Connect with us

Kerala

ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്പെന്‍ഷന്‍

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയെ അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

കൊച്ചി| സ്‌റ്റേഷനില്‍വച്ച് ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രന് സസ്‌പെന്‍ഷന്‍. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പ്രതാപചന്ദ്രന്‍. 2024 ജൂണ്‍ 20നു നടന്ന മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണ വിധേയമായിട്ടാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോള്‍ക്കാണ് പോലീസിന്റെ മര്‍ദനമേറ്റത്. പൊതുസ്ഥലത്തെ പോലീസ് മര്‍ദനം മൊബൈലില്‍ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തിരക്കിയാണ് ഗര്‍ഭിണിയായ ഷൈമോള്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ അവിടേയ്ക്ക് വന്ന എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ ഷൈമോളുടെ നെഞ്ചത്ത് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു.

മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പൊതു സ്ഥലത്തുവച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് ഷൈമോളുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതു കണ്ട പോലീസുകാര്‍ ഇയാളെ പിടികൂടി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഷൈമോള്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം.

ഒരു വര്‍ഷത്തോളം നിയമപോരാട്ടം നടത്തിയതിനെത്തുടര്‍ന്നാണ് പോലീസ് മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത്. കുടുംബം പരാതി നല്‍കിയപ്പോള്‍ യുവതി എസ്എച്ച്ഒയെ മര്‍ദിച്ചു എന്നാണ് പോലീസ് പറഞ്ഞത്. ഒടുവില്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കസ്റ്റഡി മര്‍ദ്ദന ദൃശ്യങ്ങള്‍ നല്‍കിയത്.

 

 

Latest