Articles
ഇതാണ് 'പുതിയ ഇന്ത്യയുടെ' പ്രത്യയശാസ്ത്ര മനസ്സ്
ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റുവും കരുപ്പിടിപ്പിച്ച മഹത്തായ വിദേശ നിലപാടുകളില്‍ നിന്നുള്ള പൂര്‍ണമായ വ്യതിചലനം ഇന്ത്യ എന്ന ആശയത്തിന്റെ സ്തംഭങ്ങളിലൊന്നാണ് തകര്‍ത്തിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പിറവി തൊട്ട് നമ്മുടെ വിദേശ നയവും നിലപാടുകളും ലോകം സാകൂതം നോക്കിക്കണ്ടത് അതുള്‍വഹിക്കുന്ന മാനുഷികവും രാഷ്ട്രാന്തരീയവുമായ മൗലിക ചിന്തകളുടെ കരുത്തും ഭംഗിയും കൊണ്ടാണ്. ഒരു അക്രമിരാജ്യത്തെയും ഇന്ത്യ ഇന്നേവരെ തലോടിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഇസ്റാഈല്‍ സന്ദര്‍ശനവും നെതന്യാഹുവുമായുള്ള അപൂര്‍വമായ കെട്ടിപ്പുണരലുകളും ‘പുതിയ ഇന്ത്യയുടെ’ പ്രത്യയശാസ്ത്ര മനസ്സ് എന്തുമാത്രം അപകട ദിശയിലാണെന്ന് വരച്ചുകാണിക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ നവീനവത്കരണവും സുരക്ഷാ രംഗത്ത് യോജിച്ചുള്ള മുന്നേറ്റവുമാണ് മോദിയുടെ പര്യടന ലക്ഷ്യമായി പുറത്ത് പറഞ്ഞിരുന്നതെങ്കിലും ചേരേണ്ടവര്‍ തമ്മില്‍ ചേരുന്ന ഒരു ചരിത്ര നിമിഷമായി മോദിയുടെ സന്ദര്‍ശനത്തെ ഇസ്റാഈല്‍ നോക്കിക്കണ്ടുവെന്ന് സമര്‍ഥിക്കും വിധമാണ് ആ നിമിഷങ്ങളെ സയണിസ്റ്റ് നേതൃത്വം വിനിയോഗിച്ചത്. രണ്ടര വര്‍ഷം നീണ്ട ഗസ്സയിലെ ഭീകരാക്രമണങ്ങള്‍ക്കും മുക്കാല്‍ ലക്ഷത്തിലേറെ മനുഷ്യരുടെ കൂട്ടക്കുരുതിക്കും ശേഷം രാഷ്ട്രാന്തരീയതലത്തില്‍ ഒറ്റപ്പെട്ട ജൂത രാഷ്ട്രത്തിന് പുത്തനുണര്‍വ് പ്രദാനം ചെയ്യുന്നതായി മോദിയുടെ വരവെന്ന് ഇസ്റാഈല്‍ പാര്‍ലിമെന്റ്‌നെസറ്റിന്റെ സ്പീക്കറുടെ ആവേശം തുടിക്കുന്ന വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം. നെതന്യാഹുവിനെ അത്യാവേശത്തോടെ വാരിപ്പുണരാന്‍ മോദി കാണിച്ച ഉത്സാഹം ഫലസ്തീനികളുടെ ജന്മാവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുകയും ശബ്ദിക്കുകയും ചെയ്ത മഹാത്മാ ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യയുടെ ധാര്‍മിക പതനം തൊട്ടുകാണിക്കുന്നതായിരുന്നു. പശ്ചിമേഷ്യയില്‍ സൈനികമായും തന്ത്രപരമായും പരാജയപ്പെട്ടു കിടക്കുന്ന യു എസ്- തെല്‍അവീവ് അച്ചുതണ്ടിലേക്ക് മോദി ഓടിക്കയറിയത് പ്രസിഡന്റ് ട്രംപിന്റെ പൂര്‍ണ അനുഗ്രഹാശിസ്സുകളോടെയാകാനേ തരമുള്ളൂ.
