Connect with us

From the print

ആരോഗ്യവകുപ്പിലെ പത്ത് വര്‍ഷത്തെ പര്‍ച്ചേസുകളില്‍ അന്വേഷണം; വിദഗ്ധ സമിതി രൂപവത്കരിക്കും

റിപോര്‍ട്ട് രണ്ടാഴ്ചക്കകം. അന്വേഷണം കൊവിഡ് കാലത്ത് കേന്ദ്രം വിതരണം ചെയ്ത ഉപകരണങ്ങളെ കുറിച്ചും.

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യവകുപ്പില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന പര്‍ച്ചേസുകളില്‍ അന്വേഷണം. മുതിര്‍ന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമുള്‍പ്പെടുന്ന സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കി. ക്രമക്കേടുകളില്‍ ഉത്തരവാദികളായവരെ കൃത്യമായി കണ്ടെത്തി തുടര്‍നടപടികള്‍ക്കായുള്ള ശിപാര്‍ശകളടങ്ങിയ വിശദ റിപോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യവകുപ്പ് വാങ്ങിയ എല്ലാ മെഡിക്കല്‍- അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങല്‍, സ്ഥാപിക്കല്‍, ക മ്മീഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എ ന്നിവ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം.

പ്ലാന്‍ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി എം എസ് എസ് വൈ), മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ പ്രകാരം വാങ്ങിയതും കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത ഉപകരണങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യവകുപ്പില്‍ വില കൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓട്ടോക്ലേവ് മെഷീനുകള്‍, സോളാര്‍ പവര്‍ പ്ലാന്റുകള്‍, ജനറേറ്ററുകള്‍ എന്നിവയും പ്ലാന്‍ ഫണ്ടിന് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായും വാങ്ങിയ വില കൂടിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ പലതും സ്ഥാപിക്കാതെയും കമ്മീഷന്‍ ചെയ്യാതെയും കിടക്കുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ കൃത്യമായി പരിപാലിക്കാത്തതിനാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായതായും റിപോര്‍ട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സാമ്പത്തിക നഷ്ടത്തിനും പൊതുമുതല്‍ പാഴാകുന്നതിനും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നതിനും കാരണമാകും.

അടുത്തിടെ, വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മൊബൈല്‍ മോര്‍ച്ചറിയുള്‍പ്പെടെയുള്ള ഉയര്‍ന്ന മൂല്യമുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സ മാന സാഹചര്യങ്ങള്‍ സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നുവെന്ന റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

Content Highlights:
The Kerala health department has decided to launch a comprehensive investigation into medical purchases made over the last ten years. An expert committee will be formed soon to scrutinize the procurement processes and financial dealings. This move aims to ensure transparency and identify any irregularities in past state medical deals.