ഇറാൻ / ആഭ്യന്തര സംഘർഷം
ഇറാന്റെ മാന്ത്രികവടി ഫലിക്കുമോ?
പ്രക്ഷോഭങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഒരു കാര്യം മനസ്സിലാകും. പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് പഴുതൊരുക്കുന്ന തരത്തിലുള്ള സാമ്പത്തിക, സാമൂഹിക പ്രതിസന്ധികള്‍ ഇറാനില്‍ രൂപപ്പെട്ടുവെന്നും അവക്കെതിരായ രൂക്ഷമായ പ്രതികരണങ്ങള്‍ ജനങ്ങളില്‍ നിന്നുണ്ടായി എന്നതുമാണ് ആ യാഥാര്‍ഥ്യം. സാമ്പത്തിക ഉത്കണ്ഠകളാണ് പ്രക്ഷോഭങ്ങളുടെ അടിത്തട്ടിലുള്ളതെന്നും മനസ്സിലാകും.
വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദൂറോയെയും ഭാര്യയെയും ഭരണസിരാകേന്ദ്രത്തില്‍ ഇടിച്ചു കയറി ട്രംപിന്റെ സൈനിക ഗുണ്ടാ സംഘം (ഡെല്‍റ്റാ ഫോഴ്‌സ്) തട്ടിക്കൊണ്ടുപോയത്, ഡോളറിനെ ശക്തിപ്പെടുത്താനായി ഏത് എടുത്തുചാട്ടത്തിനും മുതിരുമെന്ന ഭീതി ലോകത്താകെ പടര്‍ത്തിയിട്ടുണ്ട്. സത്യത്തില്‍ ഇത് പുതിയൊരു കാര്യമേയല്ല. എണ്ണ വിപണിയിലെ എല്ലാ വിനിമയങ്ങളും ഡോളറിന്റെ ഭാഷയിലായിരിക്കണമെന്ന ശാഠ്യം ഹെന്റി കിസ്സിഞ്ചറടക്കമുള്ള സര്‍വ യു എസ് നേതാക്കളും മുറുകെപ്പിടിച്ചിരുന്നു. പെട്രോ വിഭവ നിയന്ത്രണം കൈക്കലാക്കുന്നതിലും വ്യാപാരം ഡോളറിലാക്കുന്നതിലും കിസ്സിഞ്ചര്‍ സഊദിയെ കൂടെ നിര്‍ത്തിയത് സുരക്ഷാ വാഗ്ദാനങ്ങളും ആയുധ കരാറുകളും ഭീഷണികളും മുന്നോട്ട് വെച്ചായിരുന്നു.
വാഗ്ദാനത്തിലല്ല, വഴങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ തന്നെയാകും ആദ്യം ആക്രമിക്കുകയെന്ന ഭീഷണിയിലാണ് സഊദി വീണത്. അങ്ങനെയാണ് പെട്രോ ഡോളര്‍ സംവിധാനത്തിന് തുടക്കമായത്. ഇറാന്‍- ഇറാഖ് യുദ്ധം സൃഷ്ടിച്ചതും സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതും ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ തല്ലിക്കൊന്നതുമെല്ലാം പെട്രോ വിഭവത്തിന് മേലുള്ള നിയന്ത്രണം കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു. ഓയില്‍ റിസര്‍വ് സ്വന്തമാക്കി ഊര്‍ജ സ്വയംപര്യാപ്തത നേടുകയെന്നതായിരുന്നില്ല ലക്ഷ്യം. മറിച്ച് ഡോളറിനെ ആഗോള റിസര്‍വ് കറന്‍സിയായി നിലനിര്‍ത്തലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴെല്ലാം മറ്റ് രാജ്യങ്ങളുടെ വിഭവങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കുകയെന്ന തന്ത്രമാണ് സാമ്രാജ്യത്വ ശക്തികള്‍ പയറ്റിയിട്ടുള്ളത്. ആ തന്ത്രം മദൂറോയില്‍ എത്തിനില്‍ക്കുന്നു. കുറേ പേര്‍ ട്രംപിനെ കുറിച്ച് വാഴ്ത്തുഭാഷയില്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.
