Connect with us

Kerala

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണി?; അതിരൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് വാദത്തിനിടെ പ്രോസിക്യൂഷന്‍

Published

|

Last Updated

കൊച്ചി |  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിനെതിരെ അതിരൂക്ഷ വിമര്‍ശുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനാണെന്നും , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും കോടതി ചോദിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശമുന്നയിച്ചത്.

ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപ്പോഴാണ് എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ ദേവസ്വം ബോര്‍ഡിന് വേറെന്താണ് പണിയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിരിച്ച് ചോദിച്ചത്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുന്‍ എ പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

ശബരിമലയില്‍ പല ആവശ്യങ്ങള്‍ക്കായി താന്‍ 1.40 കോടി രൂപയോളം ചെലവഴിച്ച താന്‍ ഇപ്പോള്‍ 25 ദിവസമായി ജയിലില്‍ കഴിയുകയാണെന്നു ഗോവര്‍ധന്‍ കോടതിയെ അറിയിച്ചു. തികഞ്ഞ അയ്യപ്പഭക്തനായ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി.

Latest