Connect with us

Kerala

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക വിവേചനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധ സത്യാഗ്രഹം

എങ്ങനെയൊക്കെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് മുഖ്യമന്ത്രി..

Published

|

Last Updated

തിരുവനന്തപുരം|കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സത്യാഗ്രഹ സമരം ആരംഭിച്ചു. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10ന് സത്യാഗ്രഹ സമരം തുടങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരപരിപാടിയിൽ പങ്കെടുത്തു. വൈകീട്ട് അഞ്ച് വരെയാണ് സത്യാഗ്രഹംനമ്മുടെ സംസ്ഥാനം ഒരു പോരാട്ടത്തിലാണ്. ഈ നാടിൻറെയും ജനതയുടെയും അതിജീവനത്തിൻറെ പോരാട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനമെന്ന നിലയിൽ നമുക്ക് ഭരണഘടനാ പരമായി അർഹതപ്പെട്ട പലതും നമ്മിൽ നിന്ന് തട്ടിപ്പറിക്കുന്നു. സ്വന്തം കയ്യിലാണ് അമിതാധികാരം എന്ന് ധരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ വിവേചനപരമായി പിടിച്ചുപറിക്കുന്ന നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സമരം ചെയ്യാൻ നിർബന്ധിതരാവുന്ന അസാധാരണ സാഹചര്യമാണ് ഇന്നുള്ളത്.

ഈ മാസം മുതൽ മാർച്ചുവരെ മൂന്നുമാസക്കാലയളവിൽ സംസ്ഥാനത്തിന് വിനിയോഗിക്കാൻ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം തുകയാണ് കേന്ദ്രം ഏറ്റവും ഒടുവിൽ വെട്ടിക്കുറച്ചത്. ഈ സാമ്പത്തിക വർഷത്തിൻറെ അവസാനത്തെ മൂന്നുമാസത്തേയ്ക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്. തനത് വരുമാനങ്ങൾക്കുപുറമെ ഈ വായ്പയുംകൂടി എടുത്താണ് അവസാനമാസത്തെ ചെലവുകൾ നിർവഹിക്കേണ്ടത്. ഇതിൽ 5,900 കോടി രൂപ ഒരു നീതീകരണവും ഇല്ലാതെ നിഷേധിച്ചിരിക്കുന്നു. കേന്ദ്ര പദ്ധതികളിൽ കേരളത്തിന് ലഭിക്കേണ്ട തുകകളിലെ 2025 സെപ്റ്റംബർ വരെയുള്ള കുടിശിക മാത്രം 5783.69 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്ങനെയൊക്കെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന രീതിയിൽ കേരളത്തെ ഞെരുക്കണം എന്ന നിർബന്ധത്തോടെ തീരുമാനിക്കപ്പെട്ട കണക്കുകൾ ആണിതെന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല. ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും അടക്കം വിവിധ മേഖലകളിലെ നമ്മുടെ അഭിമാന നേട്ടങ്ങൾ ഇല്ലാതാക്കുക; ക്ഷേമ പദ്ധതികൾ തകർക്കുക, കർഷകരെയും തൊഴിലാളികളെയും ജനങ്ങളെയാകെയും പ്രയാസപ്പെടുത്തുക. അങ്ങനെ വരിഞ്ഞു മുറുക്കി കേരളത്തെ ശിക്ഷിക്കുക. ഫലത്തിൽ ഈ പാതകമാണ് സംഭവിക്കുന്നത്. പ്രധാന മന്ത്രിയുടെ പേരിൽ ആഘോഷപൂർവ്വം പ്രഖ്യാപിച്ച പദ്ധതികളുടെ ഫണ്ട് പോലും കേരളത്തിന് തടയപ്പെടുകയാണ്.

 

