Kerala
വാളയാറിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ടക്കൊലപാതകം, അഞ്ചുപേര്‍ക്കെതിരെ കേസ്
ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.
പാലക്കാട്| പാലക്കാട് വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ബിഎന്‍എസ് 103 (2) പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറോടെ അട്ടപ്പള്ളത്തുവെച്ചാണ് സംഭവം. ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയില്‍ ആയ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. രാം നാരായണന്റെ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ഇയാള്‍ ജോലി തേടിയാണ് കേരളത്തില്‍ എത്തിയത്.
സംഭവത്തില്‍ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. രാം നാരായണന്റെ മൃതദേഹം ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. മര്‍ദനത്തില്‍ രാം നാരായണന്റെ ആന്തരിക അവയവങ്ങള്‍ക്കടക്കം പരുക്കേറ്റിട്ടുണ്ടെന്ന് വാളയാര്‍ പോലീസ് പറഞ്ഞു.

