Kerala
സര്‍ക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രൂവറിക്ക് നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി
കാര്യമായ പഠനം നടത്താതെ തിടുക്കപ്പെട്ടാണ് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് കോടതി
കൊച്ചി|പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി. വിശദമായ പഠനം നടത്താതെ തിടുക്കപ്പെട്ടാണ് ഒയാസിസ് കമ്പനിക്ക് സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി റദ്ദാക്കിയത്. വിശദമായ പഠനം നടത്തിയശേഷം സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ തീരുമാനം നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹരജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
എലപ്പുള്ളി ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടെ കമ്പനിക്കായി വലിയ തോതില്‍ ജലം എടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. 2025 ജനുവരി 16നാണ് എലപ്പുള്ളി ബ്രൂവറിക്ക് സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയത്.



