International
ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയില്‍ അടച്ചു പൂട്ടല്‍ തുടരും
11ാം തവണയാണ് ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്.

വാഷിങ്ടണ്‍|ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചു പൂട്ടല്‍ 21ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഎസില്‍ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്.
അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനിടുകയായിരുന്നു. 50-43 എന്ന വോട്ടുനിലയിലാണ് ഇത്തവണ ബില്‍ സെനറ്റില്‍ പരാജയപ്പെട്ടത്. ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും. അതിനാല്‍ ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത വിധത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും.
ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ചെലവുകളും ഫെഡറല്‍ ജോലികളും വെട്ടിക്കുറച്ചിട്ടുണ്ട്.