National
വി ബി ജി റാം ജി തൊഴിലുറപ്പ് ബില്‍ രാജ്യസഭയും പാസ്സാക്കി
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ രാജ്യസഭയും പാസ്സാക്കിയത്.
ന്യൂഡല്‍ഹി| കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) വി ബി ജി റാം ജി ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ രാജ്യസഭയും പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്.
രാജ്യസഭയില്‍ അര്‍ധരാത്രിയോടെയാണ് ചര്‍ച്ചകള്‍ പൂര്‍ത്തിയായത്. ദരിദ്രരുടെ ക്ഷേമത്തില്‍ ബില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. പുതിയ ബില്ലിനെതിരെ ടിഎംസി എംപിമാര്‍ ധര്‍ണ നടത്തിയിരുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു. വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്കുശേഷം ഇന്നലെയാണ് ബില്‍ ലോക്‌സഭ പാസ്സാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസ്സാക്കിയത്.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയമാണിത്. ജനങ്ങളെ പിച്ചക്കാരനാക്കാനാണ് ബില്‍ എന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമെന്നും ബില്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്നും ഖര്‍ഗെ പറഞ്ഞു.