“അയാള്‍ ഒന്നും മറച്ചു വെക്കുന്നില്ല; തുറന്ന് പ്രഖ്യാപിക്കുന്നു; നടപ്പാക്കുന്നു. എത്ര കൃത്യം, വ്യക്തം’ എന്നാണ് അപദാനം. സാമ്രാജ്യത്വ ശക്തികളുടെ വലിയൊരു ഭാഗ്യമാണത്. അവര്‍ വരുതിയിലാക്കുന്ന രാജ്യങ്ങളുടെ സമ്പത്ത് ഉപയോഗിച്ച് തന്നെയാണ് പിടിച്ചടക്കല്‍ പദ്ധതി നടപ്പാക്കുക. കൊളോണിയല്‍ ശക്തികള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ അവര്‍ കീഴടക്കുന്ന ജനതയില്‍ നിന്ന് തന്നെ ലഭിക്കും. ഏറ്റവുമൊടുവില്‍ ഇറാനിലും അത് തന്നെ സംഭവിക്കുന്നു. ഇറാന്‍ ജനതയില്‍ ഒരു വിഭാഗം തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നത്, ഷാ പഹ്‌ലവി ഭരണം തിരികെ വരണമെന്നാണ്. സാമ്രാജ്യത്വ ശക്തികളുടെ ചരടില്‍ ആടിയാല്‍ മതി; ദേശാഭിമാനം പഴഞ്ചന്‍ ആശയമെന്നാണ് അവര്‍ പറയാതെ പറയുന്നത്. അമ്പതോടടുക്കുന്നവര്‍ക്ക് 1979ലെ വിപ്ലവം ചരിത്രപുസ്തകത്തിലെ ചോദ്യോത്തരം മാത്രമാണല്ലോ.
ഇറാനിലെ പ്രക്ഷോഭത്തിന് നേരെയുള്ള സൈനിക നടപടിയില്‍ 60ലേറെ പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇരുനൂറിലേറെ വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഭാഷ്യം. ഏതായാലും പ്രക്ഷോഭം പടരുക തന്നെയാണ്. വല്ലാത്തൊരു തുടര്‍ച്ചയുണ്ട് ഈ പ്രക്ഷോഭങ്ങള്‍ക്ക്. 2025ല്‍ ഇസ്‌റാഈല്‍ ഇറാനില്‍ 12 ദിവസത്തെ ആക്രമണം നടത്തി, മുതിര്‍ന്ന സൈനിക നേതാക്കളെ വധിക്കുകയും സൈനിക, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തു. ഈ ആക്രമണത്തിന് ശേഷം ഫോര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവിടങ്ങളിലെ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയും ആക്രമണം നടത്തി. ഹിസ്ബുല്ലയെയും ഹൂതികളെയും തളര്‍ത്തി, സിറിയയില്‍ ബശ്ശാറുല്‍ അസദിനെ പുറത്താക്കി. എല്ലാ പഴുതുകളും അടച്ചാണ് യു എസ് കളിക്കുന്നതെന്ന് വ്യക്തം.
1990കളുടെ മധ്യം മുതല്‍ ഇറാനിയന്‍ സമൂഹം നൂറുകണക്കിന് പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1999 ജൂലൈയില്‍, പരിഷ്‌കരണവാദി പത്രം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനങ്ങള്‍ തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരുന്നു. ആറ് ദിവസം കൊണ്ട് ശിയാ നേതൃത്വം ആ സമരം അടിച്ചമര്‍ത്തി. നിയമപരമായ തുല്യതക്കായി “ദശലക്ഷം ഒപ്പുകള്‍’ ശേഖരിക്കുന്ന ക്യാമ്പയിന്‍ ഉള്‍പ്പെടെ 2005ലും 2006ലും വനിതാ പ്രതിഷേധങ്ങള്‍ അരങ്ങേറി. 2008ല്‍, മൂല്യവര്‍ധിത നികുതി നിരക്കില്‍ വര്‍ധനവ് വരുത്തിയതിനെത്തുടര്‍ന്ന് വമ്പന്‍ പ്രതിഷേധം നടന്നിരുന്നു. ഇതോടെ അന്നത്തെ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നജാദ് വാറ്റ് വര്‍ധന പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായി. 2009ല്‍, പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഫലത്തിലെ കൃത്രിമം ചൂണ്ടിക്കാട്ടി ഗ്രീന്‍ മൂവ്‌മെന്റ് തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ച 26കാരിയായ നേദ ആഘാ സുല്‍ത്വാന്‍ എന്ന സംഗീതജ്ഞയാണ് അന്ന് സമര പ്രതീകമായത്. അവര്‍ നടപ്പാതയില്‍ മരിച്ചു വീഴുന്നതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ പ്രക്ഷോഭത്തിന് തീപ്പിടിപ്പിച്ചു.
