From the print
കെ പി ഉണ്ണികൃഷ്ണന്‍; കോ ലീ ബി സഖ്യത്തെ നിലംപരിശാക്കിയ പോരാളി
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജീവ് ഗാന്ധിയും തിരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗും ഈ സഖ്യത്തെക്കുറിച്ച് തന്നോട് ക്ഷമാപണം നടത്തിയിരുന്നതായി അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
കോഴിക്കോട് | മൂന്നര പതിറ്റാണ്ടിനിപ്പുറം രാഷ്ട്രീയ കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന കോ ലീ ബി സഖ്യമെന്ന പരീക്ഷണത്തെ നിലംപരിശാക്കിയ പോരാളിയായിരുന്നു കെ പി ഉണ്ണികൃഷ്ണന്‍. 1971 മുതല്‍ പരാജയപ്പെടുത്താനാകാത്തവിധം വടകരയിൽ നിന്നുള്ള ഉണ്ണികൃഷ്ണന്റെ വിജയ പരമ്പരയെ നേരിടുകയായിരുന്നു എതിരാളികളുടെ ലക്ഷ്യം. 1991ലെ ഈ പടയൊരുക്കത്തെ ഒരു പോറലുമേല്‍ക്കാതെയാണ് ഉണ്ണികൃഷ്ണന്‍ അതിജയിച്ചത്. കോണ്‍ഗ്രസ്സ്, മുസ്‌ലിം ലീഗ്, ബി ജെ പി കൂട്ടുകെട്ടിന്റെ ഭാഗമായി എം രത്‌നസിംഗായിരുന്നു സ്ഥാനാര്‍ഥി. 47.76 ശതമാനം വോട്ടിനെതിരെ 49.97 ശതമാനം വോട്ട് നേടിയാണ് ഉണ്ണികൃഷ്ണന്‍ വിജയക്കൊടി പാറിച്ചത്.
1991ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. സഹതാപ തരംഗം നിലനിന്ന ആ രാഷ്ട്രീയ സാഹചര്യത്തിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍ വിജയിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജീവ് ഗാന്ധിയും തിരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗും ഈ സഖ്യത്തെക്കുറിച്ച് തന്നോട് ക്ഷമാപണം നടത്തിയിരുന്നതായി അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ഡൽഹി വഴി കേരളത്തിലേക്ക്
വടകരയില്‍ നിന്ന് തുടർച്ചയായി കാല്‍ നൂറ്റാണ്ട് കാലം പാര്‍ലിമെന്റേറിയനായെന്ന അംഗീകാരവും ഉണ്ണികൃഷ്ണന്‍ കൈവരിച്ചിട്ടുണ്ട്. മലബാറിലെ കോണ്‍ഗ്രസ്സ് നേതാവ് കോഴിപ്പുറത്ത് മാധവന്‍ നായരുടെയും വനിതാ സ്വാതന്ത്ര്യ സമര സേനാനി എ വി കുട്ടിമാളു അമ്മയുടെയും പിന്‍തലമുറക്കാരനായി, കോഴിക്കോട്ടെ കോഴിപ്പുറത്ത് തറവാട്ടില്‍ ജനിച്ച കെ പി ഉണ്ണികൃഷ്ണന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായത് മുതല്‍ ഇന്ദിരാ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തി. ആ ബന്ധം പിന്നീട് പാര്‍ലിമെന്ററി രംഗത്തേക്ക് കടന്നുവരാന്‍ ഉണ്ണികൃഷ്ണനെ സഹായിച്ചു.
കെ പിയെ കേരളത്തില്‍ മത്സരിപ്പിക്കണമെന്ന ചര്‍ച്ച 1967ല്‍ തന്നെ ആരംഭിച്ചിരുന്നെങ്കിലും ചില നേതാക്കള്‍ വിയോജിച്ചു. ഉണ്ണികൃഷ്ണന് കമ്മ്യൂണിസ്റ്റ് ചായ്‌വ് ഉണ്ടെന്നായിരുന്നു ആരോപണം. സ്‌കൂള്‍, കോളജ് പഠന കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡി പി മിശ്ര മധ്യപ്രദേശില്‍ മത്സരിക്കുന്നതിന് ക്ഷണിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല.
