയ്ത ഒപ്പിയം ചൈനയിലെ യുവാക്കൾ വ്യാപകമായി ഉപയോഗിച്ചുവന്നു. ഇത് ചൈനീസ് യുവതയുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിച്ചിരുന്നു. തുടർന്ന് കറുപ്പുമായി വന്ന കപ്പൽ ചൈനക്കാർ പിടിച്ചെടുക്കുകയും ചൈനയും ബ്രിട്ടനും തമ്മിൽ കറുപ്പ് യുദ്ധം നടക്കുകയും ചെയ്തു.
1839 മുതൽ 1842 വരെ നീണ്ടുനിന്ന കറുപ്പ് യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു. തുറന്ന വാതിൽ നയം (open door policy) ചൈനീസ് കമ്പോളത്തിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശം ഉണ്ടാക്കി. ഇത് അമേരിക്കക്ക് ചൈനയിൽ സുഗമമായി ഇടപെടാൻ അവസരമൊരുക്കി. മാഞ്ചു രാജവംശം വിദേശ ഇടപെടലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
തുടർന്ന് മാഞ്ചു രാജാവംശത്തിനെതിരെ രഹസ്യ സംഘടനകൾ 1900ത്തിൽ ബോക്സർ കലാപം നടത്തി. ബോക്സർമാരുടെ മുഷ്ടിയായിരുന്നു ഇതിന്റെ മുദ്ര. ഈ കലാപവും പരാജയപ്പെട്ടെങ്കിലും പിൻകാല വിപ്ലവങ്ങൾക്ക് പ്രചോദനമായി മാറി.
റിപബ്ലിക് ചൈന
1911ലാണ് ഡോ. സൺ യാത് സെനിന്റെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം നടക്കുന്നത്. ചെറിയ വിപ്ലവ പാർട്ടികൾ ചേർന്ന് ചൈനീസ് റെവല്യൂഷനറി ലീഗ് രൂപവത്കരിച്ചാണ് വിപ്ലവത്തിലേക്ക് തിരിയുന്നത്. ശേഷം വിപ്ലവം വിജയിക്കുകയും രാജവംശം അവസാനിക്കുകയും ചെയ്തു.
വിപ്ലവാനന്തരം 1912ൽ ചൈന റിപബ്ലിക് ആകുകയും താത്കാലിക പ്രസിഡന്റായി സൺ യാത് സെനിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ചൈനീസ് വിപ്ലവത്തിന്റെ ആത്മാചാര്യൻ എന്നറിയപ്പെടുന്നതും സൺ യാത് സെൻ ആണ്. ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയായിരുന്നു വിപ്ലവത്തിന്റെ ആശയങ്ങൾ.
സൺ യാത് സെൻ അധികാരത്തിലെത്തിയതോടെ വിദേശശക്തികൾ ചൈനയുമായി ഒപ്പിട്ട കരാറുകളും ഉടമ്പടികളും റദാക്കി. കൃഷിയുടെയും വ്യവസായത്തിന്റെയും പുരോഗതിക്ക് ഊന്നൽ നൽകി.
1925ൽ സൺ യാത് സെനിന്റെ മരണത്തിനുശേഷം കുമിന്താംഗ് പാർട്ടിയുടെ നേതൃനിരയിലേക്ക് ചിയാംഗ് കെയ് ഷെക് വരികയും സൈനിക ഏകാധിപത്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ചിയാംഗ് കെയ് ഷെക് അമേരിക്കയെ പിന്തുണക്കുകയും ക്രൂരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ 1921ൽ മാവോ സേതൂംഗിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും കുമിന്താംഗ് പാർട്ടിയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും അത് സായുധ കലാപത്തിലേക്ക് നയിക്കുകയും ചെയ്തു.
1934 ഒക്ടോബർ 16ന് മാവോ സേതുംഗിന്റെ നേതൃത്വത്തിൽ മഹത്തായ പടനീക്കം എന്നറിയപ്പെടുന്ന ലോംഗ് മാർച്ച് ആരംഭിച്ചു. തെക്കൻ ചൈനയിലെ കിയാംഗ്‌സി മുതൽ വടക്ക് പടിഞ്ഞാറ് യെനാൻ വരെ 6,000 മൈൽ സഞ്ചരിച്ച ലോംഗ് മാർച്ച് പ്രഭുക്കന്മാരോട് യുദ്ധം ചെയ്ത് കൈയടക്കി വെച്ച സ്ഥലങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകി.
900ത്തോളം ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്. 18 മലനിരകളും 24 നദികളും 12 പ്രവിശ്യകളും കടന്ന് സഞ്ചരിച്ച മാർച്ച് 62 നഗരങ്ങൾ പിടിച്ചെടുത്ത് 1935 ഒക്ടോബർ 22ന് അവസാനിച്ചു. ഇതോടെ ചിയാംഗ് കെയ് ഷെക് തായ്്വാനിൽ രാഷ്ട്രീയ അഭയം തേടി. തുടർന്ന് 1949 ഒക്ടോബർ ഒന്നിന് ചൈന ജനകീയ റിപബ്ലിക്കാകുകയും ടിയാനൻമെൻ സ്‌ക്വയറിൽ മാവോ സേതുംഗ് ചെയർമാനായി സ്ഥാനമേൽക്കുകയും ചെയ്തു.