യു എസ് മുന്‍കൈയിലാണ് സമരം നടന്നതെന്ന് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ചിലര്‍ തന്നെ ഒടുവില്‍ കുറ്റസമ്മതം നടത്തി. 2019ല്‍, പെട്രോള്‍ വില പെട്ടെന്ന് മൂന്നിരട്ടിയായി വര്‍ധിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികളും സാധാരണക്കാരും കൂറ്റന്‍ പ്രതിഷേധമുയര്‍ത്തി. ചോര വീഴ്ത്തിയാണ് ആ സമരത്തെയും മറികടന്നത്. ഹിജാബ് നിയമത്തിന്റെ പേരില്‍ കസ്റ്റഡിയിലിരിക്കെ, 22കാരി മെഹ്സ അമിനി കൊല്ലപ്പെട്ടതിന് പിറകേ 2022ല്‍ കൂറ്റന്‍ പ്രക്ഷോഭം അരങ്ങേറി. ആഭ്യന്തര രാഷ്ട്രീയം, ഭരണം, വിദേശനയം, ഉപരോധങ്ങളുടെ ആഘാതം എന്നിവയെല്ലാം പ്രക്ഷോഭങ്ങള്‍ക്ക് ഹേതുവാകുന്നു. സ്വാഭാവികമായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളിലേക്ക് അമേരിക്കയും ഇസ്‌റാഈലും ഇറങ്ങിക്കളിക്കുകയും ഇറാന്‍ നേതൃത്വം രൂക്ഷമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെ പ്രക്ഷോഭം സ്‌ഫോടനാത്മകമായ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയാണ് പതിവ്. ഇറാന്‍ റിയാലിന്റെ വിലയിടിവും വിലക്കയറ്റവും രൂക്ഷമായതോടെ വ്യാപാരികളാണ് ഇത്തവണത്തെ പ്രക്ഷോഭം തുടങ്ങിയത്. റിയാല്‍ മൂല്യം ഏകദേശം 50 ശതമാനമാണ് ഇടിഞ്ഞത്. തൊഴിലില്ലായ്മാ നിരക്ക് 7.5 ശതമാനമായി ഉയര്‍ന്നു.
ഈ പ്രക്ഷോഭങ്ങളെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഒരു കാര്യം മനസ്സിലാകും.
പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് പഴുതൊരുക്കുന്ന തരത്തിലുള്ള സാമ്പത്തിക, സാമൂഹിക പ്രതിസന്ധികള്‍ ഇറാനില്‍ രൂപപ്പെട്ടുവെന്നും അവക്കെതിരായ രൂക്ഷമായ പ്രതികരണങ്ങള്‍ ജനങ്ങളില്‍ നിന്നുണ്ടായി എന്നതുമാണ് ആ യാഥാര്‍ഥ്യം. സാമ്പത്തിക ഉത്കണ്ഠകളാണ് പ്രക്ഷോഭങ്ങളുടെ അടിത്തട്ടിലുള്ളതെന്നും മനസ്സിലാകും. ഈയിടെ മറ്റ് രാജ്യങ്ങളില്‍ ഭരണം തകര്‍ത്തെറിഞ്ഞ പ്രക്ഷോഭങ്ങളിലെല്ലാം ഈ പാറ്റേണ്‍ കാണാനുമാകും. ഇത് ഇറാന്‍ നേതൃത്വം നേരത്തേ തന്നെ തിരിച്ചറിഞ്ഞതാണ്. മുഹമ്മദ് ഖാതമിയുടെ കാലത്ത് എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് മാറ്റി എണ്ണയേതര വരുമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ആണവ പദ്ധതി സംബന്ധിച്ച പ്രഖ്യാപനവും പിന്നീട് വന്ന ഉപരോധവും ആ ശ്രമങ്ങളെ തകര്‍ത്തു കളഞ്ഞു. 2005 മുതല്‍ 2013 വരെ ഭരണം കൈയാളിയ തീപ്പൊരി പ്രസിഡന്റ് അഹ്മദി നജാദിന്റെ വൈവിധ്യവത്കരണ ശ്രമങ്ങളും യു എസ്, ഇ യു ഉപരോധങ്ങളിലാണ് തകര്‍ന്നടിഞ്ഞത്. ചൈനയുമായും റഷ്യയുമായും ഉണ്ടാക്കിയ സാമ്പത്തിക, ഊര്‍ജ സഹകരണ കരാറുകളും പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളായിരുന്നു.
