Kerala
പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍
കണ്‍സെഷന്‍ നിരക്ക് വര്‍ധനയും ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം | പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സ്വകാര്യ ബസുകള്‍ക്കുണ്ടായ നഷ്ടത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക സമിതിയെ ഉടന്‍ നിയോഗിക്കുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ പറഞ്ഞു. ഒപ്പം വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സ്വന്തം നിലക്ക് കണ്‍സെന്‍ഷന്‍ കൂടുതലായി പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, പ്രിയദര്‍ശിനി പദ്ധതി നടപ്പിലായതോടെ ജോലിഭാരവും ജോലി സമയവും വര്‍ധിച്ചതില്‍ കെ എസ് ആര്‍ ടി സി ജീവനക്കരും ആശങ്കയിലാണ്. ഓര്‍ഡിനറി ബസുകളുടെ റണ്ണിംഗ് ടൈം 15 മുതല്‍ അരമണിക്കൂര്‍ വരെ വര്‍ധിച്ചതായി ജീവനക്കാര്‍ പറയുന്നു. ഒരു ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഏതാണ്ട് ഒന്നര ദിവസത്തെ ഡ്യൂട്ടിയാണ് ഇപ്പോള്‍ ഇവര്‍ക്ക് വരുന്നത്. ബസുകളിലെ അനിയന്ത്രിതമായ തിരക്കും വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ തുടങ്ങണമെന്നും ജീവനക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ കാസര്‍കോട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു.
പത്തനംതിട്ട ജില്ലയില്‍ മറ്റന്നാള്‍ പണിമുടക്കുമെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രധാന റൂട്ടുകളിലെല്ലാം പ്രതിസന്ധി കടുത്തെന്നും ബസ് ജീവനക്കാരില്‍ പലരും മറ്റ് തൊഴിലുകള്‍ തേടിത്തുടങ്ങിയെന്നും ഉടമകള്‍ പറയുന്നു. തൃശൂര്‍ ജില്ലയിലെ ബസുകളും കൂട്ടത്തോടെ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്. വയനാട് ജില്ലയില്‍ സ്വകാര്യബസ് ഉടമകള്‍ ജൂണ്‍ അവസാനം സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സ്വകാര്യ ബസ് മേഖലക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം. സൗജന്യയാത്രാ പദ്ധതി നിലവില്‍ വന്നതോടെ ദിനംപ്രതി 3,000 രൂപയോളം നഷ്ടം വരുന്നുണ്ട്. പല ബസ് ഉടമകളും സര്‍വീസ് നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.
Content Highlights:
The Kerala government has decided to appoint a special committee to evaluate the financial losses incurred by private bus operators due to the Priyadarshini project. This move comes after persistent demands and protest threats from private bus owner associations regarding revenue drops. The committee will submit a detailed report to suggest measures to balance public welfare and private transport sustainability.

