Articles
ചരിത്രത്തിലേക്ക് ഒരു കുതിപ്പ്
ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്നതാണ്. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 'ഇന്‍ക്ലൂസീവ് സ്പോര്‍ട്സ്' ഒരുക്കിയും നമ്മുടെ തനത് ആയോധനകലയായ കളരിയെ മത്സര ഇനമാക്കിയും നമ്മള്‍ മാതൃകയാകുകയാണ്.

അറുപത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ തുടക്കം കുറിക്കുന്ന നിമിഷം അതീവ സന്തോഷകരമാണ്. ഒളിമ്പിക്സ് മാതൃകയില്‍ രണ്ടാം തവണ സംഘടിപ്പിക്കുന്ന ഈ മഹാമേള, ഇനി തിരുവനന്തപുരം കേരളത്തിന്റെ കായിക തലസ്ഥാനം കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
കായിക കേരളത്തിന്റെ ഭാവിയെഴുതാന്‍ ഏകദേശം 20,000ത്തോളം കായിക പ്രതിഭകളാണ് 12 സ്റ്റേഡിയങ്ങളിലായി 41 ഇനങ്ങളില്‍ മാറ്റുരക്കാന്‍ ഒത്തുചേരുന്നത്.
ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്നതാണ്. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ‘ഇന്‍ക്ലൂസീവ് സ്പോര്‍ട്സ്’ ഒരുക്കിയും നമ്മുടെ തനത് ആയോധനകലയായ കളരിയെ മത്സര ഇനമാക്കിയും നമ്മള്‍ മാതൃകയാകുകയാണ്. യു എ ഇയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി താരങ്ങളുടെ പങ്കാളിത്തവും ഈ മേളയുടെ മാറ്റുകൂട്ടുന്നു.
കായിക വിദ്യാഭ്യാസത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സെക്കന്‍ഡറി തലംവരെ കേരളത്തില്‍ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി എസ് സി ഇ ആര്‍ ടിയുടെ നേതൃത്വത്തില്‍ ആരോഗ്യ, കായിക വിദ്യാഭ്യാസ മേഖല പൂര്‍ണമായ നിലയില്‍ പരിഷ്‌കരണത്തിന് വിധേയമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ആരോഗ്യ, കായിക വിദ്യാഭ്യാസ ആക്ടിവിറ്റി ബുക്കുകളാണ് കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കി വിതരണം ചെയ്തിട്ടുള്ളത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായ ശക്തമായ ബദല്‍ മാര്‍ഗമായി കായികത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ ആണ് ഈ പുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഹാന്‍ഡ് ബുക്കുകള്‍ സമാന്തരമായി തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ സമഗ്ര കായിക ആരോഗ്യ പരിപോഷണത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഹെല്‍ത്തി കിഡ്സ് പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവനും എസ് ഐ ഇ ടിയുടെ നേതൃത്വത്തില്‍ ലഘു വീഡിയോകള്‍ തയ്യാറാക്കി നിലവില്‍ സംപ്രേഷണം ചെയ്തു വരുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യല്‍ സ്‌കൂളുകളിലും പഠിക്കുന്ന സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യ, കായിക വിദ്യാഭ്യാസം വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ വീഡിയോകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഏറ്റവും മികവോടു കൂടി നടക്കുന്ന ഇന്‍ക്ലൂസീവ് കായിക മേളയുടെ സ്പോര്‍ട്സ് മാന്വല്‍ തയ്യാറാക്കുകയും പരിഷ്‌കരിക്കുകയും ചെയ്തത് എസ് സി ഇ ആര്‍ ടി കേരളമാണ്. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ ആരംഭിച്ച ഈ ഘട്ടത്തില്‍ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് നിലവില്‍ അനുവദിച്ചിട്ടുള്ള രണ്ട് പീരിഡുകളില്‍ വിനിമയം ചെയ്യാന്‍ ഉതകുന്ന നിലയിലുള്ള പ്രത്യേക പാഠപുസ്തകം നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം അവസാനത്തോടു കൂടി തയ്യാറാക്കി വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു.