Articles
രാഷ്ട്രീയ മനുഷ്യൻ
ഉണ്ണികൃഷ്ണനെ പോലുള്ള ദേശീയ നേതാക്കള്‍ ഭരണഘടനയുടെ ന്യൂനപക്ഷ പരിരക്ഷാ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ എത്രത്തോളം ബദ്ധശ്രദ്ധരായിരുന്നുവെന്ന് നാം ഓര്‍ക്കണം. വി പി സിംഗ് മന്ത്രിസഭ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കെന്ന പോലെ ന്യൂനപക്ഷങ്ങള്‍ക്കും വലിയ പ്രത്യാശ നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെട്ട വി പി സിംഗിന്റെ മന്ത്രിസഭയാണ് നബിദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നത്.
അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യയുടെ രാഷ്ട്രീയ രംഗത്തും മതനിരപേക്ഷ ജനാധിപത്യ ആശയരംഗത്തും ഉജ്വല പ്രകാശം പരത്തിയ ദേശീയ നേതാവിനെയാണ് കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. ലോഹ്യയില്‍ നിന്നും നെഹ്റുവില്‍ നിന്നും രാഷ്ട്രീയാദര്‍ശങ്ങളുടെയും ജനാധിപത്യ സാമൂഹിക നിര്‍മിതിയുടെയും ആശയസ്വാധീനം നേടിയെടുത്ത കെ പി ഉണ്ണികൃഷ്ണന്‍ മാധ്യമ രംഗത്തെ ഇടപെടലുകളിലൂടെയാണ് 1960കളോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരുമായി അടുക്കുന്നതും ബന്ധം സ്ഥാപിക്കുന്നതും. നെഹ്റുവിയന്‍ ആദര്‍ശങ്ങളുടേതായ ആധുനികതയുടെ ശക്തനായ വക്താവായിരുന്നു അദ്ദേഹം.
ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അരക്ഷിതരായിത്തീര്‍ന്ന പ്രവാസികളെ അവിടെ നിന്ന് നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെന്ന നിലക്ക് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. കുവൈത്തിലും ഇറാഖിലുമൊക്കെയുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വി പി സിംഗ് സര്‍ക്കാറില്‍ മന്ത്രിസഭാ ഉത്തരവാദിത്വമുണ്ടായിരുന്ന ഐ കെ ഗുജ്റാളിനൊപ്പം നിര്‍ണായകമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. യുദ്ധമുഖത്ത് നേരിട്ടുചെന്ന് അമേരിക്കയുടെ അധിനിവേശത്തിനെതിരെ പ്രതിരോധം തീര്‍ത്തിരുന്ന സദ്ദാം ഹുസൈനെ വരെ അദ്ദേഹം കാണുകയുണ്ടായി.
ബാബരി മസ്ജിദിനെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ നടത്തിയ വര്‍ഗീയവത്കരണ നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടാണ് കെ പി ഉണ്ണികൃഷ്ണന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. രാജീവ് ഗാന്ധി സര്‍ക്കാറിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളെ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം എതിര്‍ത്തിരുന്നു. അദ്വാനിയുടെ രഥയാത്രയെയും കര്‍സേവകരോട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സ്വീകരിച്ച മൃദുസമീപനത്തെയുമെല്ലാം വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം ചോദ്യംചെയ്തിരുന്നു. നെഹ്റുവിയന്‍ സെക്യുലര്‍ നിലപാടുകളില്‍ ഉറച്ചുനിന്ന് ഹിന്ദുരാഷ്ട്ര വാദികള്‍ക്കെതിരെ, അവരുടെ വര്‍ഗീയവത്കരണ നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരമായി സംസാരിച്ചുകൊണ്ടിരുന്നു. ഉണ്ണികൃഷ്ണനെപോലുള്ള ദേശീയ നേതാക്കള്‍ ഭരണഘടനയുടെ ന്യൂനപക്ഷ പരിരക്ഷാ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ എത്രത്തോളം ബദ്ധശ്രദ്ധരായിരുന്നുവെന്ന് നാം ഓര്‍ക്കണം. വി പി സിംഗ് മന്ത്രിസഭ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കെന്നപോലെ ന്യൂനപക്ഷങ്ങള്‍ക്കും വലിയ പ്രത്യാശ നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെട്ട വി പി സിംഗിന്റെ മന്ത്രിസഭയാണ് നബിദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നത്.
1971 മുതല്‍ 1996 വരെ, അതായത് കാല്‍നൂറ്റാണ്ടുകാലം അദ്ദേഹം തുടര്‍ച്ചയായി വടകരയെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവബഹുലമായ കാല്‍നൂറ്റാണ്ടുകാലം പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സിന്റെയും പിന്നീട് കോണ്‍ഗ്രസ്സ്‌വിരുദ്ധ മതനിരപേക്ഷ സാമൂഹികനീതി രാഷ്ട്രീയത്തിന്റെയും പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം തിളങ്ങിനിന്നു. പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ വഴികളിലേക്ക് കെ പി ഉണ്ണികൃഷ്ണനെ എത്തിച്ചത് അദ്ദേഹത്തിന്റെ മതനിരപേക്ഷ സോഷ്യലിസ്റ്റ് വീക്ഷണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കിയത് ഡോ. രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങളായിരുന്നു. ലോഹ്യയുടെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളായിരുന്നു കെ പി ഉണ്ണികൃഷ്ണന്‍.
നെഹ്റുവിന്റെ നിലപാടുകളും ഒരു ആധുനിക രാഷ്ട്രമെന്ന നിലക്ക് ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നെഹ്റുവിന്റെ അനിഷേധ്യമായ പങ്കുമെല്ലാം ഉണ്ണികൃഷ്ണന്റെ വീക്ഷണങ്ങളെ വലിയ രീതിയില്‍ തന്നെ സ്വാധീനിച്ചിരുന്നു. ലോഹ്യയില്‍ നിന്ന് ഉണ്ണികൃഷ്ണനെ അകറ്റുന്നതും കോണ്‍ഗ്രസ്സിലേക്കെത്തിക്കുന്നതും നെഹ്റുവിയന്‍ നയങ്ങളോട് ലോഹ്യ വെച്ചുപുലര്‍ത്തിയ എതിര്‍പ്പായിരുന്നുവെന്നതും ഉണ്ണികൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ലോഹ്യയുടെ സാമൂഹികനീതി രാഷ്ട്രീയത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ തന്നെയാകാം പില്‍ക്കാലത്ത് വി പി സിംഗിനൊപ്പം നിന്ന് മണ്ഡല്‍ കമ്മീഷനും പിന്നാക്ക സംവരണത്തിനും വേണ്ടി വാദിക്കുന്നതില്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ലോഹ്യയുമായി പിരിഞ്ഞ ഉണ്ണികൃഷ്ണനെ പിന്നീട് കോണ്‍ഗ്രസ്സുമായി അടുപ്പിക്കുന്നത് ഇന്ദിരാ ഗാന്ധിയായിരുന്നു.
ഡല്‍ഹിയില്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന് ഇന്ദിരാ ഗാന്ധിയുമായി നല്ല അടുപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിലെ വലതുപക്ഷ നിലപാടുകളോടേറ്റുമുട്ടിക്കൊണ്ട് ഇന്ദിരാ ഗാന്ധി നടപ്പാക്കിയ ബേങ്ക് ദേശസാത്കരണം, പാറ്റന്റ് നിയമം തുടങ്ങിയവക്കെല്ലാം ഉണ്ണികൃഷ്ണനെ പോലുള്ളവര്‍ ബൗദ്ധിക പിന്തുണ നല്‍കിയിരുന്നു. അക്കാലത്ത് എ കെ ജി ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പിന്തുണയും ഇന്ദിരാ ഗാന്ധിയുടെ ബേങ്ക് ദേശസാത്കരണമുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഉണ്ടായിരുന്നു. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇന്ദിരാ ഗാന്ധിക്ക് വലിയ പിന്തുണ നേടിക്കൊടുക്കുന്നതില്‍ കെ പി ഉണ്ണികൃഷ്ണന്റെ ഇടപെടലുകള്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു.