1979ലെ, ഇസ്‌ലാമിക വിപ്ലവമെന്ന് വിവക്ഷിക്കപ്പെട്ട ഭരണമാറ്റത്തിന് ശേഷം കൈകൊണ്ട വിദേശനയം തിരിച്ചടിയായെന്ന വിമര്‍ശം ഇറാനിലെ പൊതുസമൂഹത്തില്‍ സജീവമാണ്. ലബനാന്‍, ഇറാഖ്, യമന്‍, ഫലസ്തീന്‍, പാകിസ്താന്‍ തുടങ്ങിയ ഇടങ്ങളില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് ധനസഹായം, പരിശീലനം, ലോജിസ്റ്റിക്കല്‍ സഹായം എല്ലാം ഇറാന്‍ നല്‍കുന്നുണ്ട്. “ഗസ്സക്കോ ലബനാനോ വേണ്ടി എന്തിനാണ് എന്റെ ജീവിതം ബലികൊടുക്കുന്നത്?’ എന്നാണ് പ്രക്ഷോഭകര്‍ ചോദിച്ചത്. സയണിസ്റ്റ്‌വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഐക്യപ്പെടലിന്റെയും കണ്ണിലൂടെ കാണുമ്പോള്‍ ന്യായീകരിക്കാമെങ്കിലും അതിര്‍ത്തി കടന്നുള്ള ദൗത്യങ്ങളിലേക്ക് പണം ഒഴുകുന്നുവെന്നത് ഇറാനകത്തും പുറത്തുമുള്ള അതൃപ്തരെ അസ്വസ്ഥമാക്കാന്‍ പോന്നതാണ്. വിപ്ലവ സര്‍ക്കാര്‍ തങ്ങളുടെ ശിയാ താത്പര്യങ്ങള്‍ക്കായി പെട്രോ പണം ഇടിച്ചുതള്ളിയെന്നത് രഹസ്യമായ കാര്യമല്ല. സഊദിയുടെ എതിര്‍ദിശയില്‍ നിന്ന് യമനില്‍ മാത്രമല്ല, അറബ് മേഖലയിലുടനീളം അന്തഛിദ്രങ്ങളുണ്ടാക്കാന്‍ ഇറാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 1979ല്‍ നടന്നത് ഇസ്‌ലാമിക വിപ്ലവമല്ല, ശിയാ വിപ്ലവം മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നത്.
ഇറാനിലെ ജനാധിപത്യ ഭരണക്രമത്തിന്റെ പോരായ്മയും ഈ പ്രക്ഷോഭകാലത്ത് ചര്‍ച്ചയാകുന്നുണ്ട്. ശിയാ രാഷ്ട്ര സംവിധാനത്തിനെതിരെ ഉയരുന്ന അര്‍ഥവത്തായ വിമര്‍ശങ്ങളെയും ജനങ്ങളുടെ സ്വാഭാവികമായ അതൃപ്തിയെയും പ്രതിഷേധങ്ങളെയും ജനാധിപത്യത്തിനായുള്ള മുറവിളികളെയും സാമ്രാജ്യത്വ ഇടപെടലിന്റെ കണക്കില്‍ എഴുതിത്തള്ളാനാകില്ല. ആയത്തുല്ലമാര്‍ നിയന്ത്രിക്കുന്ന സുപ്രീം കൗണ്‍സിലിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. മന്ത്രിയാകാനൊക്കില്ല. സര്‍ക്കാറിന് തീരുമാനമെടുക്കാനുമാകില്ല. ബഹുകക്ഷി രാഷ്ട്രീയ സംവിധാനത്തിന്റെ ഒരു നിയന്ത്രിത അനുകരണം മാത്രമേ ഇറാനില്‍ നിലനില്‍ക്കുന്നുള്ളൂ. അതുകൊണ്ട് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത് സമ്പൂര്‍ണ സ്വയം നിര്‍ണയാവകാശമാണ്.
