Connect with us

International

DEVELOPING STORY | MIDDLE EAST WAR | സംഘർഷം രൂക്ഷം; റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു

ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തെ യുനെസ്കോ ശക്തമായി അപലപിച്ചു

Published

|

Last Updated

ടെഹ്‌റാൻ | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്റാഈലും അമേരിക്കയും അതിശക്തമായ ബോംബാക്രമണം തുടരുകയാണ്. തിരിച്ചടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ വർഷവും നടത്തുന്നു. ഇതിനിടെ, ആഗോള എണ്ണവ്യാപാരത്തിന്റെ നട്ടെല്ലായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചരയവും ഉണ്ടായിരിക്കുന്നു.

ആക്രമണ-പ്രത്യാക്രമണങ്ങള്‍ തുടരുന്നു

ആക്രമണ പരമ്പര തുടങ്ങി നാലാമത്തെ രാത്രി ഇറാനിലെ ഖോം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസംബ്ലി ഓഫ് എക്‌സ്‌പേട്‌സ് കെട്ടിടം യു എസ്-ഇസ്‌റാഈല്‍ ആക്രമണത്തിന് വിധേയമായി.

തിരിച്ചടിയായി ദുബൈയിലെ യു എസ് എംബസ്സിയും ഫുജൈറയിലെ ഒരു തുറമുഖവും ഇറാന്‍ ആക്രമിച്ചു.

ടെഹ്‌റാനിൽ കനത്ത ബോംബാക്രമണം; 787 മരണം

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ടെഹ്‌റാൻ നഗരത്തിൽ തുടർച്ചയായ സ്ഫോടനങ്ങളാണ് കേൾക്കുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഔദ്യോഗിക ടെലിവിഷൻ കോംപ്ലക്സ് (IRIB), ഇറാന്റെ നിർണ്ണായക രാഷ്ട്രീയ സമിതിയായ എക്സ്പിഡിയൻസി കൗൺസിൽ കെട്ടിടം എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടന്നു. ടെഹ്‌റാൻ കൂടാതെ ഖോം, കരജ് നഗരങ്ങളിലും ബോംബാക്രമണം രൂക്ഷമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഇറാനിൽ മാത്രം 787 ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം; പ്രവാസികൾക്ക് ജാഗ്രത

സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതിനെത്തുടർന്ന് റിയാദ്, ജിദ്ദ, ദഹ്റാൻ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാരോട് വീടിനുള്ളിൽ തന്നെ കഴിയാൻ എംബസി നിർദ്ദേശം നൽകി. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലും പുതിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചു; വിമാനങ്ങൾ തിരിച്ചുവിട്ടു

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക്  ഇറാൻ അടച്ചു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അപകടത്തിലായതോടെ വിമാനങ്ങൾ കൂട്ടത്തോടെ തിരിച്ചുവിട്ടു. അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങൾ മസ്‌കറ്റിലേക്കും, ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം മുംബൈയിലേക്കും തിരിച്ചുവിട്ടു. റിയാദിലേക്കുള്ള വിമാനങ്ങളും യാത്ര പാതിവഴിയിൽ നിർത്തി തിരികെ പോയി.

കുവൈത്തിലും യുഎഇയിലും ഇറാൻ ആക്രമണം

കുവൈത്തിലെ അമേരിക്കൻ സൈനിക താവളമായ ആരിഫ്ജാൻ ബേസിന് (Arifjan Base) നേരെ ഇറാൻ 10 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഓസ്‌ട്രേലിയൻ സൈനികർ ഉണ്ടായിരുന്നുവെങ്കിലും അവർ സുരക്ഷിതരാണെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി അറിയിച്ചു. ഇറാഖിലെ അർബീലിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന ഹോട്ടലിന് നേരെയും ഡ്രോൺ ആക്രമണം നടന്നു.