തങ്ങൾക്ക് ഇഷ്ടമുള്ള സർക്കാരാണ് സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ളതെങ്കിൽ വിവേചനാധികാരം ഉപയോഗിച്ച് അവർക്ക് ഗ്രാൻറുകൾ വാരിക്കോരി നൽകുകയാണ്. ഗ്രാൻ്റുകൾ നൽകുന്നതിൽ എതിർപ്പില്ല – എന്നാൽ മാനദണ്ഡാനുസൃതമായാണ് നൽകേണ്ടത് – തങ്ങൾക്ക് രാഷ്ട്രീയമായി യോജിപ്പില്ലാത്ത രാഷ്ട്രീയ കക്ഷികൾ നയിക്കുന്ന സർക്കാരുകൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉന്നതവിദ്യാഭ്യാസ മേഖല കരുത്താർജിക്കുകയാണ്. ഇവിടെ ഈ മേഖല ഗൗരവമായ പ്രശ്നങ്ങൾ നേരിടുകയാണ്. സംസ്ഥാനങ്ങളുടെ ഫണ്ടിംഗിൽ ആരംഭിക്കുന്ന സർവ്വകലാശാലകളുടെ ഒരു കാര്യത്തിലും സംസ്ഥാന സർക്കാർ അഭിപ്രായം പോലും പറയരുത് എന്ന രീതിയാണ് ആർ എസ് എസ് സംഘപരിവാർ ശക്തികളായ അവരുടെ നോമിനികളിലൂടെ അവലംബിക്കുന്നത്. ഇതിനെതിരെയും അതിശക്തമായ രാഷ്ട്രീയനിയമ പോരാട്ടങ്ങൾ നടന്നുവരികയാണ്.

രാജ്യത്തിൻ്റെ ചരിത്രം തിരുത്തണം. കുട്ടികൾ അത് അറിയാൻ പാടില്ല. നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യ സമര പോരാട്ടത്തെക്കുറിച്ച് വിദ്യാർത്ഥികൾ കുടുതൽ മനസിലാക്കരുത്. മനസിലാക്കിയാലുള്ള കുഴപ്പെമെന്താ സ്വതന്ത്ര്യ സമരത്തിൽ ആരൊക്കെ പങ്കെടുത്തു. ആര് പങ്കെടുത്തില്ല, സ്വതന്ത്ര്യ സമരത്തെ എതിർത്തതാര്, അന്ന് ബ്രിട്ടീഷ് വൈസ്രോയിയുടെ അടുത്തു പോയി ഞങ്ങൾ നിങ്ങൾക്ക് ഒപ്പമാണ് എന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചതാര്. ജയിലിൽപ്പെട്ടു പോയപ്പോൾ മാപ്പു എഴുതികൊടുത്ത് ഇനിയുള്ള കാലം ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ വിശ്വസ്ത സേവകനായിരുന്നുകൊള്ളം എന്ന് പ്രതിജ്ഞ എഴുതി കൊടുത്തതാര് ഇങ്ങനെയെല്ലാം ഉള്ള കാര്യം വിദ്യാർത്ഥികൾ അറിയും. അതെല്ലാം മാറണം, അതെല്ലാം മാറ്റണം, ഇതെല്ലാം ചരിത്രത്തിൻ്റെ ഭാഗമാണ്. ആ ചരിത്രം തിരുത്തണം. വ്യാജ ചരിത്രം സൃഷ്ടിക്കണം. അതുനുവേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു. ഇതാണ് വിദ്യാഭ്യാസ രംഗം എന്ന് നമ്മൾ ഓർക്കണം. കേന്ദ്ര ഗവൺമെൻ്റ് ഈ ചരിത്ര വസ്തുതകൾ നിഷേധിക്കാൻ തയ്യാറായപ്പോൾ, അവ പാഠാപുസ്തകങ്ങളിൽ നിന്ന് എടുത്ത് മാറ്റാൻ തയ്യാറായപ്പോൾ നമ്മുടെ കേരളം മാത്രമാണ് ഗന്ധിജിയെക്കുറിച്ചടക്കം പാഠാഭാഗത്ത് ഉൾപ്പെടുത്തിയത്.

ജനാധിപത്യവിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുന്ന കേന്ദ്ര സർക്കാരിനെതിരെ ബഹുജനാഭിപ്രായം ഉയർന്നുവരേണ്ടത് ഫെഡറൽ, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമാണ്. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ പോലും ഒരു അഭിപ്രായ സമന്വയമുണ്ടാക്കാൻ കോൺഗ്രസ്സും യു.ഡി.എഫും തയ്യാറാകുന്നില്ല. തീർത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാർ സാമ്പത്തികമായി ഞെരുങ്ങുന്നു എങ്കിൽ തങ്ങൾക്ക് അതിൽ നിന്ന് എന്ത് ലാഭം എന്ന കാഴ്ചപ്പാടാണ് ഇവിടത്തെ പ്രതിപക്ഷത്തിനുള്ളത്.