ശിയാ ആത്മീയ നേതൃത്വത്തിന്റെ നിഷ്‌കര്‍ഷകളെ അവര്‍ തള്ളിക്കളയുന്നു. ഈ സ്ഥിതിവിശേഷം പ്രക്ഷോഭത്തുടര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
പ്രക്ഷോഭത്തിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ചര്‍ച്ചകള്‍ക്ക് വഴങ്ങാനും ആയത്തുല്ല അലി ഖാംനഈയും മസൂദ് പെസഷ്‌കിയാനും തയ്യാറായിരിക്കുന്നുവെന്നത് യാഥാര്‍ഥ്യ ബോധത്തിലേക്ക് അവര്‍ വരുന്നതിന്റെ തെളിവാണ്. ഉപരോധം മാത്രമല്ല, ഭരണപരമായ പ്രശ്‌നങ്ങളും രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് കാരണമാണെന്ന് ഈ നേതാക്കള്‍ സമ്മതിച്ചുവെന്നതും ചെറിയ കാര്യമല്ല. എന്നാല്‍ പുറത്തുനിന്നുള്ള ഇടപെടല്‍ മാത്രമാണ് പ്രക്ഷോഭത്തിന്റെ കാരണമെന്നും പ്രക്ഷോഭകാരികള്‍ രാജ്യദ്രോഹികളാണെന്നുമുള്ള നിലപാടില്‍ സുരക്ഷാ വിഭാഗം ഉറച്ച് നില്‍ക്കുകയാണ്. ക്രൂരമായ അടിച്ചമര്‍ത്തല്‍ മാത്രമാണ് പോംവഴിയെന്നും അവര്‍ തീര്‍ച്ചപ്പെടുത്തുന്നു. പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീഖാഫിനെപ്പോലുള്ളവര്‍ ഈ കാഴ്ചപ്പാടുള്ളവരാണ്.
ദേശീയത തന്നെയാണ് ഈ സന്ദിഗ്ധാവസ്ഥ മറികടക്കാന്‍ ഇറാന്‍ നേതൃത്വത്തിന്റെ കൈയിലുള്ള മാന്ത്രികവടി. അമേരിക്കയും ഇസ്‌റാഈലും ആവര്‍ത്തിക്കുന്ന ഭീഷണികള്‍ ഇറാന്‍ ദേശീയതയെ ആളിക്കത്തിക്കും. രാജ്യം അപകടത്തിലെന്ന വികാരത്തിന് തീപ്പിടിച്ചാല്‍ പ്രക്ഷോഭം താനേ കെട്ടടങ്ങുകയും ജനങ്ങള്‍ ഒറ്റക്കെട്ടായി ഭരണകൂടത്തിനൊപ്പം നില്‍ക്കുകയും ചെയ്യും. ട്രംപിന്റെ യുദ്ധത്വര അതിനപ്പുറത്തേക്ക് നീങ്ങുകയും ഇറാനെ ആക്രമിക്കുകയും ചെയ്താല്‍ വലിയ ദുരന്തമാണുണ്ടാകുക. എത്രയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചിട്ടും നേരിട്ട് ആക്രമിച്ചിട്ടും ഇറാന്റെ ആണവ ശേഷി അസ്തമിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. യു എസിന് പുറത്തുള്ള സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇറാന്‍ തിരിച്ചടിക്കും. സമുദ്രത്തിലും ആക്രമണങ്ങളുണ്ടാകും. തീര്‍ച്ചയായും ഇസ്‌റാഈല്‍ ഒരു ലക്ഷ്യമാകും. യുദ്ധവ്യാപനത്തിലേക്കാകും കാര്യങ്ങള്‍ നീങ്ങുക.
ഉപരോധമടക്കമുള്ള അതിക്രമങ്ങള്‍ നിര്‍വീര്യമാക്കാന്‍ കെല്‍പ്പുള്ള എതിര്‍ ചേരി രൂപപ്പെടുത്താത്തിടത്തോളം ഏത് രാജ്യത്തും നിന്നനില്‍പ്പില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടും. ആ പുകമറയിലൂടെ ട്രംപിന്റെ ഡെല്‍റ്റ ഫോഴ്‌സ് ഭരണ കേന്ദ്രത്തിലേക്ക് ഇരച്ചുവരും. വിലങ്ങുവെച്ച് രാഷ്ട്രനേതാവിനെ കടത്തിക്കൊണ്ടുപോകും. ലോകം ഭീകരമായ മൗനം തുടരും.