ലബനനിൽ ഹിസ്ബുല്ല ടിവി സ്റ്റേഷൻ ബോംബിട്ടു

ബെയ്റൂട്ടിലെ ഹിസ്ബുല്ല അനുകൂല ചാനലായ അൽ മനർ ടിവിയുടെ ആസ്ഥാനം ഇസ്രായേൽ ബോംബിട്ട് തകർത്തു. ലബനനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേർ കൊല്ലപ്പെട്ടു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് തലവനെയും ഹിസ്ബുല്ലയുടെ ഇന്റലിജൻസ് വിഭാഗം തലവനെയും വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ദക്ഷിണ ലബനനിലെ 30 ഗ്രാമങ്ങളിലുള്ളവരോട് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു.

ഐക്യരാഷ്ട്രസഭയുടെ പ്രതിഷേധം

ശനിയാഴ്ച ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തെ യുനെസ്കോ (UNESCO) ശക്തമായി അപലപിച്ചു. 160-ലധികം വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ഈ സംഭവം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ വ്യക്തമാക്കി.

ഖത്തറിലെ ഉത്പാദന നിയന്ത്രണം: ഇന്ത്യൻ വ്യവസായ മേഖലയിലേക്കുള്ള ഗ്യാസ് വിതരണത്തിൽ കുറവ്

ഡ്രോൺ ആക്രമണത്തെത്തുടർന്ന് ലോകത്തെ പ്രമുഖ എൽ എൻ ജി ഉത്പാദകരായ ഖത്തർ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചതോടെ ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങൾക്കുള്ള പ്രകൃതിവാതക വിതരണത്തിൽ കുറവ് വരുത്തി. ഖത്തറിൽ നിന്നുള്ള വിതരണത്തിൽ കുറവുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് ഇന്ത്യൻ കമ്പനികളുടെ ഈ നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ നാലാമത്തെ വലിയ എൽ എൻ ജി ഇറക്കുമതി രാജ്യമായ ഇന്ത്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയാണ് ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത്. ഖത്തറിൽ നിന്നുള്ള എൽ എൻ ജി വാങ്ങുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

അമേരിക്കയുടെ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന

അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങളെ ചൈന ശക്തമായി അപലപിച്ചു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ആവശ്യപ്പെട്ടു.
ചർച്ചകൾ നടന്നുകൊണ്ടിരിക്കെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ആണവോർജ്ജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശത്തെ ബെയ്ജിംഗ് മാനിക്കുന്നുവെന്നും ആണവ പ്രശ്നത്തിന് നയതന്ത്രപരമായ പരിഹാരമാണ് കാണേണ്ടതെന്നും ചൈന വ്യക്തമാക്കി.

ഫുജൈറ തുറമുഖത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം

യു എ ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ചാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. എമർജൻസി വിഭാഗം അതിവേഗം ഇടപെട്ടതായും ഫുജൈറ അധികൃതർ എക്സ് (X) പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി.

ക്ഷമയുടെ കാലം കഴിഞ്ഞുവെന്ന് ഹിസ്ബുല്ല

ഇസ്റാഈലിന്റെ ആക്രമണങ്ങൾ പ്രതിരോധത്തിന്റെ പാതയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലാണ് ഹിസ്ബുല്ലയെ എത്തിച്ചിരിക്കുന്നതെന്ന് സംഘടനയുടെ മുതിർന്ന നേതാവ് മഹ്മൂദ് ഖമാത്തി പറഞ്ഞു. ഇസ്റാഈൽ ആഗ്രഹിക്കുന്നത് തുറന്ന യുദ്ധമാണെങ്കിൽ അത് അങ്ങനെ തന്നെയാകട്ടെ എന്നും ക്ഷമയുടെ കാലം അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്റാഈലിൽ ഇറാൻ മിസൈൽ പതിച്ചു

മധ്യ ഇസ്റാഈലിലെ പെറ്റാ ടിക്വ നഗരത്തിൽ ഇറാനിയൻ മിസൈൽ പതിച്ചതായി ഇസ്റാഈൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു. മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇസ്റാഈൽ വ്യക്തമാക്കി.

 

Latest