നേരത്തെ വടകര പാർലമെൻ്റ് സീറ്റിലും ബേപ്പൂർ അസംബ്ലി സീറ്റിലും കോലീബി സഖ്യം ഉണ്ടായത് നമുക്ക് മറക്കാവുന്ന കാര്യമല്ല. അന്നും ആർഎസ്എസ് തന്നെയാണ് നേതൃത്വത്തിൽ. അന്നും ആർഎസ്എസ് ഈ നിലപാടിൽ തന്നെയാണ്. കേന്ദ്ര ഭരണം ഇല്ലെന്ന് മാത്രം. അന്ന് അവരോട് കൂട്ടുകൂടാൻ കോൺഗ്രസിന് മടി ഉണ്ടായിട്ടില്ല. പിന്നീടുള്ള നിരവധി ഘട്ടങ്ങൾ അത്തരത്തിലുള്ള കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കോൺഗ്രസും യുഡിഎഫും ലീഗും തയ്യാറായിട്ടുണ്ട്. ഇതൊക്കെ നമ്മുടെ അനുഭവത്തിലുള്ള കാര്യമാണ് അവർക്ക് നാല് വോട്ട് വരുമ്പോൾ മതനിരപേക്ഷത ദുർബലപ്പെട്ടാലും കുഴപ്പമില്ല.

സ്വയം വിനാശകരമായ നിലപാടാണ് അത് എന്ന് അനുഭവത്തിലൂടെ തിരിച്ചറിയാൻ അവർക്ക് കഴിയുന്നില്ല. ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ പഴയ കോൺഗ്രസ് നേതാക്കൾ, എഐസിസി നേതാക്കൾ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാന കോൺഗ്രസ് കോൺഗ്രസിന്റെ അധ്യക്ഷന്മാർ അങ്ങനെ വലിയൊരു നിരയെ ബിജെപി നേതൃസ്ഥാനത്ത് നമുക്ക് കാണാൻ കഴിയും. ഈ സമീപനത്തിന്റെ ഭാഗമായാണ് അത്തരമൊരു നിലയിലേക്ക് കാര്യങ്ങൾ എത്തിയത് എന്നത് അവർക്ക് ഉൾക്കൊള്ളാനോ തിരിച്ചറിയാനോ കഴിയുന്നില്ല. അനുഭവത്തിൽനിന്ന് ഒരു തിരുത്തും വരുത്താൻ തയ്യാറാകുന്നില്ല. ആവശ്യം വരുമ്പോൾ ബിജെപിയുടെ ആർഎസ്എസിന്റെ ആടയാഭരണങ്ങൾ എടുത്ത് അണിയാനും ആ ഒരു പ്രതീതി സൃഷ്ടിക്കാനും മടിയില്ലാത്തവരായി അവർ മാറുകയാണ്.

നെല്ല് സംഭരണത്തിൻ്റെ ഇൻസെൻറീവ് ഇനത്തിലും എസ് എസ് എ ഇനത്തിലും ജലജീവൻ മിഷൻ പദ്ധതിക്കുള്ള സഹായത്തിൻ്റെ ഭാഗമായും തുകകൾ ഒട്ടേറെ ലഭിക്കാനുണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി കോർ ഓഫ് കോർ എന്ന വിഭാഗത്തിൽപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയായിരുന്നു. ഇതിൽ വേതനത്തിനായുള്ള കേന്ദ്രസഹായം 100 ശതമാനമായിരുന്നു. പുതിയ VBG RAM G (വി.ബി.ജി റാം ജി) പദ്ധതി പ്രകാരം കേന്ദ്രസഹായം 60 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിനുപുറമെ VBG RAM G യിൽ ഓരോ സംസ്ഥാനത്തിലും ഉൽപ്പാദിപ്പിക്കേണ്ട തൊഴിൽ ദിനങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന വിഹിതത്തിനുള്ളിൽ ആകണമെന്നുള്ളതുകൊണ്ട് സംസ്ഥാനത്തിന് വരാവുന്ന ആകെ നഷ്ടം 3,544 കോടി രൂപയാണ്. ഈ തടഞ്ഞുവയ്ക്കൽ സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുകയാണ്.

ഗ്രാൻ്റുകൾ തടഞ്ഞുവച്ചിട്ടും വായ്പാ പരിധി വെട്ടിക്കുറച്ചിട്ടും മതിവരാതെ കേന്ദ്ര സർക്കാർ വീണ്ടും 3,323 കോടി രൂപയുടെ വെട്ടിക്കുറവ് കൂടി വായ്പാ പരിധിയിൽ വരുത്തിയിട്ടുണ്ട്. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ടുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നിബന്ധനകൾ അടിച്ചേൽപ്പിച്ചുകൊണ്ടാണിത്. വായ്പാപരിധിയിലെ വെട്ടിക്കുറവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് സംസ്ഥാന ധനമന്ത്രി നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അനുകൂല സമീപനം ഉണ്ടാകുന്നതിനായും ശക്തമായ ബഹുജനാഭിപ്രായം സംസ്ഥാനത്തിനകത്തും പുറത്തും ഉയർന്നുവരേണ്ടതുണ്ട്.