ഇസ്റാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി 2017ല്‍ ചരിത്രത്തില്‍ പേര് കുറിച്ചിടപ്പെട്ട വ്യക്തിയാണ് നരേന്ദ്ര മോദി. ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി അദ്ദേഹം മുന്നോട്ടുവെച്ച ന്യായങ്ങള്‍ എന്ത് തന്നെയായാലും ഹിന്ദുത്വയും സയണിസവും ഒരേ തൂവല്‍ പക്ഷികളാണെന്ന കയ്പേറിയ യാഥാര്‍ഥ്യത്തിനാണ് അത് അടിവരയിടുന്നത്. ഇസ്റാഈല്‍ പാര്‍ലിമെന്റില്‍ മോദിയെ പ്രകീര്‍ത്തിച്ച് പറഞ്ഞ കൂട്ടത്തില്‍ അടിവരയിട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയപ്പൊരുത്തമാണ്. ‘രണ്ട് നേതാക്കന്മാര്‍ തമ്മിലുള്ള, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള, രണ്ട് പുരാതന നാഗരികതകള്‍ തമ്മിലുള്ള യഥാര്‍ഥ സൗഹൃദമാണിത്’. 1948ല്‍ അറബ് ലോകത്ത്, ഫലസ്തീനികളുടെ മണ്ണില്‍ അധിനിവേശകരായി എത്തി ആ ജനതയെ കൂട്ടക്കൊല ചെയ്തും ആട്ടിയോടിച്ചും അവരുടെ രാജ്യം പിടിച്ചടക്കിയ തെമ്മാടി രാഷ്ട്രത്തിന് ഒരിക്കലും അന്യരാജ്യങ്ങളുടെ മണ്ണില്‍ കാല് കുത്താന്‍ തുനിയാത്ത ഇന്ത്യയുടെ നാഗരികതയുമായി എന്ത് ബന്ധം? ഇത് രണ്ട് രാജ്യങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സംഗമമായിരുന്നില്ല, മറിച്ച് വിദ്വേഷത്തില്‍ ചാലിച്ചെടുത്ത രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഇണചേരലായിരുന്നു. വംശവെറി മുറുകെ പിടിക്കുന്ന നെതന്യാഹുവിന്റെ ലോകത്ത് അറബ് വംശജരായ യഹൂദരും മിസ്റാഹി യഹൂദരും എത്യോപ്യന്‍ വംശജരും നേരിടുന്ന കിരാതമായ വിവേചനങ്ങള്‍ ആ വിഭാഗങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നുണ്ട്. ഫലസ്തീനികള്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും അറ്റമില്ലാത്ത ക്രൂരതകള്‍ക്കും പുറമെയാണിത്. ഇന്ത്യയില്‍ 20 ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും വംശീയ വിച്ഛേദന ഗൂഢാലോചനകളുടെയും ആധികാരിക റിപോര്‍ട്ട് യു എസ് സര്‍ക്കാറിന്റെ കൈവശമുണ്ട്. മതസ്വാതന്ത്ര്യത്തിന്റെ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്ര പരിതാപകരമാണെന്ന് ഓരോ വര്‍ഷവും ഈ റിപോര്‍ട്ടുകള്‍ ലോകത്തെ ഓര്‍മപ്പെടുത്തുന്നുണ്ട്. ജാതി ചിന്തയുടെയും വര്‍ണവിവേചനത്തിന്റെയും ഗെറ്റോകളാണ് ഇന്ത്യന്‍ മണ്ണ് എന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോഴും ഹിന്ദുക്കളുടെ സുരക്ഷയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്ന പൊളിവാക്ക് ആവര്‍ത്തിച്ച് ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന ഹിന്ദുത്വ ആശയങ്ങളുടെ ബീഭത്സത മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ഭരണകൂടം. ഈ വിഷയത്തില്‍ ചക്കിക്കൊത്ത ചങ്കരന്‍ തന്നെയാണ് സയണിസ്റ്റ് വിചാരഗതി. ഫാസിസവും നാസിസവും സയണിസവും ഹിന്ദുത്വയുമെല്ലാം ഒരേ കാലഘട്ടത്തില്‍ ഒരേ ബഞ്ചിലിരുന്ന് വെറുപ്പിന്റെ രാഷ്ട്രീയവും വിധ്വംസക രീതിശാസ്ത്രവും പഠിച്ചവരാണെന്ന് ആര്‍ക്കാണ് തിരിച്ചറിയാനാകാത്തത്?