1969ല്‍ ഇന്‍ഡിക്കേറ്റും സിന്‍ഡിക്കേറ്റുമായി കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധിക്ക് വലിയ പിന്തുണ നേടിക്കൊടുത്ത ഡല്‍ഹിയിലെ മാതൃഭൂമി ലേഖകന്‍ കൂടിയായിരുന്നു കെ പി ഉണ്ണികൃഷ്ണന്‍. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയമുള്‍പ്പെടെയുള്ള സാഹചര്യത്തെ ഇന്ദിരക്കനുകൂലമായ അഭിപ്രായരൂപവത്കരണത്തിന്റെ അവസരമാക്കി മാറ്റുന്നതില്‍ നിര്‍ണായകമായ ഇടപെടല്‍ ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഗരീബി ഹഠാവോ ഉള്‍പ്പെടെയുള്ള ജനപ്രിയ മുദ്രാവാക്യങ്ങളുയര്‍ത്തി സോഷ്യലിസ്റ്റ് പരിവേഷവും ജനപിന്തുണയും ഉണ്ടാക്കിയെടുക്കുന്നതില്‍ ഇന്ദിരാ ഗാന്ധിക്ക് സഹായകരമായത് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയായിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് 1971ല്‍ കെ പി ഉണ്ണികൃഷ്ണന്‍ വടകരയില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായെത്തുന്നത്. കെ പി സി സി വടകരയില്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി ലീലാ ദാമോദര മേനോനായിരുന്നു. അവര്‍ക്കുവേണ്ടി വടകരയില്‍ വ്യാപകമായി തന്നെ ചുമരെഴുത്തുകള്‍ വരെ നടന്നിരുന്നു. 1971ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭിന്നിച്ചു നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വടകരയില്‍ തന്നെ ഉണ്ണികൃഷ്ണനെതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചത് അഡ്വ. എ വി രാഘവനായിരുന്നു. വടകരയിലെ സിറ്റിംഗ് എം പിയായിരുന്ന അരങ്ങില്‍ ശ്രീധരന്‍ തന്നെയായിരുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ഐക്യമില്ലായ്മയുടെ സാഹചര്യം കൂടി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്റെ വിജയത്തിന് സഹായകരമായി.
1975ലെ അടിയന്തരാവസ്ഥയും അത് രാജ്യത്താകെ സൃഷ്ടിച്ച ജനാധിപത്യ ധ്വംസനങ്ങളും ദേശീയതലത്തില്‍ ഇന്ദിരാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായി. ആ സാഹചര്യത്തിലും കേരളത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ വിധിയെഴുത്തുണ്ടായി. 1977ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍ തന്നെ വടകരയില്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന അരങ്ങില്‍ ശ്രീധരന്‍ പരാജയപ്പെടുകയും ചെയ്തു. പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇന്ദിരാ ഗാന്ധി ഒറ്റപ്പെടുകയായിരുന്നു. കോണ്‍ഗ്രസ്സില്‍ ഇന്ദിരാ ഗാന്ധിക്കെതിരെ ആഭ്യന്തരകലാപം തന്നെയുണ്ടായി. എ കെ ആന്റണിയും വയലാര്‍ രവിയും അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ദേവ്്രാജ് അരശും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കെ പി ഉണ്ണികൃഷ്ണനും ഇന്ദിരയെ കൈവിടുകയും കോണ്‍ഗ്രസ്സ്- എ എന്ന ഗ്രൂപ്പ് രൂപവത്കരിക്കുകയും ചെയ്തു.
1980ല്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സ്- എയുടെ സ്ഥാനാര്‍ഥിയായി ഉണ്ണികൃഷ്ണന്‍ വീണ്ടും വടകരയില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 1982ല്‍ ആന്റണി പക്ഷം കോണ്‍ഗ്രസ്സ് ഐയിലേക്ക് തിരിച്ചുപോയെങ്കിലും ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ എല്‍ ഡി എഫിന്റെ ഭാഗമായി തുടരുകയാണുണ്ടായത്. ഷണ്‍മുഖദാസും എ കെ ശശീന്ദ്രനും പി എം സുരേഷ്ബാബുവുമെല്ലാം ഉണ്ണികൃഷ്ണനൊപ്പം നിലയുറപ്പിച്ചു. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിയായി 1984ല്‍ വീണ്ടും വടകരയില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ മത്സരിച്ച് വിജയിച്ചു. ഇന്ദിരാ ഗാന്ധിയുടെ വധം സൃഷ്ടിച്ച വൈകാരികാന്തരീക്ഷത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നു. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷത്തിന്റെ നേതൃത്വ നിരയിലിരുന്ന് രാജീവ് ഗാന്ധി സര്‍ക്കാറിന്റെ ഹിന്ദുത്വാനുകൂല നിലപാടുകള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
ബോഫോഴ്സ് ഉള്‍പ്പെടെയുള്ള അഴിമതി കേസുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉണ്ണികൃഷ്ണന്‍ ക്വത്റോച്ചി- രാജീവ്- സോണിയ അച്ചുതണ്ടിനെതിരെ ആഞ്ഞടിച്ച് പാര്‍ലിമെന്റില്‍ തുടര്‍ച്ചയായ പ്രസംഗങ്ങള്‍ നടത്തി. ഇറ്റാലിയന്‍ രാസവള കുത്തകകളുമായുള്ള രാജീവ് സര്‍ക്കാറിന്റെ അവിഹിത ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലിമെന്റിന്റെ മുമ്പില്‍ കൊണ്ടുവന്നു. ഈയൊരു സാഹചര്യത്തിലാണ് രാജീവ് ഗാന്ധി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന വി പി സിംഗ് രാജിവെക്കുന്നതും അഴിമതിക്കെതിരായ പോരാട്ടത്തിന് രംഗത്തിറങ്ങുന്നതും. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ണികൃഷ്ണന്‍ വടകരയില്‍ മത്സരിക്കുകയും വി പി സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ക്യാബിനറ്റ് റാങ്കിലുള്ള വാര്‍ത്താവിനിമയ ഉപരിതല ഗതാഗത മന്ത്രിയാകുകയും ചെയ്തു.
