Articles
അറിവ്: ലക്ഷ്യം പിഴക്കാതിരിക്കട്ടെ
എന്താണ് പഠനത്തിന്റെ ലക്ഷ്യം എന്നതിനെ ആശ്രയിച്ചാണ് നാം സ്ഥാപനങ്ങളും കോഴ്‌സുകളും തിരഞ്ഞെടുക്കുന്നത്. പഠനാനന്തരം നല്ല വരുമാനമുള്ള ജോലി എന്നതിലേക്ക് നമ്മുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ ചുരുങ്ങിയതിന്റെ കൂടി അടയാളമാണ് പ്രമുഖമായ പല സ്ഥാപനങ്ങളിലെയും ചി ല ഡിപാർട്ട്‌മെന്റുകളിൽ പട്ടി പെറ്റു കിടക്കുന്നത്. “ആ കോഴ്‌സിന് ഇപ്പോൾ സ്‌കോപ്പില്ല’ എന്ന തീർപ്പിലെത്തുന്ന വിദ്യാർഥികളും രക്ഷിതാക്കളും “ഇതു വഴി ഒന്നും സമ്പാദിക്കാനാകില്ല’ എന്നും കൂടിയാണ് പറയുന്നത്.
യഥാർഥത്തിൽ ജോലി നേടൽ മാത്രമാണോ പഠനത്തിന്റെ താത്പര്യം?. വ്യക്തിത്വ വികസനവും സാമൂഹിക ബോധവും തുടങ്ങി ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ചാലകമാകാൻ ശേഷിയുള്ള അനേകം ഗുണങ്ങൾ മനുഷ്യനിൽ സന്നിവേശിപ്പിക്കുന്നത് വിദ്യാഭ്യാസമാണ്. ആ ബോധം നഷ്ടമായതിനാലാണ് നമ്മുടെ കലാലയങ്ങളുടെ സന്തതികൾ ഏറ്റവും വലിയ ക്രിമിനലുകളാകുന്നത്.
സ്രഷ്ടാവിനെ അറിയാൻ പഠിക്കുക. സൃഷ്ടികൾക്കൊപ്പമാകാൻ പരിശ്രമിക്കുക എന്ന ലക്ഷ്യത്തിലേക്ക് നാം ക്രമപ്പെടേണ്ടതുണ്ട്.
ഇമാം ശാഫിഈ(റ) ലക്ഷണ ശാസ്ത്രം പഠിച്ചു. ആളുകളുടെ മുഖത്ത് നോക്കി അവരുടെ സ്ഥിതിയും സാഹചര്യവും പറയാൻ ഇമാമിന് കഴിയുമായിരുന്നു. ജനങ്ങളെ സാഹചര്യമറിഞ്ഞ് സഹായിക്കുക എന്നതായിരുന്നു ലക്ഷണ ശാസ്ത്രം പഠിക്കുക വഴി ഇമാം ശാഫിഈ(റ) കണ്ട കാര്യം.
വൈദ്യശാസ്ത്ര രംഗത്തെ ഇതിഹാസമായ ഇബ്‌നു സീന തന്റെ പഠനം പ്രധാനമായും മനുഷ്യരുടെ രോഗപീഡകൾ മാറ്റാൻ വേണ്ടിയാണ് ഉപയോഗിച്ചത്. രാത്രികാലങ്ങളിൽ വേഷം മാറി ചെന്ന് പാവപ്പെട്ട രോഗികളെ അദ്ദേഹം ചികിത്സിക്കുമായിരുന്നു. അവരിൽ നിന്ന് പണം വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല, മരുന്നും ഭക്ഷണവും വാങ്ങാനുള്ള പണം അദ്ദേഹം അങ്ങോട്ട് നൽകുമായിരുന്നു.
ഇസ്‌ലാമിക വൈജ്ഞാനിക സമൃദ്ധിയുടെയും മുസ് ലിം സ്‌പെയിനിൽ നിന്ന് കൈവശപ്പെടുത്തിയ ആധുനിക വിജ്ഞാനങ്ങളുടെയും പിന്നിൽ അനേകം പണ്ഡിതരുടെ ത്യാഗവും സമർപ്പണവും കാണാം. അതിന് പ്രതിഫലമായി ഒന്നും ലഭിക്കുന്ന കാലമായിരുന്നില്ല അത്. അവർ അത് ആഗ്രഹിച്ചിട്ടുമില്ലായിരുന്നു. എന്നാൽ അതിന് വേണ്ടി അവർ അനുഭവിച്ച പ്രതിസന്ധികളാകട്ടെ തുല്യതയില്ലാത്തതും.
ലിഖിത നബി ചരിത്രത്തിന് തുടക്കം കുറിച്ച താബിഈയാണ് ഉസ്മാൻ(റ)വിന്റെ മകൻ അബാൻ(റ). ധാരാളം പരീക്ഷണങ്ങളെ നേരിട്ടാണ് അദ്ദേഹം അറിവിന്റെ ചക്രവാളത്തെ അടുത്ത തലമുറക്കായി വിസ്തൃതമാക്കിയത്. വെള്ളപ്പാണ്ടും പക്ഷാഘാതവും പിടിപെട്ട അദ്ദേഹത്തിന് കേൾവിക്കുറവും അൽപ്പം മുടന്തും ഉണ്ടായിരുന്നു. ഇത്രയൊക്കെ അസുഖങ്ങൾ പിടികൂടിയിട്ടും അതെല്ലാം സഹിച്ച്, ഒരു ഉന്തുവണ്ടിയിൽ അറിവിന്റെ വഴിയിൽ സഞ്ചരിച്ചു.
നബി(സ) പറഞ്ഞു: “മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളൊഴികെ അവന്റെ കർമങ്ങളെല്ലാം മുറിഞ്ഞുപോകുന്നു:
നിലക്കാത്ത ദാനം,
മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിജ്ഞാനം,
അവനുവേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ സന്താനം’.(മുസ്‌ലിം). അതിനാൽ നമ്മുടെ പഠനം മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ വേണ്ടി ആയിരിക്കട്ടെ.