1971ല്‍ വടകരയില്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം അന്ന് കോണ്‍ഗ്രസ്സില്‍ വിവാദത്തിനിടയാക്കി. ലീലാ ദാമോദരമേനോനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെ പി സി സി ശിപാര്‍ശ ചെയ്തത്. ഇതിനെ മറികടന്നാണ് എ ഐ സി സി ഉണ്ണികൃഷ്ണന്റെ പേര് അംഗീകരിച്ചത്. 1977ല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ തന്നെ മത്സരിച്ച് വീണ്ടും ജയിച്ചു.
ഇതിനിടക്ക് ഇന്ദിരാ ഗാന്ധിയുമായും കെ കരുണാകരനുമായും മറ്റും കലഹിച്ച ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ്സ് (യു), കോണ്‍ഗ്രസ്സ് (എസ്) പാര്‍ട്ടികളിലൂടെ ഇടത് പാളയത്തിലെത്തി. തുടർന്ന് 1980, 84, 89, 91 തിരഞ്ഞെടുപ്പുകളിൽ ഇടത് ടിക്കറ്റിൽ വടകരയില്‍ നിന്ന് വിജയക്കൊടി പാറ്റി.
വീണ്ടും കോണ്‍ഗ്രസ്സില്‍
രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് പി വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ 1994ല്‍ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങി. 1996ൽ അദ്ദേഹം വടകരയില്‍ കോൺഗ്രസ്സ് ടിക്കറ്റിൽ വീണ്ടും ഒരു കൈനോക്കിയെങ്കിലും പഴയ പ്രതാപം തിരിച്ചെടുക്കാനായില്ല. സി പി എമ്മിലെ ഒ ഭരതനോട് അടിയറവ് പറയേണ്ടിവന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വിശ്രമജീവിതം അദ്ദേഹം കോണ്‍ഗ്രസ്സിനൊപ്പം തന്നെ തുടര്‍ന്നു.
ബദല്‍ മുന്നണി തന്ത്രജ്ഞൻ
വി പി സിംഗ് മന്ത്രിസഭയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍. കോണ്‍ഗ്രസ്സിനെതിരെ ദേശീയ ബദല്‍ മുന്നണിയെന്ന ആശയത്തിന് തന്ത്രപരമായി രൂപം നല്‍കിയ നേതാക്കളിലും അദ്ദേഹം ഉള്‍പ്പെടും. വി പി സിംഗിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ വിവിധ പാര്‍ട്ടികളുടെ ഏകോപനം സാധ്യമാക്കുന്നതിലും കെ പി ഉണ്ണികൃഷ്ണന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞു.
യുദ്ധമുഖത്ത് ഇറങ്ങിച്ചെന്ന്
വി പി സിംഗ് മന്ത്രിസഭയില്‍ ഉപരിതല, ഗതാഗത, വാര്‍ത്താവിനിമയ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം. ഇറാഖ്- കുവൈത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ അവിടെ കുടുങ്ങിക്കിടന്ന ഒന്നര ലക്ഷത്തോളം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉണ്ണികൃഷ്ണന്‍ നടത്തിയ ഇടപെടലുകള്‍ നിലവില്‍ സമാനമായ ഒരു സാഹചര്യം നിലനില്‍ക്കെ പ്രത്യേകം ശ്രദ്ധേയമാണ്. യുദ്ധം കൊടുമ്പിരിക്കൊളളുന്നതിനിടെ ഇറാഖ് പ്രസിഡന്റ്്സദ്ദാം ഹുസൈനെ അദ്ദേഹത്തിന്റെ രഹസ്യ കേന്ദ്രത്തിലെത്തി സന്ദര്‍ശിച്ചാണ് ഉണ്ണികൃഷ്ണന്‍ തന്റെ ദൗത്യം നിറവേറ്റിയത്.
പുസ്തക ലോകത്ത്
പുസ്തക വായനക്ക് വലിയ പ്രാധാന്യം നല്‍കിയ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. വിദേശയാത്രകള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊണ്ടുവരുന്ന പെട്ടികളിലധികവും പുസ്തകശേഖരമായിരുന്നു. ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് കോഴിക്കോട്ടേക്ക് വരുമ്പോള്‍ അര ഡസന്‍ ലോറികളിലായിരുന്നു പുസ്തകം കൊണ്ടുവന്നത്. കോഴിക്കോട്ടെ പന്നിയങ്കരയില്‍ അദ്ദേഹത്തിന്റെ തറവാട് വീടായ പത്മാലയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം പുസ്തകം നിറഞ്ഞപ്പോള്‍ ഒരു വീട് വാടകക്കെടുത്താണ് അദ്ദേഹം തന്റെ പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്.