രാജ്യം ശിരസ്സ് താഴ്ത്തട്ടെ
‘ഞങ്ങള്‍ നിങ്ങളുടെ വേദന തിരിച്ചറിയുന്നു. നിങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. പൂര്‍ണ ബോധ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നിങ്ങളുടെ രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു’ – നെസറ്റില്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മോദി പറഞ്ഞുതീര്‍ത്ത ഈ വാചകം ഇന്ത്യ എന്ന മഹാരാജ്യത്തോടും രാജ്യത്തിന്റെ മൂല്യവിചാരങ്ങള്‍ക്ക് കരുത്ത് നല്‍കിയ രാഷ്ട്രശില്‍പ്പികളോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റുവും ആ കാലഘട്ടത്തിന്റെ മറ്റു രാഷ്ട്രീയ വിധാതാക്കളും കരുപ്പിടിപ്പിച്ച മഹത്തായ വിദേശ നിലപാടുകളില്‍ നിന്നുള്ള പൂര്‍ണമായ ഈ വ്യതിചലനം ഇന്ത്യ എന്ന ആശയത്തിന്റെ സ്തംഭങ്ങളിലൊന്നാണ് തകര്‍ത്തിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പിറവി തൊട്ട് നമ്മുടെ വിദേശ നയവും നിലപാടുകളും ലോകം സാകൂതം നോക്കിക്കണ്ടത് അതുള്‍വഹിക്കുന്ന മാനുഷികവും രാഷ്ട്രാന്തരീയവുമായ മൗലിക ചിന്തകളുടെ കരുത്തും ഭംഗിയും കൊണ്ടാണ്. ഒരു അക്രമിരാജ്യത്തെയും ഇന്ത്യ ഇന്നേവരെ തലോടിയിട്ടില്ല.
വര്‍ണവിവേചനം നിലനിന്ന ദക്ഷിണാഫ്രിക്കയിലേക്ക് ഒരു ഇന്ത്യന്‍ പൗരനും കടന്നുചെല്ലാന്‍ പാടില്ല എന്ന് പാസ്സ്പോര്‍ട്ടുകളില്‍ മുദ്രണം ചെയ്ത ഒരു ചരിത്രമുണ്ട് നമുക്ക്. ഫലസ്തീന്‍ എന്ന പൗരാണിക രാജ്യവും ഫലസ്തീനികള്‍ എന്ന മനുഷ്യരും ഊണിലും ഉറക്കിലും നമ്മുടെ ചിന്തയിലുണ്ടായിരുന്നു. ആ ജനതയുടെ അസ്തിത്വം ചോദ്യം ചെയ്ത് സയണിസ്റ്റുകള്‍ അറബ് ലോകത്ത് ഇസ്റാഈല്‍ സ്ഥാപിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത ജനതയാണ് നമ്മുടേത്. യു എന്‍ അംഗീകരിച്ച ഒരു സൃഷ്ടി എന്ന നിലയില്‍ 1948ല്‍ ഇസ്റാഈല്‍ നിലവില്‍ വന്നപ്പോള്‍ ആ രാജ്യത്തെ അംഗീകരിച്ചുവെങ്കിലും 1992 വരെ ഇന്ത്യയുമായി നയതന്ത്രബന്ധം ഉണ്ടായിരുന്നില്ല. മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ഉദാരീകരണ പ്രക്രിയക്ക് വേഗം കൂട്ടാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പി വി നരസിംഹ റാവു സര്‍ക്കാറാണ് ആദ്യമായി ഇസ്റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. കടുത്ത എതിര്‍പ്പ് അന്നുയര്‍ന്നതാണ്. എന്നാല്‍ ബി ജെ പി സര്‍ക്കാറിന്റെ വരവോടെ ഇന്ത്യയുമായി അടുക്കാന്‍ ഇസ്റാഈലാണ് താത്പര്യത്തോടെ മുന്നോട്ട് വന്നത്. എന്നാല്‍ ഫലസ്തീനികളുടെ താത്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് അടല്‍ ബിഹാരി വാജ്പയി എതിരായിരുന്നു. 