കേരളത്തില്‍ നിന്നുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തിയ സംഭവമായിരുന്നു 1990ലെ ഇറാഖിന്റെ കുവൈത്ത് ആക്രമണവും തുടര്‍ന്നുള്ള യുദ്ധവും. ഒന്നര ലക്ഷത്തോളം മലയാളികള്‍ അന്ന് കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വി പി സിംഗ് മന്ത്രിസഭയിലെ രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി അംഗമായിരുന്ന ഉണ്ണിക്കൃഷ്ണന്‍ കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐ കെ ഗുജ്‌റാളിനെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ വി പി സിംഗ് മന്ത്രിസഭ ചുമതലപ്പെടുത്തുന്നത്. ഒരു ഘട്ടത്തില്‍ ഈ ദൗത്യം ഉണ്ണികൃഷ്ണന്‍ തന്നെ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. സദ്ദാം ഹുസൈനെ പിടികൂടാന്‍ യു എസ് സൈന്യം വലിയ രീതിയില്‍ കോപ്പുകൂട്ടിയ ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഉണ്ണികൃഷ്ണന്‍ ബാഗ്ദാദിലേക്ക് പോയത്. കേരള സര്‍ക്കാറിന്റെ പ്രതിനിധിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ടികെ ഹംസയും അദ്ദേഹത്തോടൊപ്പം പോയിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് കെ പി ഉണ്ണികൃഷ്ണന്‍ സദ്ദാമിനെ കണ്ടത്. മലയാളി അഭയാര്‍ഥികളെ സുരക്ഷിതമായി ജോര്‍ദാനിലെത്തിക്കാന്‍ സദ്ദാം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അമേരിക്കയുടെ ഒരു സഹായവും സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള സദ്ദാമിന്റെ നിബന്ധന ഉണ്ണികൃഷ്ണന്‍ അംഗീകരിച്ചു. ലോകം അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ അഭയാര്‍ഥി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഉണ്ണിക്കൃഷ്ണന് കഴിഞ്ഞു.
1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ച കെ പി ഉണ്ണികൃഷ്ണനെ കോലീബി മുന്നണിയുണ്ടാക്കി തോല്‍പ്പിക്കാനാണ് യു ഡി എഫും ബി ജെ പിയും നോക്കിയത്. അഡ്വ. എം രത്നസിംഗ് ആയിരുന്നു കോലീബിയുടെ സ്ഥാനാര്‍ഥിയായി ഉണ്ണികൃഷ്ണനെതിരെ മത്സരിച്ചത്. ബി ജെ പിക്കും യു ഡി എഫിനും ഒറ്റ സ്ഥാനാര്‍ഥി. രാമജന്മഭൂമി മൂവ്മെന്റ് രാജ്യത്തെ കലാപ കലുഷിതമാക്കിക്കൊണ്ടിരുന്ന കാലത്താണ് കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും മുന്‍കൈയില്‍ പരസ്യമായ കോലീബി സഖ്യം അവതരിച്ചത് എന്നോര്‍ക്കണം. അത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെയെല്ലാം തിരഞ്ഞെടുപ്പ് യുദ്ധമുഖത്ത് നേരിട്ട് പരാജയപ്പെടുത്തിയ രാഷ്ട്രീയ ചരിത്രവും ഉണ്ണികൃഷ്ണന്റേതാണ് എന്ന് മതനിരപേക്ഷ വാദികള്‍ ഓര്‍മിക്കണം.






