Connect with us

Kerala

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്; കേസെടുക്കില്ല

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം| പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്. പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസിന് നിര്‍ദേശം നല്‍കി. പാരഡി പാട്ട് നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു. അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. പാട്ട് തയ്യാറാക്കിയവരെ പ്രതിചേര്‍ത്തായിരുന്നു കേസെടുത്തത്.

പാരഡി ഗാനം പിന്‍വലിക്കണം. ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടത്. പാട്ട് ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കാട്ടി സിപിഎമ്മും രംഗത്തെത്തിയിരുന്നു.

ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. കൃത്യമായ തെളിവുകള്‍ ഇല്ലാതെ തുടര്‍ നടപടിക്ക് മുതിര്‍ന്നാല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

മുഖ്യമന്ത്രിയുടെ ഫോട്ടോ പാരഡിക്കൊപ്പം ചേര്‍ത്തതില്‍ ഗൂഢാലോചന സംശയിച്ചിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ തേടി പോലീസ് മെറ്റയ്ക്ക് കത്തയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിലും തുടര്‍നീക്കങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് നിര്‍ദേശം. അതിനിടെ കോടതി നിര്‍ദേശം നല്‍കാതെ പാട്ട് നീക്കം ചെയ്യുന്നത് തെറ്റാണെന്നും ഇവ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മെറ്റയ്ക്ക് കത്തയച്ചിരുന്നു.

 

 

Latest