2014ല്‍ മോദിയുടെ ആരോഹണത്തോടെ ആര്‍ എസ് എസിന്റെ കരങ്ങളിലേക്കും നിയന്ത്രണങ്ങളിലേക്കും ഭരണം കൈമാറ്റം ചെയ്യപ്പെട്ടതോടെ തെല്‍അവീവുമായി കൂടുതല്‍ അടുക്കാനും സമസ്ത മേഖലകളിലും സഹകരണത്തിന്റെ മറവില്‍ സയണിസ്റ്റ് പദ്ധതികള്‍ ഇവിടെ പരീക്ഷിക്കാനും അവസരമൊരുക്കി. സൈനികവും പ്രതിരോധപരവുമായ ബന്ധത്തിലൊതുങ്ങുന്നില്ല ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം. രാജ്യത്തിന്റെ ആഭ്യന്തര നയനിലപാടുകളില്‍ സയണിസ്റ്റ് മുദ്ര വ്യക്തമായും കാണാനാകും. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമായ ഇസ്റാഈല്‍ ഇന്ത്യക്ക് കൈമാറുന്ന ഉപദേശങ്ങള്‍ ന്യൂനപക്ഷവിരുദ്ധവും വംശീയ മേധാവിത്വത്തിന്റെ അടയാളങ്ങള്‍ പേറുന്നവയുമാണ്. പൗരത്വ പ്രശ്നം ഇന്ത്യയില്‍ അടിയന്തര പ്രാധാന്യമുള്ളതാക്കിയതിന് പിന്നില്‍ ഇസ്റാഈലാണ് മാതൃക. ഫലസ്തീനികളെ രണ്ടാം കിട പൗരന്മാരാക്കി അരികുവത്കരിക്കുന്ന അതേ പ്രക്രിയയാണ് ഇവിടെയും പൂര്‍ത്തിയാക്കാന്‍ പോകുന്നത്. ഉന്മൂലനത്തിനുള്ള ഏത് വഴിയും ‘മൊസാദ്’ പറഞ്ഞുകൊടുക്കും. സമീപ കാലത്ത് കേന്ദ്രസര്‍ക്കാര്‍ ചുട്ടെടുത്ത ‘പ്രഹര്‍’ എന്ന ഭീകരവിരുദ്ധ പ്രതികരണ പദ്ധതിക്ക് പിന്നിലെ മസ്തിഷ്‌കം സയണിസത്തിന്റേതാകാം.
യുക്തിയെയും നീതിബോധത്തെയും കൊന്നുതള്ളുന്ന ഇസ്റാഈല്‍ ബുദ്ധി സ്വീകരിക്കുന്നതോടെ ഏത് കൈരാത നടപടിയെയും മറക്കാനും നിസ്സാരമായതിനെ പര്‍വതീകരിക്കാനും സാധിക്കും. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്റാഈലിനെതിരെ നടത്തിയ ആക്രമണത്തെ ഓര്‍മിച്ചെടുത്ത് ശക്തമായി അപലപിച്ച നരേന്ദ്ര മോദി, സയണിസ്റ്റുകള്‍ കൊന്നുതള്ളിയ 20,000 കുഞ്ഞുങ്ങളടക്കം 73,000ത്തിലേറെ മനുഷ്യരെ ഗസ്സയില്‍ കൂട്ടക്കൊല ചെയ്തതിനെ അപലപിക്കാതെ പോയത് അങ്ങനെയാണ്. ആധുനിക ലോകം കണ്ട ഏറ്റവും ക്രൂരവും നിഷ്ഠൂരവുമായ വംശഹത്യയെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ മടങ്ങിയത് രാജ്യത്തിന് തന്നെ നാണക്കേടാണ്. ഒരു മഹത്തായ രാജ്യത്തിന് ഈവിധം ധര്‍മച്യുതി നേരിടുമോ എന്ന ചോദ്യം ഇതുവരെ ഒരു മുഖ്യധാരാ പാര്‍ട്ടിയും മീഡിയയും ചോദിച്ചുകാണാത്തതാണ് സങ്കടം ഇരട്ടിപ്പിക്കുന്നത്.