ഇതൊന്നുംകൊണ്ട് കേരളത്തെ തകർക്കാനോ തളർത്താനോ പറ്റുന്നില്ലെന്ന് കേന്ദ്ര സർക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനുമൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതങ്ങളിൽ ഇത്രയേറെ കുറവുണ്ടായിട്ടും കേരളത്തിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും പുതിയ വ്യവസായങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ പണം ചെലവഴിക്കാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്.

ഒരു വശത്തുകൂടി നൂണപ്രചാരണം നടത്തുക മറുഭാഗത്ത് സാമ്പത്തികമായി ഞെരുക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേരള വിരുദ്ധ സമീപനത്തിലെ യു.ഡി.എഫിൻ്റെ പങ്കാളിത്തത്തിന് ഉദാഹരണമാണ് കോഴിക്കോട്ടേയും കൊല്ലത്തേയും എം.പിമാർ കേരളത്തിലെ റേഷൻ മുടക്കാനും സഹകരണ മേഖലയെ തകർക്കാനും കഴിയുമോ എന്നനിലയിലുള്ള ഇടപെടൽ നടത്താൻ പാർലമെൻ്റിൽ ശ്രമിച്ചത്. അതിനായി ചോദ്യോത്തര വേളയെ ഉപയോഗിക്കാനും ഇവർ മടിച്ചില്ല.

കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് അർഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായി നിൽക്കാൻ കേരളത്തിന് കഴിയണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾതൊട്ട് പാർലമെൻ്റുവരെ വ്യത്യസ്തമായ പാർട്ടികൾക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപ്പെട്ട കേരളീയർക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങൾക്കും വിപുലമായ ആനുകൂല്യങ്ങൾ കിട്ടുമ്പോൾ കേരളത്തിന് അർഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്തിട്ടുള്ളതാണ്. ഡിസംബർ 24ڊന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നൽകിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാൻ അനുവദിക്കണമെന്നും, ഐ.ജി.എസ്.ടി റിക്കവറി എന്നപേരിൽ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിൻ്റെ പേരിൽ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പയ്ക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല.

ഇവിടെ നടത്തുന്ന ഈ പ്രക്ഷോഭം ആദ്യത്തേതല്ല നമ്മുടെ അവകാശങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളിൽ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതുപോലെ കേന്ദ്രത്തിന് വഴങ്ങുന്ന ഒരു നയസമീപനമല്ല സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. ബദൽ നയമാണ് നാം ഇവിടെ നടപ്പാക്കുന്നത്. ബിജെപി സർക്കാരിനെതിരെ കോടതിയിൽ പോകാനും ശക്തമായ പ്രക്ഷോഭം നടത്താനും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മാത്രമേ തയ്യാറായിട്ടുള്ളൂ.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ഫെഡറലിസത്തെയും ജനാധിപത്യ മൂല്യങ്ങളെയും മതനിരപേക്ഷതയെയും കടന്നാക്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ വികലമായ നയങ്ങൾ ലോകത്തിനു മുന്നിൽ അനിതരസാധാരണമായ നേട്ടങ്ങൾ കാഴ്ചവച്ച കേരളത്തിൻ്റെ വികസന പരിപ്രേക്ഷ്യത്തെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. കോൺഗ്രസ്സിൻ്റെയും യു.ഡി.എഫിൻറെയും പൂർണ്ണ സമ്മതത്തോടുകൂടി കേന്ദ്രസർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ അഭിപ്രായവ്യതാസങ്ങളും മാറ്റിവച്ചുകൊണ്ടുള്ള ജനകീയ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയർന്നുവരുന്നതിൻ്റെ മുന്നറിയിപ്പാണ് ഇവിടെ നടത്തുന്ന സമരം. നമ്മുടെ നാടിനെ തകർക്കാനും തളർത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ  നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റ മനസ്സോടോ യോജിച്ച് അണിനിരക്കണം എന്ന് പറഞ്ഞ്   പ്രതിഷേധ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

 

 

---- facebook comment plugin here -----