From the print
എണ്ണ പ്രതിസന്ധി: റഷ്യയാണ് രക്ഷ
യു എസ് ഭീഷണി അവഗണിക്കാൻ ഇന്ത്യ • റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വർധിപ്പിക്കും
ന്യൂഡൽഹി | പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഊർജവിതരണ അസ്ഥിരതയുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വർധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യ. സംഘർഷം തുടരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് വർധിപ്പിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പശ്ചിമേഷ്യയിലെ സഊദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. ഈ രാജ്യങ്ങളെ സംഘർഷം ബാധിച്ചതും ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും കണക്കിലെടുത്താണ് തീരുമാനം. റഷ്യൻ ക്രൂഡ് ഓയിലിനെ ആശ്രയിച്ചാൽ സംഘർഷം നീണ്ടാലും ഇന്ത്യ ഊർജ പ്രതിസന്ധിയിലേക്ക് വീഴില്ലെന്നാണ് കണക്കുകൂട്ടുന്നത്.
ഇതിന് പുറമേ, പെട്രോൾ, ഡീസൽ കയറ്റുമതി വെട്ടിക്കുറക്കൽ, എൽ പി ജി വിതരണ നിയന്ത്രണം എന്നീ അടിയന്തര നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഖത്വർ എൽ എൻ ജി ഉത്പാദനം നിർത്തിയതിനുശേഷം, ചില ഇന്ത്യൻ കമ്പനികൾ വ്യവസായങ്ങളിലേക്കുള്ള ഗ്യാസ് വിതരണം ഇതിനകം പത്ത് മുതൽ 30 ശതമാനം വരെ കുറച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ ആവശ്യമായ എണ്ണയുടെ 89 ശതമാനവും വാതക ആവശ്യത്തിന്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ട്രംപ് കോപിക്കും
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് വർധിപ്പിക്കുന്നത് ഇന്ത്യ- യു എസ് നയതന്ത്രത്തെ ബാധിച്ചേക്കും. ഫെബ്രുവരി ആദ്യത്തിൽ ഇന്ത്യയും യു എസും പ്രഖ്യാപിച്ച ഇടക്കാല കരാറിലേക്ക് എത്തുന്നതിന് റഷ്യൻ എണ്ണ വാങ്ങുന്നത് കുറക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾ കുറക്കുമെന്നും യു എസിൽ നിന്നോ വെനസ്വേലയിൽ നിന്നോ വാങ്ങുന്നതിലൂടെ അത് നികത്തുമെന്നും ഉറപ്പ് നൽകിയതോടെയായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം പ്രതികാര ചുങ്കം ട്രംപ് പിൻവലിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയെന്ന പരിഹാരത്തിൽ ഇന്ത്യ ഉറച്ച് നിന്നാൽ വ്യാപാര കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാകും.
യുക്രൈനെച്ചൊല്ലി
യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യു എസും സഖ്യശക്തികളും റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തിയതിന്റെ ഭാഗമാണ് ഇന്ത്യക്ക് നേരെയും ഭീഷണി വന്നത്. റഷ്യൻ വസ്തുക്കൾ കയറ്റിയയക്കുന്നതിനും സാങ്കേതിക വിദ്യ കൈമാറുന്നതിനും വിലക്കേർപ്പെടുത്തുകയാണ് ചെയ്തത്. റഷ്യൻ പ്രമുഖർക്ക് യാത്രാവിലക്കുമേർപ്പെടുത്തി. ആഗോള ധനവിനിമയ സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കുകയും ചെയ്തിരുന്നു. റഷ്യയുമായി വിവിധ രാജ്യങ്ങൾ നേരത്തേ ഒപ്പുവെച്ച വ്യാപാര, വാണിജ്യ, പ്രതിരോധ കരാറുകളെ വരെ ലക്ഷ്യം വെക്കുന്നതാണ് ഉപരോധം. 2017ൽ യു എസ് കോൺഗ്രസ്സ് പാസ്സാക്കിയ കാസ്റ്റ് (കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംഗ്ഷൻ ആക്ട്) പ്രകാരമാണ് ഈ നടപടികൾ.
ഇന്ത്യ- യു എസ് വ്യാപാര കരാറിൽ ധാരണയാകും വരെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു. അനിവാര്യമായ ഘട്ടത്തിൽ കൈക്കൊള്ളേണ്ട സാമ്പത്തിക തീരുമാനം മാത്രമാണ് ഈ എണ്ണയിടപാടെന്ന നിലപാടിൽ ഇന്ത്യ ഉറച്ച് നിൽക്കുകയായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഇടപാടല്ല കമ്പനികൾ തമ്മിലാണ് കരാറെന്നും ഡോളറിന് പകരം പ്രാദേശിക കറൻസികളാണ് കൈമാറുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. റഷ്യൻ കമ്പനിയായ റൂസ്‌നെഫ്റ്റുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അന്തിമ കരാറിൽ ഒപ്പിട്ടിരുന്നു.
അന്താരാഷ്ട്ര നിരക്കിനേക്കാൾ ഗണ്യമായ താഴ്ന്ന വിലയിലാണ് ഈ ഇറക്കുമതി. ഉപരോധത്തിൽ ഞെരുങ്ങുന്ന റഷ്യക്ക് വില കുറച്ചായാലും പെട്രോളിയം വിൽക്കുക മാത്രമേ വഴിയുള്ളൂ. ഈ സാധ്യത ഉപയോഗിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനാണ് തീരുവ ഭീഷണി മുഴക്കി ട്രംപ് തടയിടാൻ ശ്രമിച്ചത്. പുതിയ സാഹചര്യത്തിൽ ഈ ഭീഷണി മറികടന്ന് മുന്നോട്ട് പോകുകയാകും ഇന്ത്യക്ക് മുന്നിലുള്ള പോംവഴിയെന്ന് വിലയിരുത്തപ്പെടുന്നു.




