Connect with us

Kerala

കോടതിയില്‍ വന്നത് പത്ത് ദിവസം മാത്രം, വന്നാല്‍ ഉറക്കവും; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കോടതി

വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി.വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും ഉള്ളപ്പോഴൊണെങ്കില്‍ ഉറങ്ങാറാണ് പതിവെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആരോപിച്ചു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശം.

അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു.വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു. അതേ സമയം , അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല

അതിജീവിതയെ അപമാനിച്ച കേസിലെ കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെ ഇന്ന് ടി ബി മിനി എത്തിയില്ലേ എന്ന് കോടതി ചോദിച്ചു. എന്നാല്‍ അഭിഭാഷക ഹജരായിരുന്നില്ല. കേസിലെ വിചാരണ നടപടികള്‍ നടക്കുന്ന സമയത്ത് പത്ത് ദിവസത്തില്‍ താഴെയാണ് അഭിഭാഷക എത്തിയത്. ഉള്ളപ്പോഴാണെങ്കില്‍ ഉറക്കവും. വിശ്രമിക്കാനുള്ള സ്ഥലമാണോ ഇതെന്നും കോടതി ചോദിച്ചു. ഇങ്ങനെയൊക്കെ ചെയ്തിട്ടാണ് കോടതിയേയും കോടതി വിധിയേയുമൊക്കെ വിമര്‍ശിക്കുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി.

അതേ സമയം ഇത് കോടതിയുടെ അപക്വമായ പ്രസ്താവനയായി മാത്രമാണ് കാണുന്നതെന്നും താന്‍ കഴിഞ്ഞ 5 വര്‍ഷമായി ഈ കേസുമായി നടന്ന ഒരാളാണെന്നും ടി ബി മിനി പ്രതികരിച്ചു. പബ്ലിക് പ്രോസിക്യൂട്ടറും ഹൈക്കോടതിയും പറയട്ടെ താന്‍ കോടതിയില്‍ പോയിട്ടില്ലെന്ന്. കേസ് കോടതിയില്‍ തീര്‍ന്നതാണ്. ഇന്ന് പരിഗണിക്കുന്നത് കോടതിയലക്ഷ്യ ഹരജികളാണ്. അതില്‍ സീനിയറായ ഞാന്‍ തന്നെ പോകണമെന്നില്ല. ജൂനിയര്‍ അഭിഭാഷക പോയിട്ടുണ്ട്. എനിക്ക് ഹൈക്കോടതിയില്‍ മറ്റൊരു കേസിന്റെ വാദം നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പോയേ മതിയാകൂ എന്നും ടി ബി മിനി പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest